

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിലെത്തിയത്. ചിത്രത്തിൽ ചെറിയ വേഷത്തിലെത്തി കയ്യടി നേടുകയാണ് ശ്രീനാഥ്. ജോണി സിന്‍സിന്റെ ലുക്കാണ് താൻ വാഴയിൽ എത്താൻ കാരണമെന്നും താനൊരു ആക്ടറല്ലെന്നും ശ്രീനാഥ് പറയുന്നു.
'ജോണി സിന്‍സിന്റെ ലുക്കുണ്ടെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇതാദ്യം പറയുന്നത് വിപിൻ ആണ്. ആ ലുക്ക് ഉള്ളത് കൊണ്ട് മാത്രം കിട്ടിയ വേഷമാണത്. ഞാൻ അങ്ങനെ ആക്ടർ ഒന്നുമല്ലല്ലോ. നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആ വേഷത്തിലൊരു ഡബിള്‍ മീനിംഗ് ഉപയോഗിച്ചിട്ടുണ്ട്. ജോണി സിന്‍സ് എന്ന ക്യാരക്ടര്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും അറിയണമെന്നില്ല. ജെന്‍സി അല്ലെങ്കില്‍ യങ്സ്റ്റേഴ്സിന് മനസിലാകുന്ന തരത്തിലാണ് പ്ലേയ്സ് ചെയ്തിരിക്കുന്നത്. ഒരിക്കല്‍ ഞാനും വിപിൻ ദാസും കൂടി തിരുവനന്തപുരത്ത് ഫുഡ് കഴിക്കാന്‍ പോയി. പോകും വഴി നിനക്ക് ജോണി സിന്‍സ് ലുക്കുണ്ടല്ലോന്ന് വിപിന്‍ ചോദിച്ചു. വാഴ 2ല്‍ അവര്‍ യുകെയില്‍ പോകുമ്പോള്‍ ഒരു പരിപാടിയുണ്ട്. അത് പിടിക്കാം എന്ന് പറഞ്ഞു. ഞാന്‍ കരുതിയത് തമാശയ്ക്ക് പറഞ്ഞതാണെന്നാണ്. പക്ഷേ അപ്പോള്‍ തന്നെ പുള്ളി നിര്‍മാതാക്കളുടെ ഗ്രൂപ്പില്‍ ഇടുന്നു. ഒക്കെ പറയുന്നു.

സ്ക്രിപ്റ്റായിട്ട് പറഞ്ഞ് കൊടുക്കുന്നു. വെറുതെ പറയുന്നതാകും ഫൈനലില്‍ കാണില്ലെന്ന് വിചാരിച്ചു. പക്ഷേ നവംബറില്‍ പാസ്പോർട്ടൊക്കെ ചോദിച്ചപ്പോള്‍ മനസിലായി സംഭവം സീരിയസ് ആണെന്ന്. ജോര്‍ജിയയില്‍ പോകുമ്പോള്‍ ടെന്‍ഷന്‍ ആയിരുന്നു. അസോസിയേറ്റ് പറഞ്ഞത് അതുപോലെ ചെയ്തു. ഫണ്ണിന് വേണ്ടി മാത്രം ആ ക്യാരക്ടറിനെ വയ്ക്കാതെ 'ജീവിതം ഒന്നല്ലേ ഒള്ളൂ അനിയാ, ജീവിക്കണ്ടേ' എന്ന ഡയലോഗ് കൊടുത്ത് കൂടുതൽ ജീവൻ നൽകി', ശ്രീനാഥിന്റെ വാക്കുകൾ.
സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്.
Content Highlights: Sreenath about his iconic role in Vaazha 2