

പാകിസ്താനിൽ നടക്കുന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എന്താവും ചർച്ചയുടെ ഭാവി എന്ന ചോദ്യം ഇതിനകം ഉയർന്നിട്ടുണ്ട്. ചർച്ചയിൽ തീരുമാനമായില്ലെന്ന അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ പ്രതികരമാണ് ചർച്ചയുടെ ഭാവി സംബന്ധിച്ച് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ ഇറാനുമായി അമേരിക്ക കരാറിലെത്തിയിട്ടില്ലെന്നും തീരുമാനമാകാതെ മടങ്ങുന്നുവെന്നുമായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം.
അമേരിക്കയേക്കാള്‍ ഇറാനെ സംബന്ധിച്ച് അതൊരു മോശം വാര്‍ത്തയാണെന്നാണ് ഞാന്‍ കരുതുന്നതെന്ന ഈ ഘട്ടത്തിലെ ജെ ഡി വാൻസിൻ്റെ പ്രതികരണത്തിനും വലിയ പ്രധാന്യമുണ്ട്. അതിനാൽ തന്നെ അമേരിക്ക-ഇറാൻ സമാധാന ചർച്ചകളുടെ ഭാവി എന്തെന്ന അനിശ്ചിതത്വം കൂടിയാണ് ജെ ഡി വാൻസിൻ്റെ പ്രതികരണത്തിന് ശേഷം ഉയർന്നിരിക്കുന്നത്. ഇതിനിടെ അമേരിക്കയുടെ കടുംപിടുത്തമാണ് ചർച്ചകളിൽ തീരുമാനമാകാത്തതിന് കാരണമെന്ന നിലപാടിലാണ് ഇറാൻ. ചര്‍ച്ചയില്‍ നിന്ന് പുറത്ത് പോകാന്‍ അമേരിക്ക ഒരു ഒഴികഴിവ് തേടുകയായിരുന്നുവെന്നും അടുത്ത ഘട്ട ചര്‍ച്ചയ്ക്ക് ഇറാന്‍ പദ്ധതിയിടുന്നില്ലെന്നും ചർച്ചയിൽ പങ്കെടുത്ത ഇറാനിയൻ സംഘത്തെ ഉദ്ധരിച്ച് വാർത്തകൾ വരുന്നുണ്ട്.
1979ലെ ഇറാനിയൻ വിപ്ലവത്തിന് ശേഷം ആദ്യമായാണ് അമേരിക്കയും ഇറാനും തമ്മിൽ ഇത്രയും ഗൗരവമായ ഒരു ചർച്ചയ്ക്ക് മുഖാമുഖം ഇരിക്കുന്നത്. പാകിസ്താനിൽ നടക്കുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ച അതിനാൽ തന്നെ ഭൗമരാഷ്ട്രീയത്തെ സംബന്ധിച്ചും നിർണ്ണായകമായാണ് കണക്കാക്കപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് തന്നെയാണ് ചർച്ചകളുടെ കേന്ദ്രബിന്ദു എന്ന നിലപാടിലാണ് ഇറാൻ. എന്നാൽ ഹോർമുസ് തങ്ങൾക്കൊരു വിഷയമല്ല എന്ന മുൻനിലപാട് ആവർത്തിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെക്കാൾ റഷ്യയും ചൈനയും അടക്കമുള്ള ലോകരാജ്യങ്ങൾക്കാണ് ഹോർമുസ് പ്രധാനമെന്ന നിലപാടും അമേരിക്കൻ പ്രസിഡൻ്റ് ആവർത്തിച്ചു. അപ്പോഴും പാകിസ്താനിൽ നടക്കുന്ന ചർച്ചകളുടെ കേന്ദ്രബിന്ദു ഹോർമുസ് തന്നെയാണ് എന്നാണ് ഇതിനകം പുറത്ത് വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിനിടെ ഇറാൻ്റെ ഇസ്ലാമിക് ഗാർഡ്സ് ഹോർമുസിൽ സ്ഥാപിച്ചിരിക്കുന്ന മൈനുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പാകിസ്താനിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാവിയെ സംബന്ധിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഐആർജിസി ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്നതിനായി രണ്ട് കപ്പലുകൾ ഹോർമുസിലൂടെ കടന്ന് പോയതാണ് അമേരിക്കൻ മിലിട്ടറി കമാൻഡ് അവകാശപ്പെടുന്നത്. യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ, യുഎസ്എസ് മൈക്കൾ മർഫി എന്നീ രണ്ട് ഡിസ്ട്രോയറുകൾ ഹോർമുസ് വഴി കടന്ന് പോയതാണ് അമേരിക്കയുടെ അവകാശവാദം. എന്നാൽ അമേരിക്കയുടെ അവകാശവാദം ഇറാൻ നിഷേധിച്ചിട്ടുണ്ട്. ഹോർമുസ് വഴിയുള്ള ഏത് കപ്പലുകളുടെ നീക്കവും ഇറാൻ്റെ നിരീക്ഷണത്തിലൂടെ ആയിരിക്കുമെന്നാണ് ഇറാൻ്റെ നിലപാട്. നിയന്ത്രണങ്ങളോടെ ഹോർമുസ് തുറന്നെന്ന് വ്യക്തമാക്കിയ ഐആർജിസി ഹോർമുസിലൂടെയുള്ള സൈനിക കപ്പലുകളുടെ നീക്കത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹോർമുസ് ഉപാധികളില്ലാതെ തുറന്ന് കൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിക്കുമോ എന്നതാണ് ചർച്ചയുടെ ഭാവിയെ നിർണ്ണയിക്കുന്നതെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ഹോർമുസിന് മേലുള്ള നിയന്ത്രണം അംഗീകരിക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാൻ്റെ നിലപാട്. യുദ്ധത്തിൽ നഷ്ടപരിഹാരം നൽകുക, ലെബനനിൽ അടക്കം മേഖലയിലുടനീളം വെടിനിർത്തൽ നടപ്പിലാക്കുക എന്നതാണ് ഇറാൻ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. ഖത്തർ അടക്കമുള്ള വിദേശരാജ്യങ്ങളിലെ ഇറാൻ്റെ സമ്പത്ത് നേരത്തെ മരവിപ്പിച്ചിരുന്നു. ഇത് വിട്ടുനൽകണമെന്ന ആവശ്യവും ചർച്ചയിൽ ഇറാൻ്റെ പ്രധാന ആവശ്യമാണ്.
അമേരിക്ക ഈ സ്വത്തുക്കൾ വിട്ടുനൽകാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഇറാൻ ചർച്ചകൾക്ക് മുന്നോടിയായി തന്നെ അവകാശപ്പെട്ടെങ്കിലും അമേരിക്ക അത് നിരാകരിച്ചിരുന്നു. ഹോർമുസ് വഴി കടന്ന് പോകുന്ന കപ്പലുകൾക്ക് ട്രാൻസിറ്റ് ഫീസ് ഏർപ്പെടുത്തുമെന്ന ഇറാൻ്റെ സമ്മർദ്ദം അവരുടെ മറ്റ് ആവശ്യങ്ങൾ നേടിയെടുക്കാനുള്ള സമ്മർദ്ദ തന്ത്രമാണെന്നും വിദഗ്ധർ വിലയിരുത്തുന്നുണ്ട്. മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാൻ അമേരിക്ക തയ്യാറായാൻ യുദ്ധത്തിന് മുമ്പുള്ള നിലയിൽ ഹോർമുസിലെ ചരക്ക് നീക്കം പുനഃസ്ഥാപിക്കാൻ ഇറാൻ തയ്യാറേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ സൈനിക കപ്പലുകൾ ഇതുവഴി കടന്ന് പോകാൻ സമ്മതിക്കില്ലെന്ന നിലപാടിൽ ഇറാൻ കടുംപിടുത്തം തുടർന്നേക്കും. ഹോർമുസ് വഴിയുള്ള ചരക്ക് നീക്കം ഇപ്പോഴും സ്തംഭനാവസ്ഥയിലാണെന്നാണ് സമുദ്രനീക്കങ്ങൾ നിരീക്ഷിക്കുന്ന ഡാറ്റകൾ വ്യക്തമാക്കുന്നത്. ചെറിയ രീതിയിലുള്ള ചരക്ക് നീക്കം ഹോർമുസ് വഴി നടക്കുന്നുണ്ടെങ്കിലും നൂറ് കണക്കിന് കപ്പലുകൾ ഇപ്പോഴും ഇതുവഴി കടന്ന് പോകുന്നതിനായി കാത്ത് കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനിടെ ഇറാനുമായുള്ള ചർച്ചകൾ അമേരിക്കയുടെ ആവശ്യമല്ലെന്ന നിലയിലുള്ള പ്രതികരണം ട്രംപ് ആവർത്തിക്കുന്നതും ചർച്ചകളുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇറാനുമായി വളരെ ആഴത്തിലുള്ള ചർച്ചകളിലാണ് അമേരിക്ക ഏർപ്പെട്ടിരിക്കുന്നതെന്നും ചർച്ചകൾ എങ്ങനെ അവസാനിച്ചാലും യുദ്ധം ജയിച്ചിട്ടുണ്ടെന്നുമാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ നിലപാട്. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ അമേരിക്കയെ ഇത്തരത്തിൽ ഒരു ചർച്ചയ്ക്ക് നിർബന്ധിതമാക്കാൻ സാധിച്ചത് വിജയമായാണ് ഇറാൻ കാണുന്നത്. യുദ്ധം അവസാനിക്കേണ്ടത് അമേരിക്കയുടെ കൂടെ ആവശ്യമാണ് എന്ന പ്രതീതി സൃഷ്ടിക്കാനും ഇറാനിയൻ നേതൃത്വം ശ്രമിക്കുന്നുണ്ട്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സമ്മർദ്ദം അമേരിക്കയ്ക്ക് മേലുണ്ട് എന്നതും വ്യക്തമാണ്. നാറ്റോയും മറ്റ് സഖ്യരാജ്യങ്ങളും ഇറാൻ യുദ്ധത്തിൽ അമേരിക്കയുമായി സഹകരിക്കുന്നില്ല. ഹോർമുസിൽ ഇടപെടാനും സഖ്യരാജ്യങ്ങൾ സന്നദ്ധമാകാത്തത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളും അമേരിക്കയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. യുദ്ധം നീണ്ട് പോകുന്ന സാഹചര്യത്തിൽ എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്ന സമ്മർദ്ദം ഗൾഫിലെ പങ്കാളികൾ അമേരിക്കയ്ക്ക് മേല്‍ ചെലുത്തുന്നുണ്ട്. മേഖലയിലെ സംഘർഷം ഊർജ്ജ വിതരണത്തിലും ഉത്പാദനത്തിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദ നീക്കം. ഊർജ്ജ ഉത്പാദനത്തിലും വിതരണത്തിലും നിലനിൽക്കുന്ന പ്രതിസന്ധി ഗൾഫ് രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഇറാനുമായി നടക്കുന്ന സമാധാന ചർച്ചകളിൽ ഏകപക്ഷീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാനുള്ള കടുംപിടുത്തം തുടരുമെങ്കിലും സംഘർഷം അവസാനിപ്പിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നതിനെ ആശ്രയിച്ചായിരിക്കും സമാധാന ചർച്ചകളുടെ അന്തിമധാരണ എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights:US-Iran peace talks in Islamabad are deadlocked as control over the Strait of Hormuz emerges as the biggest sticking point. With global oil supplies disrupted and shipping traffic near standstill, concerns grow over whether a lasting ceasefire can be reached amid ongoing tensions in the Middle East.