

വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ ജോ കെന്റ് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോ കെന്റിനെ വിമർശിച്ചാണ് ട്രംപിന്റെ പ്രതികരണം. സുരക്ഷാ കാര്യങ്ങളിൽ ജോ കെന്റിന്റെ നീക്കങ്ങൾ വളരെ ദുർലബമാണെന്നും അദ്ദേഹം രാജിവെച്ചത് നന്നായി എന്നുമാണ് ട്രംപിന്റെ പ്രതികരണം.
'ഞാൻ ചിന്തിക്കുകയായിരുന്നു സുരക്ഷാ കാര്യങ്ങളിൽ അയാൾ മോശമാണെന്ന്, മോശമെന്ന് വെച്ചാൽ വളരെ മോശം. അയാൾ പുറത്തുപോയത് നന്നായി എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇറാൻ ഒരുഭീഷണിയല്ലെന്ന് പറഞ്ഞ അയാൾ പുറത്താകുന്നത് തന്നെയാണ് നല്ലതെന്നാണ് ഞാൻ കരുതുന്നത്. അത്തരക്കാരെ നമുക്ക് ആവശ്യമില്ല. ഇറാൻ ഒരു ഭീഷണി തന്നെയാണ് അത് എല്ലാ രാജ്യങ്ങൾക്കും മനസിലായിട്ടുണ്ട്' എന്നായിരുന്നു ട്രംപിന്റെ പരാമർശം.
ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന് വേണ്ടി നടത്തുന്നതാണെന്നും അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചാണ് യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് മേധാവിയായ ജോ കെന്റ് രാജി വെച്ചത്. ഇറാൻ നമ്മുടെ രാജ്യത്തിന് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റെ സമ്മർദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ തനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നും കെന്റ് രാജി പ്രഖ്യാപിച്ച് എക്‌സിൽ കുറിച്ചിരുന്നു.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോകെന്റ്. 2025 ജൂലൈയിലാണ് അദ്ദേഹം ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റത്. യുഎസ് സൈന്യത്തിലും സിഐഎയിലും ജോ കെന്റ് പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: Donald Trump stated that Joe Kent was weak on security, making the remark in a political context in the United States