12 വയസുള്ള ഓട്ടിസം ബാധിതയായി ചമഞ്ഞ് 37കാരി; കബളിപ്പിച്ചത് നിരവധി കുടുംബങ്ങളെ, ഒടുവില്‍ അറസ്റ്റ്

പതിനാല് മാസത്തോളം ഇവര്‍ താമസിച്ച കുടുംബത്തിന്റെ വസതിയില്‍ നിന്നാണ് പൊലീസ് അമാന്‍ഡയെ അറസ്റ്റ് ചെയ്തത്

12 വയസുള്ള ഓട്ടിസം ബാധിതയായി ചമഞ്ഞ് 37കാരി; കബളിപ്പിച്ചത് നിരവധി കുടുംബങ്ങളെ, ഒടുവില്‍ അറസ്റ്റ്
dot image

ബ്രസീലിയ: ബ്രസീലില്‍ 12 വയസ് മാത്രം പ്രായമുള്ള ഓട്ടിസം ബാധിച്ച കുട്ടി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 37കാരി പിടിയില്‍. അമാന്‍ഡ മരിയ സൂസ ദേ ഒലിവേയ്‌റ എന്ന യുവതിയാണ് കുടുങ്ങിയത്. ഗബ്രിയേല്‍ എന്ന വ്യാജപേരിലായിരുന്നു ഇവരുടെ തട്ടിപ്പ്. ആള്‍മാറാട്ടത്തിനും ദത്തെടുക്കുന്ന കുടുംബങ്ങളെ വഞ്ചിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളിലായി സമാനമായ ഏഴ് തട്ടിപ്പുകളോളം യുവതി നടത്തിയതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരുടെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിട്ടതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനാല് മാസത്തോളം തട്ടിപ്പ് നടത്തി കഴിഞ്ഞ കുടുംബത്തിന്റെ വസതിയില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

തനിക്ക് ഓട്ടിസവും മറ്റ് അനാരോഗ്യവുമുണ്ടെന്ന് കാട്ടിയാണ് ഇവരുടെ തട്ടിപ്പ്. ഇത്തരത്തില്‍ പല കുടുംബങ്ങളുടെയും വിശ്വാസം ഇവര്‍ നേടിയെടുത്തിരുന്നു. കുട്ടിക്കാലത്ത് ഹോര്‍മോണുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് തന്റെ അമിതവളര്‍ച്ചയ്ക്ക് കാരണമെന്നാണ് ഇവര്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനായി കുട്ടികളുടെ മാനറിസങ്ങളും ഇവര്‍ പിന്തുടര്‍ന്നിരുന്നു. പാസിഫയറുകള്‍, ബേബി ബോട്ടിലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ഇവര്‍ ഉപയോഗിച്ചിരുന്നു. ദത്തെടുക്കാനിരുന്ന കുടുംബം ഇവരുടെ 12ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയാണ് കള്ളി വെളിച്ചത്തായത്.

സാവോ പോളോ, റിയോ ഡി ജനീറോ, മിനാസ് ജെറായിസ്, റിയോ ഗ്രാന്‍ഡേ ഡോ സുള്‍ ആന്‍ഡ് ഗോയിയാസ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവര്‍ മുമ്പ് തട്ടിപ്പ് നടത്തിയത്. ഒലിവേയ്‌റയെ സ്വന്തം മകളെ പോലെ പരിപാലിച്ച് വരികയായിരുന്നു ദമ്പതികള്‍. ഉടന്‍ തന്നെ ഔദ്യോഗികമായി ഇവരെ ദത്തെടുക്കാനും ദമ്പതികള്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല ഇവരുടെ അമിതവണ്ണം കുറയ്ക്കാനുള്ള ചികിത്സയും കുടുംബം ആരംഭിച്ചിരുന്നു. എന്നാല്‍ നിയമപരമായി ദത്തെടുക്കുന്നതിനോട് പ്രതിക്ക് താത്പര്യമില്ലായിരുന്നു. കൃത്യമായ രേഖകള്‍ ഇവരുടെ പക്കലില്ലാത്തതായിരുന്നു കാരണം.

ദമ്പതികളുടെ ബന്ധുക്കളില്‍ ഒരാള്‍ സംശയം തോന്നി ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോഴാണ് ഇവരുടെ തട്ടിപ്പ് പുറത്തായത്. ബ്രസീലില്‍ പലയിടങ്ങളില്‍ ഇവര്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ ഇതോടെ ദമ്പതികള്‍ക്ക് ലഭിച്ചു. സമാനമായ കേസുകളില്‍ ഇവര്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുന്നതായിരുന്നു പ്രതിയുടെ രീതി.

Content Highlights: A 37-year-old woman was arrested after allegedly presenting herself as a 12-year-old autistic girl and being adopted

dot image
To advertise here,contact us
dot image