

റിയാദ്: സൗദി അറേബ്യയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഇല്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മരിച്ച രണ്ട് പേരും ബംഗ്ലാദേശ് പൗരന്മാരാണ്. പരിക്കേറ്റ 12പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും എംബസി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടുവെന്നാണ് കഴിഞ്ഞദിവസം സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
അല്‍ - ഖര്‍ജ് ഗവര്‍ണറേറ്റിലെ ജനവാസമേഖലയില്‍ ഒരു പ്രൊജക്‌റ്റൈല്‍ വീണതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണെന്നായിരുന്നു സൗദി സിവില്‍ ഡിഫന്‍സ് അപ്പോള്‍ അറിയിച്ചത്. സൗദിയിലെ അല്‍ ഖര്‍ജ് റസിഡന്‍ഷ്യല്‍ കെട്ടിടത്തിലായിരുന്നു ആക്രമണം. ഇതിലാണ് എംബസി വ്യക്തത വരുത്തിയിരിക്കുന്നത്.
ഒരു പ്രമുഖ ക്ലീനിങ് ആന്‍ഡ് മെയിന്റനന്‍സ് കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് മിസൈല്‍ അവശിഷ്ടം വീണത്. ജനവാസമേഖലകളെയും സിവില്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇത്തരം ആക്രമണം നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. പരിക്കേറ്റവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുഎസ്, ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം പത്താം ദിവസവും അയവില്ലാതെ തുടരുകയാണ്.

അതേസമയം ഇറാനില്‍ സയ്ദ് മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ്. മുജ്തബയുടെ നിയമനത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് വമ്പന്‍ ജനക്കൂട്ടം തെരിവില്‍ ഒത്തുകൂടിയിരുന്നു. ഐആര്‍ജിസിയും ജനറല്‍ സ്റ്റാഫ് ഒഫ് ആര്‍മ്ഡ് ഫോഴ്‌സും പിന്തുണ അറിയിച്ചിട്ടുണ്ട്.
Content Highlights: The Indian Embassy in Riyadh confirmed that no Indian nationals were killed after military projectile struck a residential building in Al-Kharj, Saudi Arabia