

ജറുസലേം: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലി പൗരന് പരിക്ക്. വടക്കന്‍ ഇസ്രയേലിലെ ഒമ്പത് നില കെട്ടിടത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിലാണ് അമ്പതുകാരന് പരിക്കേറ്റത്. ഇറാന്‍ മിസൈലുകളെ ഇസ്രയേല്‍ പ്രതിരോധിച്ചെങ്കിലും മിസൈലുകളില്‍ നിന്നും തെറിച്ച വസ്തുവിന്റെ പ്രഹരണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്ന് ഇസ്രയേലിന്റെ ചാനല്‍ 12 ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഒരു കെട്ടിടം പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എംഡിഎ പാരാമെഡിക്കുകളും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെയും സേവനം ആക്രമണമേഖലകളില്‍ ലഭ്യമാണ്.
ഇറാനിയന്‍ മിസൈലുകളെ തടുക്കാന്‍ വ്യോമ പ്രതിരോധ സിസ്റ്റം ഉപയോഗിക്കുമെന്ന് ഇസ്രയേലി സൈന്യം അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് വടക്കന്‍ ഇസ്രയേലില്‍ ഇറാന്‍ ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നാലെ മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗള്‍ഫിലെ അറബ് രാജ്യങ്ങളായ ഖത്തര്‍, കുവൈറ്റ്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ഹളില്‍ നിരവധി സ്‌ഫോടനങ്ങളും ആക്രണമങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെയെല്ലാം ഇറാന്‍ ലക്ഷ്യമിട്ടത് യുഎസ് സൈനിക കേന്ദ്രങ്ങളാണ്. ഖത്തറിലെ അല്‍ ഉദൈയ്ദ് എയര്‍ബേസ്, ബഹ്‌റൈനിലെ യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനം എന്നിവയെ ആക്രമിച്ചതായി ഇറാന്റെ ഫാര്‍സ് ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെ വിജയകരമായി തന്നെ തകര്‍ത്തിട്ടുണ്ടെന്നാണ് ഖത്തറിന്റെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ അടക്കം സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അബുദബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: One injured in northern Israel as Iran Missile strike a nine storey building