

ടെൽഅവൈവ്: ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണത്തിൽ മരണം ഒമ്പതായെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. 27പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഘർഷം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് ആരോഗ്യമന്ത്രാലയവും അറിയിച്ചു. പരിക്കേറ്റവരെ അൽ അദാൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ ടെലിവിഷനിലൂടെ പ്രസ്താവന നടത്തിയിട്ടുണ്ട്. തങ്ങളുടെ പരമോന്നത നേതാവിന്റെ പാത തന്നെ പിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധ സേന ആക്രമണം ശക്തമാക്കുമെന്നും ശത്രുവിന്റെ സൈനീക കേന്ദ്രങ്ങൾ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ നേതാവിന്റെ രക്തസാക്ഷിത്വം വർഷങ്ങളായുള്ള ത്യാഗത്തിന്റെ സമാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമനയയിയുടെ രക്തം വെറുതെയാകില്ല, പകരം വീട്ടും. പ്രതികാരം അവകാശവും ഉത്തരവാദിത്വവുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ ഗൾഫ് മേഖലയിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ അംബാസിഡറിനെ സൗദി അറേബ്യ വിളിച്ചുവരുത്തി. തങ്ങളുടെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് തെഹ്‌റാൻ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് ഇറാനിയൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇറാനിലെ സംഘർഷത്തിനിടയിൽ ഒപക്ക് രാജ്യങ്ങൾ എണ്ണ ഉത്പാദനം വർധിപ്പിച്ചിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. V8 (വോളന്ററി എയിറ്റ്) ഗ്രൂപ്പ് എന്ന സഖ്യത്തിൽ ഉൾപ്പെടുന്ന പ്രധാന അംഗങ്ങളായ സൗദി അറേബ്യയും റഷ്യയും ഇറാനിൽ നിന്നുള്ള വ്യോമാക്രമണങ്ങൾ നേരിടേണ്ടി വന്ന മറ്റ് ഗൾഫ് രാജ്യങ്ങളും ദിവസം 206,000 ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റം നടപ്പിലാക്കുക ഏപ്രിലിലായിരിക്കും. എന്നാൽ തീരുമാനത്തിന് പിന്നിലെ കാരണമായി ഇറാൻ സംഘർഷമല്ല ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പകരം സ്ഥിരതയുള്ള ആഗോള സാമ്പത്തിക വീക്ഷണവും നിലവിലെ ആരോഗ്യകരമായ വിപണി അടിസ്ഥാനങ്ങളുമാണ് ഇതിന് കാരണമായി പറയുന്നത്.
ഈ വാരാന്ത്യത്തില്‍ നടന്ന യോഗത്തിന് മുമ്പ് ദിവസേന 137,000 ബാരലുകളുടെ വർധനയുണ്ടാകുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. തിങ്കളാഴ്ച വിപണി ആരംഭിക്കുമ്പോൾ എണ്ണ വിലയിലുണ്ടാകുന്ന വർധനയെ തടയാൻ നിലവിൽ തീരുമാനിച്ചിരിക്കുന്ന ഈ വർധനവിന് കഴിയില്ലെന്നാണ് വിലയിരുത്തൽ. ലോകത്തിലെ കടൽമാർഗത്തിലൂടെയുള്ള എണ്ണ വിതരണത്തിന്റെ ഭൂരിഭാഗവും നടക്കുന്ന ഹോർമൂസ് കടലിടുക്കിനെ ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Content Highlights: Iranian ballistic missile hits Beit Shemesh in central Israel kills nine