

തിരുവനന്തപുരം: എംഎസ്‌സി കമ്പനിയുമായുള്ള വിഴിഞ്ഞം പോര്‍ട്ടിന്റെ ഓഹരി കൈമാറ്റത്തില്‍ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. അദാനി ഗ്രൂപ്പിന് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രേഖാമൂലം ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നാണ് തുറമുഖ വകുപ്പിന്റെ മറുപടി. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി വിശദീകരണ കത്തോ കാരണം കാട്ടിക്കല്‍ നോട്ടീസോ നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് വിവരാവകാശപ്രകാരം മറുപടി ലഭിച്ചത്.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് വാര്‍ത്താ മാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിന്റെയോ തുറമുഖ വകുപ്പിന്റെയോ മുന്‍കൂര്‍ അനുമതി തേടികൊണ്ട് അദാനി ഗ്രൂപ്പ് കത്തോ അപേക്ഷയോ നല്‍കിയിട്ടുണ്ടായിരുന്നോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍ ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് വാര്‍ത്താ മാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി സര്‍ക്കാരിന്റെയോ തുറമുഖ വകുപ്പിന്റെയോ മുന്‍കൂര്‍ അനുമതി തേടികൊണ്ടുള്ള അപേക്ഷയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരികള്‍ കൈമാറാന്‍ അദാനി ഗ്രൂപ്പിന് നിയമപരമായി അവകാശമുണ്ടോ കരാറിലെ ഏത് വകുപ്പ് പ്രകാരമാണ് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിന് കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഓഹരികള്‍ കൈമാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും വിവരാവകാശത്തില്‍ മറുപടി നല്‍കി.
തുറമുഖ വകുപ്പ് അണ്ടര്‍ സെക്രട്ടറി ബിജി ജോസഫ് നേരിട്ട് വിവരാവകാശ അപേക്ഷകനെ ഫോണിലും ബന്ധപ്പെട്ടു. പണം അടച്ചാല്‍ രേഖകള്‍ നല്‍കാം എന്ന് പറഞ്ഞതിനുശേഷം വിവരാവകാശം നല്‍കാന്‍ അസൗകര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. വിഴിഞ്ഞത്ത് അദാനി എംഎസ്‌സി ഓഹരികൈമാറ്റ നീക്കം സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള നീക്കത്തില്‍ അദാനിയെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Content Highlights: claim that the Chief Minister expressed displeasure to the Adani Group over Vizhinjam Port's share transfer deal with MSC has been disputed.