പഴയ റെയില്‍വേ ടിക്കറ്റുകളുടെ വശങ്ങളില്‍ ദ്വാരങ്ങള്‍ കണ്ടിട്ടില്ലേ?; അത് എന്തിനായിരുന്നുവെന്ന് അറിയാമോ?

ഡിജിറ്റല്‍ ടിക്കറ്റ് യുഗത്തിന് മുന്‍പ് ട്രെയിന്‍ യാത്ര ചെയ്തിട്ടുളളവര്‍ക്ക് ഈ പേപ്പര്‍ ടിക്കറ്റുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല

പഴയ റെയില്‍വേ ടിക്കറ്റുകളുടെ വശങ്ങളില്‍ ദ്വാരങ്ങള്‍ കണ്ടിട്ടില്ലേ?; അത് എന്തിനായിരുന്നുവെന്ന് അറിയാമോ?
dot image

ജനാലയുടെ അരികിലിരുന്ന് പാടങ്ങളും അരുവികളും ആകാശകാഴ്ചകളും മനോഹരമായ പച്ചപ്പും ഒക്കെ ആസ്വദിച്ചുളള ട്രെയിന്‍ യാത്ര വളരെ രസകരമാണ്. ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് ട്രെയിന്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അക്കാലത്തെ ട്രെയിന്‍ ടിക്കറ്റുകളും നല്ല ഓര്‍മ്മ കാണും. രണ്ട് വശങ്ങളിലും നിരനിരയായി ദ്വാരങ്ങളുള്ള പേപ്പര്‍ ടിക്കറ്റുകള്‍. ഈ ടിക്കറ്റുകളിലെ ആ ദ്വാരങ്ങള്‍ പലരും ഒരു അലങ്കാരമാണെന്നാണ് കരുതിയത്. ശരിക്കും ഈ ദ്വാരങ്ങള്‍ക്ക് പിന്നില്‍ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. അതായത് വളരെ പ്രധാനപ്പെട്ട സാങ്കേതിക ഉപയോഗം.

old railway tickets

ദ്വാരങ്ങളെ 'സ്‌പ്രോക്കറ്റ് ഹോളുകള്‍' (Sprocket Holes)എന്നാണ് വിളിച്ചിരുന്നത്. കമ്പ്യൂട്ടറുകളും പ്രിന്ററുകളും വ്യാപകമാകുന്നതിന് മുന്‍പ് റെയില്‍വേ ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നത് ഡോട്ട്-മാട്രിക്‌സ് പ്രിന്ററുകള്‍ ഉപയോഗിച്ചാണ്.

റെയില്‍വേ ടിക്കറ്റുകള്‍ അച്ചടിക്കാനായി പേപ്പര്‍ ഷീറ്റുകളിലോ പേപ്പര്‍ റോളുകളോ ഉപയോഗിച്ചിരുന്നു. പ്രിന്റ് ചെയ്യുമ്പോള്‍ അച്ചടി തെറ്റാതെ അതിലെ വിവരങ്ങള്‍ കൃത്യമായി ലഭിക്കാനായി പേപ്പര്‍ ഒരേ വരിയില്‍ ഒരേ അകലത്തില്‍ നീങ്ങേണ്ടതുണ്ട്. ഇങ്ങനെ കൃത്യമായി പ്രിന്റ് ചെയ്‌തെടുക്കാനുള്ള എളുപ്പത്തിനായാണ് സ്‌പ്രോക്കറ്റ് ഹോളുകള്‍ നല്‍കിയിരുന്നത്.

old railway tickets

സ്പ്രോക്കറ്റ് ഹോളുകള്‍ പ്രിന്ററിന്റെ ഫീഡ് മെക്കാനിസത്തെ പേപ്പര്‍ ഇരുവശത്തുനിന്നും സുരക്ഷിതമായി പിടിക്കാനും അച്ചടി സമയത്ത് കൃത്യതയോടെ മുന്നോട്ട് നീക്കാനും സഹായിച്ചു. പേപ്പറുകളുടെ സുഗമവും ഏകീകൃതവുമായ ചലനം ഉറപ്പാക്കാന്‍ ഈ ദ്വാരങ്ങള്‍ സഹായിച്ചു.

പ്രിന്ററിനുള്ളിലെ ചെറിയ പല്ലുകളുള്ള ചക്രങ്ങള്‍ ഈ ദ്വാരങ്ങളില്‍ കൃത്യമായി ഘടിപ്പിച്ച് പേപ്പര്‍ മുന്നോട്ട് വലിക്കും. ഇതിലൂടെ പേപ്പര്‍ വഴുതി പോകാതെയും അച്ചടി തെറ്റാതെയും സൂക്ഷിച്ചു.

സാങ്കേതികവിദ്യ വികസിച്ചതോടെ ദ്വാരങ്ങള്‍ അപ്രത്യക്ഷമായി. ഇന്ത്യന്‍ റെയില്‍വേ പുതിയ ടിക്കറ്റ് സംവിധാനവും ആധുനിക പ്രിന്ററുകളും കൊണ്ടുവന്നു. നൂതന പ്രിന്റിംഗ് രീതികള്‍ക്ക് സ്‌പ്രോക്കറ്റ് -ഫെഡ് പേപ്പര്‍ ആവശ്യമില്ലാത്തതിനാല്‍ റെയില്‍വേ ടിക്കറ്റുകളില്‍നിന്ന് വശങ്ങളിലെ ദ്വാരങ്ങള്‍ ഇല്ലാതായി.

old railway tickets

പല യാത്രക്കാര്‍ക്കും ഇന്ന് ഈ ടിക്കറ്റുകള്‍ നൊസ്റ്റാള്‍ജിയ ആണ്. റെയില്‍വേ സ്‌റ്റേഷനില്‍ മാത്രമല്ല ബാങ്കുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളിലും ഡോട്ട്മാട്രിക് പ്രിന്ററുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒരു കാലഘട്ടത്തിലെ പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ ഓര്‍മ്മകളായി ഇവ ഇന്നും നിലനില്‍ക്കുന്നു.

Content Highlights : The use of holes on the sides of old railway tickets. Those who traveled by train before the digital ticket era will never forget these paper tickets.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image