

ദോഹ: ഖത്തറിലെ എൽഎൻജി പ്ലാന്‍റിന് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്ക. ഖത്തറിലെ റാസ് ലഫാൻ മേഖലയിലെ എൽഎൻജി പ്ലാന്റിനും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റി മേഖലയിലെ പ്ലാന്റുകൾക്കും നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഖത്തറിലെ ദ്രവീകൃത പ്രകൃതി വാകത(എൽഎൻജി) ശേഖരത്തിന്റെ 17 ശതമാനവും തകർക്കപ്പെട്ടുവെന്ന് ഖത്തർ പെട്രോളിയം വകുപ്പ് മേധാവി സാദ് ഷെരീദ അൽ കാബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അറ്റകുറ്റപ്പണികൾക്കായി മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയം എടുത്തേക്കുമെന്നും ഇതിനാൽ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസപ്പെടുമെന്നും ഖത്തർ വ്യക്തമാക്കിയതോടെയാണ് ആശങ്ക കടുത്തത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും എത്തുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണ് ഖത്തറിലെ റാസ് ലഫാൻ.
ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്യൻ രാജ്യങ്ങളെയും പ്രതിസന്ധി ബാധിക്കുമെന്ന് അൽ കാബി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിലുണ്ടായ കേടുപാടുകൾക്ക് പിന്നാലെ ഇറ്റലി, ബെൽജിയം, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലേക്കുള്ള എൽഎൻജി വിതരണത്തിൽ നിയന്ത്രണം പ്രഖ്യാപിക്കാനുള്ള സാധ്യതയും അൽ കാബി മുന്നോട്ടുവെച്ചിരുന്നു. ലോകത്തിലെ എൽഎൻജി വിതരണത്തിൽ നിർണായക സ്വാധീനമുള്ള കേന്ദ്രമാണ് റാസ് ലഫാൻ. ആക്രമണം മൂലം ഖത്തറിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 2000 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായാണ് വിവരം.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതക പ്രതിസന്ധി രൂക്ഷമായ ഇന്ത്യയെ, ഖത്തറിലെ എൽഎൻജി കേന്ദ്രങ്ങളിലുണ്ടായ ആക്രമണം വലിയരീതിയിൽ ബാധിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ എൽഎൻജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നാലാമതാണ് ഇന്ത്യ. ഇന്ത്യയുടെ എൽഎൻജി ആവശ്യകതകളിൽ ഏകദേശം 41 ശതമാനവും ഖത്തറാണ് നിറവേറ്റുന്നത്.
2024 -25 കാലയളവിൽ ഇന്ത്യ 27 മില്ല്യൺ മെട്രിക് ടൺ എൽഎൻജിയാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 11.2 മില്ല്യൺ ടൺ ഖത്തറാണ് വിതരണം ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി, എൽഎൻജി പ്രതിസന്ധി കടുക്കുകയാണ് ഇതിനിടെയാണ് ഖത്തറിലെ ആക്രമണം ആശങ്ക ഉയർത്തുന്നത്.
Content Highlights: qatar's LNG Exports disrupted for five years in iran attack, these nations impacted