ട്രംപ് കൈവിടുമോ? ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്

ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുന്നതായി ഇറാന്‍

ട്രംപ് കൈവിടുമോ? ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്
dot image

വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ യുദ്ധം തുടര്‍ന്നാല്‍ ഇസ്രയേല്‍ ഒറ്റപ്പെടുമെന്ന് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. 'ബിബി, നീ ശ്രദ്ധിക്കണം, അല്ലെങ്കില്‍ വളരെ പെട്ടെന്ന് തന്നെ നീ ഒറ്റയ്ക്കാകും', എന്ന് നെതന്യാഹുവിനോട് പറഞ്ഞെന്നാണ് ട്രംപിന്റെ പ്രതികരണം.

ഞായറാഴ്ച ഇറാനില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് വളരെ വൈകിയാണ് ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന സൂചനയാണ് നെതന്യാഹു നല്‍കുന്നത്. പുതിയ ആക്രമണത്തിന് പിന്നാലെ അഞ്ച് പ്രാദേശിക രാജ്യങ്ങള്‍ അദ്ദേഹത്തോട് വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പിന്മാറിയാല്‍ വെടിവെപ്പ് നിര്‍ത്താമെന്ന് പറഞ്ഞ് ഇറാനും തന്നെ സമീപിച്ചിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

അതേസമയം ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുന്നതായി ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ അതിശക്തമായ മറുപടിയാകും ഉണ്ടാകുകയെന്നാണ് ഇറാന്റെ ഉയര്‍ന്ന സൈനിക കമാന്‍ഡ് ആസ്ഥാനത്ത് നിന്നുള്ള പ്രതികരണം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാന്‍ എയര്‍പോര്‍ട്ട്സ് ആന്‍ഡ് എയര്‍ നാവിഗേഷന്‍ കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞരാത്രി രാജ്യത്തിന്റെ പശ്ചിമ മേഖലയിലെ വ്യോമപാത അടച്ചതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവും അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ഇറാന്‍ ഏപ്രില്‍ അവസാനത്തോടെ യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചത്. അതിനിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും സന്നദ്ധരാകണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.

Content Highlights: US President Donald Trump has issued a warning to Israeli Prime Minister Benjamin Netanyahu

dot image
To advertise here,contact us
dot image