ഹോർമുസ് പഴയതുപോലെ ആയേക്കില്ലെന്ന് സൂചന; കപ്പലുകൾക്ക് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്

മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കരുതെന്ന് ഇറാൻ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

ഹോർമുസ് പഴയതുപോലെ ആയേക്കില്ലെന്ന് സൂചന; കപ്പലുകൾക്ക് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്
dot image

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് ഇറാൻ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. വെടിനിർത്തൽ കരാർ പ്രകാരം കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണം ഇറാൻ പരിമിതപ്പെടുത്തി. നിലവിൽ ഒരു ദിവസം പരമാവധി പതിനഞ്ച് കപ്പലുകൾ മാത്രമാണ് ഹോർമുസ് വഴി കടത്തിവിടുന്നതെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമമായ 'ടാസ്' റിപ്പോർട്ട് ചെയ്തു. ഇങ്ങനെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ കർശന മേൽനോട്ടം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഹോർമുസ് കടക്കാൻ ഓരോ കപ്പലിനും ഇറാന്റെ അനുമതി അത്യാവശ്യമാണ്. പ്രത്യേക പ്രോട്ടോക്കോളും ഉണ്ടാകും. ഐആർജിസിയുടെ മേൽനോട്ടത്തിലാകും കപ്പലുകൾ കടലിടുക്ക് കടക്കുക. യുദ്ധത്തിന് മുൻപുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ഹോർമുസ് മാറുന്നത് സാധ്യമല്ലെന്നും റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വെടിനിർത്തൽ കരാറിൽ ഇറാൻ ഒരു സാമ്പത്തിക വ്യവസ്ഥ കൂടി ചേർത്തിട്ടുണ്ട്. മരവിപ്പിക്കപ്പെട്ട ഇറാന്റെ വിദേശ ആസ്തികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർവസ്ഥിതിയിൽ ആക്കണമെന്നാണ് ആവശ്യം. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ യുദ്ധം അവസാനിച്ചു എന്നത് ഔദ്യോഗികമായി അംഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നത് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ കഴിഞ്ഞ 40 ദിവസമായി തങ്ങൾ ചെയ്തതുപോലെ, കൂടുതൽ തീവ്രതയോടെ, യുഎസിനും സയണിസ്റ്റ് ഭരണകൂടത്തിനുമെതിരെ പോരാട്ടം പുനരാരംഭിക്കാൻ തയ്യാറെടുക്കും എന്നാണ് ഇറാൻ്റെ നിലപാട്. വെടിനിർത്തൽ കാലയളവിനിടെ മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കരുതെന്നും ഇറാൻ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുറേനിയം സമ്പുഷ്‌ടീകരണത്തെ സംബന്ധിച്ചിടത്തോളം നേരത്തെ കൈമാറപ്പെട്ട കരാറിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണ് എന്നും ഇറാൻ പറഞ്ഞു.

രണ്ടാഴ്ചത്തെ താത്ക്കാലിക വെടിനിർത്തിലിനിടയിലും ഇറാനെതിരെ വീണ്ടും ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യഥാർത്ഥ കരാറിൽ ഏർപ്പെടുന്നത് വരെ ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈനിക സംവിധാനങ്ങൾ സംഘർഷ മേഖലയിൽ തുടരുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി. യുദ്ധക്കപ്പലുകളും, വിമാനങ്ങളും, സൈനികരും ഉൾപ്പെടെ എല്ലാ അവിടെ തന്നെയുണ്ടാകും. മാത്രമല്ല, ഹോർമൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്ന് നൽകുന്നതും ആണവ നിർവ്യാപനവും ട്രംപ് ഒരിക്കൽ കൂടി ചൂണ്ടികാട്ടിയിരുന്നു.ഇവയിൽ ഏതെങ്കിലും ലംഘിച്ചാൽ ഇതുവരെ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Content Highlights: Iran restricts ship movement through the Strait of Hormuz under a ceasefire deal, limiting vessels and raising global trade concerns.

dot image
To advertise here,contact us
dot image