വീണ്ടും ക്രൂഡ് ഓയില്‍ വില്‍പ്പന വില കുറച്ച് സൗദി അറേബ്യ : ഇന്ത്യയ്ക്കും ആശ്വാസിക്കാം

ഏഷ്യൻ വിപണിയിൽ ജൂൺ മാസത്തെ വിലയേക്കാൾ 3 മുതൽ 8 ഡോളർ വരെ കുറവുണ്ടാകുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു

വീണ്ടും ക്രൂഡ് ഓയില്‍ വില്‍പ്പന വില കുറച്ച് സൗദി അറേബ്യ : ഇന്ത്യയ്ക്കും ആശ്വാസിക്കാം
അജ്മല്‍ എം കെ
3 min read|09 Jun 2026, 06:35 pm
dot image

വിവിധ രാജ്യങ്ങൾക്കുള്ള ഔദ്യോഗിക വില്‍പ്പന വീണ്ടും വെട്ടിക്കുറച്ച് സൗദി അറേബ്യ. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ ഡിമാൻഡ് കുറയുന്ന പശ്ചാത്തലത്തില്‍ ഏഷ്യ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായി ജൂലൈ മാസത്തിൽ കയറ്റി അയക്കുന്ന എണ്ണയുടെ വിലയിലാണ് സൗദി കുറവ് വരുത്തിയത്. മിഡിൽ ഈസ്റ്റ് എണ്ണ വിപണിയിലെ പ്രീമിയം നിരക്കുകൾ ഇടിഞ്ഞതും ആവശ്യക്കാർ കുറഞ്ഞതുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

സൗദിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോ, തങ്ങളുടെ പ്രധാന കയറ്റുമതി ഇനമായ 'അറബ് ലൈറ്റ്' ക്രൂഡിന് ഏഷ്യൻ വിപണിയിൽ ബാരലിന് 6 ഡോളർ വരെയാണ് കുറച്ചത്. ഇതോടെ മിഡിൽ ഈസ്റ്റ് എണ്ണയുടെ മാനദണ്ഡമായ ഒമാൻ/ദുബായ് ശരാശരി വിലയേക്കാൾ ബാരലിന് 9.50 ഡോളർ പ്രീമിയം നിരക്കിലായിരിക്കും ജൂലൈയിൽ ഏഷ്യൻ രാജ്യങ്ങൾക്ക് എണ്ണ ലഭിക്കുക.

ഏഷ്യൻ വിപണിയിൽ ജൂൺ മാസത്തെ വിലയേക്കാൾ 3 മുതൽ 8 ഡോളർ വരെ കുറവുണ്ടാകുമെന്ന് എണ്ണ ശുദ്ധീകരണ ശാലകൾ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അതിനനുസരിച്ചുള്ള വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് മാസത്തിൽ ഒമാൻ/ദുബായ് ശരാശരിയേക്കാൾ റെക്കോർഡ് നിരക്കായ 19.50 ഡോളർ പ്രീമിയത്തിലായിരുന്ന അറബ് ലൈറ്റ് ക്രൂഡ്, ജൂൺ മാസത്തിൽ 4 ഡോളർ കുറച്ച് 15.50 ഡോളറിലെത്തിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി, ഏഷ്യൻ വിപണിയിലേക്കുള്ള മറ്റ് എല്ലാത്തരം ക്രൂഡ് ഗ്രേഡുകളുടെയും വിലയിലും ബാരലിന് 6 ഡോളറിന്റെ കുറവ് വരുത്തിയിട്ടുണ്ട്. ചൈന ഉൾപ്പെടെയുള്ള പ്രമുഖ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് വലിയ തോതിൽ ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണം. മെഡിറ്ററേനിയൻ, വടക്കുപടിഞ്ഞാറൻ യൂറോപ്പ് മേഖലകളിലേക്കുള്ള സൗദി ക്രൂഡിന്റെ വില ബെഞ്ച്മാർക്ക് നിരക്കായ 'ICE ബ്രെന്റ്' വിലയേക്കാൾ ബാരലിന് 10 ഡോളറോളമാണ് കുറച്ചത്. അതുപോലെ ജൂലൈ മാസത്തിൽ അമേരിക്കയിലേക്ക് പോകുന്ന സൗദി എണ്ണയ്ക്ക് ജൂണിനെ അപേക്ഷിച്ച് ASCI ബെഞ്ച്മാർക്കിനേക്കാൾ ബാരലിന് 2 ഡോളർ കുറവായിരിക്കും.

മേയ് മാസത്തിൽ വിപണിയിൽ എണ്ണ വാങ്ങാൻ ആളുകൾ കുറഞ്ഞതാണ് ജൂലൈയിലെ ഈ വിലക്കുറവിന് കാരണം. മേയ് മാസത്തിൽ ദുബായ്, ഒമാൻ എണ്ണകളുടെ പ്രീമിയം നിരക്കുകൾ വലിയ തോതിൽ ഇടിഞ്ഞിരുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയിലെ സാമ്പത്തിക മന്ദഗതിയും, വികസിത രാജ്യങ്ങൾ പലിശനിരക്കുകൾ ഉയർത്തി നിർത്തിയതും ആഗോളതലത്തിൽ ഇന്ധന ഉപഭോഗം കുറയാൻ കാരണമായി.

ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാൻ സൗദി നിർബന്ധിതരായത്. വിപണിയിലെ ഈ മാറ്റം വരും ദിവസങ്ങളിൽ അന്താരാഷ്ട്ര എണ്ണ വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കും. എണ്ണ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് സൗദിയുടെ ഈ തീരുമാനം വരും മാസങ്ങളിൽ വലിയ ആശ്വാസമാകും.

Content highlights: Saudi Arabia has once again lowered its official crude oil selling prices, offering potential relief to major importers such as India. The move could help reduce India's oil import bill and ease pressure on fuel-related costs, especially if global crude prices remain stable in the coming weeks.

dot image
To advertise here,contact us
dot image