തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

ഇസ്രയേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഐആര്‍ജിസി

തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു
dot image

ടെഹ്‌റാന്‍: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അടക്കം ആക്രമണം നടന്നു. താബ്രിസ്, ഇസ്ഫഹന്‍, കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ രണ്ട് ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹനില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഐആര്‍ജിസി അറിയിച്ചു. ടെഹ്‌റാനില്‍ നഗരപ്രദേശങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണം നടന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ മരണമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആക്രമണത്തെ തുടര്‍ന്ന് ടെഹ്‌റാനിലെ ഇമാം ഖൊമെയ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ടെഹ്‌റാനിലെ രണ്ട് വിമാനത്താവളങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇമാം ഖൊമെയ്‌നി വിമാനത്താവളം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ഏപ്രിലിലായിരുന്നു വീണ്ടും തുറന്നത്.

ഞായറാഴ്ചയായിരുന്നു ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ വടക്കന്‍ മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേലിനെതിരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അടക്കം വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമുള്ള ശക്തമായ ആക്രമണമായിരുന്നു ഇത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും മുന്നറിയിപ്പെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ഇറാന്‍ പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള തിരിച്ചടിയാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയവും പറഞ്ഞിരുന്നു. ഇറാനോ ലെബനനോ എതിരെ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലെബനനില്‍ ആക്രമണം നടത്താനാണ് തീരുമാനമെങ്കില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞിരുന്നു.

Content Highlights- Israel launched retaliatory airstrikes on Tehran following Iranian missile attacks, escalating tensions in the region

dot image
To advertise here,contact us
dot image