

ടെഹ്റാൻ: ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിലിൻ്റെ പ്രതികരണം. അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിൻ്റെ മകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അലി ലാരിജാനിയും ബാസിജ് ഫോഴ്‌സിൻ്റെ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അലി ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇതിനിടെ അലി ലാരിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ച നയരൂപീകരണ വിദഗ്ധൻ കൂടിയായിരുന്നു അലി ലാരിജാനി. ഒരു സൈനിക കമാൻഡറല്ലെങ്കിലും, ഇറാൻ്റെ തന്ത്രപരമായ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിൽ അലി ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷങ്ങളിൽ തീരുമാനം എടുക്കുന്നതിലും അലി ലാരിജാനിക്ക് നിർണ്ണായകമായ സ്വാധീനം ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുന്നതിലും ലാരിജാനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നു.
സൈനിക നേതൃത്വത്തിലെ പ്രമുഖരായ നിരവധി ഇറാനിയൻ ഉദ്യോഗസ്ഥരെ ഇതിനകം ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അലി ലാരിജാനിയുടെ കൊലപാതകം ഇറാൻ്റെ നേതൃഘടനയെ കൂടുതൽ ദുർബലമാക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്ക നേതൃത്വം നൽകുന്ന പാശ്ചാത്യ ചേരിക്ക് എതിരായി ശക്തമായ നിലപാട് സ്വീകരിച്ച നേതാവായാണ് അലി ലാരിജാനി കണക്കാക്കപ്പെടുന്നത്. ഇസ്ലാമിക പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തിയിരുന്ന ലാരിജാനി പ്രായോഗികവാദിയായ സമീപനം കൈക്കൊള്ളുന്ന നേതാവായാണ് അറിയപ്പെട്ടിരുന്നത്.
ഇതിനിടെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കനത്ത സുരക്ഷയുള്ള ഗ്രീൻ സോണിലെ യുഎസ് എംബസിക്ക് സമീപം ഉണ്ടായ സ്ഫോടന പരമ്പര അമേരിക്കയ്ക്ക് തിരിച്ചടിയായി. ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ പ്രതിസന്ധി തുടരുന്നതായാണ് റിപ്പോർട്ട്. ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ ജോ കെന്റ് രാജിവച്ചതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ഇറാൻ 'ആസന്നമായ ഭീഷണി ഉയർത്തുന്നില്ല' എന്ന് വ്യക്തമാക്കിയായിരുന്നു ജോ കെൻ്റിൻ്റെ രാജി. ഇതിനിടെ ബെയ്‌റൂട്ടിലെ മൂന്ന് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിൽ പുതിയ ആക്രമണങ്ങൾ നടത്തിയതായും ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്.
Content Highlights: Iran has officially confirmed the death of its top security chief and Supreme National Security Council Secretary, Ali Larijani, following an Israeli airstrike near Tehran. The killing, which also claimed the Basij force commander Gholamreza Soleimani, marks a major escalation in the ongoing Iran-Israel conflict. Larijani was one of Iran's most powerful figures and a key regime insider. Latest updates on the war and implications.