

സൈബർ തട്ടിപ്പുകളുടെ കാലമാണ് ഇപ്പോഴത്തേത്. ഏത് രൂപത്തിൽ എങ്ങനെയാണ് തട്ടിപ്പുകൾ നടക്കുക എന്ന് പറയാൻ വയ്യ. നമ്മളെ അത്രത്തോളം വിശ്വസിപ്പിച്ച്, ലക്ഷങ്ങൾ തൊട്ട് കോടികൾ വരെ തട്ടിക്കുന്ന സംഘങ്ങൾ സജീവമാണ്. എത്ര ബോധവത്കരണം നടത്തിയാലും ആളുകൾ ഇത്തരം തട്ടിപ്പുകളിൽ വീഴുകയും ചെയ്യും. ഇപ്പോളിതാ സൈബർ തട്ടിപ്പുകളെക്കുറിച്ച് ഏറ്റവും കൂടുതൽ ബോധവനായിരിക്കേണ്ട ഒരു ബാങ്ക് മാനേജറെത്തന്നെ തട്ടിപ്പുകാർ കബളിപ്പിച്ചിരിക്കുകയാണ്.
പൂനെയിലാണ് സംഭവം. 73 വയസുള്ള, വിരമിച്ച ഒരു ബാങ്ക് മാനേജറെയാണ് തട്ടിപ്പുകാർ കബളിപ്പിച്ചത്. ഓഹരി, ഡിജിറ്റൽ ഗോൾസ് സ്‌കീം നിക്ഷേപങ്ങളിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്തും മറ്റും 81 ലക്ഷം രൂപയാണ് ബാങ്ക് മാനേജറിൽ നിന്ന് തട്ടിപ്പുകാർ തട്ടിയെടുത്തത്. തട്ടിപ്പിനിരയായ വ്യക്തി പൂനെ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
2024 ഡിസംബറിനും ഇക്കൊല്ലം മാർച്ചിനും ഇടയിലാണ് സംഭവം. ബാങ്ക് മാനേജറുടെ ഫോണിൽ നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു സന്ദേശം വരികയാണ്. ഒരു സ്ത്രീയാണ് ഇത്തരത്തിൽ സന്ദേശം അയച്ചത്. ഇതിൽ വിശ്വസിച്ച ബാങ്ക് മാനേജർ തട്ടിപ്പുകാർ പറഞ്ഞ ആപ്പ് ഡൗൺലോഡ് ചെയ്യുകയും ഓഹരിയിലും ഡിജിറ്റൽ ഗോൾഡിലും മറ്റും ട്രേഡിങ്ങ് ആരംഭിക്കുകയും ചെയ്തു. സ്ത്രീ പറഞ്ഞ പ്രകാരം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഡി കാർഡ് വിവരങ്ങൾ തുടങ്ങി എല്ലാം നൽകി.
പിന്നാലെ 20000 രൂപ നിക്ഷേപിച്ച ബാങ്ക് മാനേജർക്ക് ആദ്യമെല്ലാം റിട്ടേൺ ലഭിച്ചുതുടങ്ങി. തട്ടിപ്പുകാർ വിശ്വാസ്യത നേടിയെടുക്കാൻ സ്വീകരിച്ച തന്ത്രം മാത്രമായിരുന്നു ഈ റിട്ടേൺ. പിന്നീട് ബാങ്ക് മാനേജറെക്കൊണ്ട് അവർ കൂടുതൽ പണം നിക്ഷേപിപ്പിച്ചു. 35% വരെ പ്രോഫിറ്റ് ഉണ്ടാകുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു. തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്കെല്ലാം അയാൾ പണം ട്രാൻസ്ഫർ ചെയ്‌തു. ഒന്നരക്കോടി രൂപയുടെ ലാഭം ഉണ്ടായെന്ന് തട്ടിപ്പുകാർ പറഞ്ഞപ്പോൾ അവ വീണ്ടും വിൽക്കാൻ ബാങ്ക് മാനേജർ ശ്രമിച്ചു. എന്നാൽ തട്ടിപ്പുകാർ ഇതിന് സമ്മതിച്ചില്ല. അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് അയാൾക്ക് മനസിലായത്.
സംഭവത്തിൽ പൂനെ സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തിവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. സാധാരണ ആളുകൾക്ക് അമളി പറ്റുന്നത് പോലെയല്ല, ഒരു ബാങ്ക് മാനേജർക്ക് തന്നെ അമളി പറ്റിയത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
Content Highlights: A 73-year-old retired bank manager in Pune lost ₹81 lakh in a digital gold and stock investment scam involving fake high-return schemes. Investigation underway.