ഹാൻ്റ വൈറസ് ബാധ: കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു; അതീവ സുരക്ഷയിൽ സ്പെയിൻ

സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്

ഹാൻ്റ വൈറസ് ബാധ: കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു; അതീവ സുരക്ഷയിൽ സ്പെയിൻ
dot image

മാഡ്രിഡ്: ഹാൻ്റ വൈറസ് ബാധയെത്തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങി കിടന്ന എംവി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ച് തുടങ്ങി. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലർച്ചെയാണ് കപ്പൽ നങ്കൂരമിട്ടത്.


സ്പെയിനിൽ നിന്നുള്ള യാത്രക്കാരാണ് ആദ്യം കപ്പിൽ നിന്ന് ഇറങ്ങിയത്. നെതർലാൻഡ്, ജർമ്മനി, ബെൽജിയം, അയർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അവരുടെ നാട്ടിലേക്ക് എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ നെബ്രാസ്കയിലെ മെഡിക്കൽ സെൻ്ററിൽ നിരീക്ഷണത്തിൽ വെയ്ക്കുമെന്നും സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യാത്രക്കാർക്ക് പ്രാദേശിക ജനതയുമായി സമ്പർക്കം ഉണ്ടാക്കാത്ത തരത്തില്‍ ചെറിയ ബോട്ടുകളിലാണ് കരിയിലേക്ക് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക വഹനങ്ങളിൽ ഇവരെ വിമാനത്താവളത്തിൽ എത്തിക്കും. കപ്പലിലെ ലഗേജുകൾ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, ചാർജർ, രേഖകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മാത്രമേ എടുക്കാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ ഒഴിപ്പിച്ചശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും.

കപ്പലിലെ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. നിലവിൽ കപ്പലിലുള്ള 140-ലധികം യാത്രക്കാരിലും ജീവനക്കാരിലും ആർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒന്നുമുതൽ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാൽ ഒഴിപ്പിക്കപ്പെട്ട യാത്രക്കാരെ നിശ്ചിത കാലയളവിൽ നിരീക്ഷണത്തിലാക്കാനാണ് വിവിധ രാജ്യങ്ങളുടെ തീരുമാനം.

Content Highlights: Passengers on the MV Hondias luxury cruise ship, which was stranded at sea for weeks due to a Hanta virus outbreak, have begun to be evacuated

dot image
To advertise here,contact us
dot image