

തെഹ്റാന്/ടെല്‍ അവീവ്: ആറാം നാളും പശ്ചിമേഷ്യ അശാന്തം. ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 926 ആണെന്ന് ഇറാനിയന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6,186 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഗള്‍ഫ് മേഖലകളും അശാന്തമായി തുടരുകയാണ്.
മൂന്ന് മിസൈലുകള്‍ തകര്‍ത്തുവെന്ന് വ്യക്തമാക്കി സൗദി രംഗത്തെത്തി. അല്‍ഖര്‍ജ്ജ് നഗരത്തിന് പുറത്താണ് മിസൈലുകള്‍ നിര്‍വീര്യമാക്കിയത്. ദോഹയിലെ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഖത്തര്‍ ഒഴിപ്പിച്ചിട്ടുണ്ട്. കുവൈറ്റ് തീരത്ത് സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലില്‍ സ്‌ഫോടനം ഉണ്ടായത്. ചരക്ക് കപ്പലില്‍ നിന്നു്‌ള എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്.
കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്. അതിനിടെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയവരുടെ വിസ പിഴകള്‍ യുഎഇ ഒഴിവാക്കി. ഫെബ്രുവരി 28 ന് ശേഷം സന്ദര്‍ശകവിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവര്‍ക്കും ഇളവ് ബാധകമായിരിക്കും. താമസവിസ റദ്ദാക്കി രാജ്യം വിടാനിരുന്നവര്‍ക്കും ഫൈന്‍ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്.
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണമുണ്ടായി. തെക്കന്‍ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലെബനനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്രയേല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
'ട്രംപിന്റെ Plan A പൊളിഞ്ഞു, Plan B ഇതിലും വലിയ പരാജയമാകും': ഇറാന്‍ വിദേശകാര്യ മന്ത്രി
ഡോണള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചും പരിഹസിച്ചും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മിലിട്ടറി ആക്രമണത്തിലൂടെ ഒറ്റയടിക്ക് ഇറാനെ കീഴ്‌പ്പെടുത്താമെന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ പ്ലാന്‍. പ്ലാന്‍ എ പൊളിഞ്ഞു കഴിഞ്ഞു. ഇനി ട്രംപ് ആലോചിക്കുന്ന പ്ലാന്‍ ബി അതിലും ദയനീയമായ പരാജയം ഏറ്റുവാങ്ങുമെന്നും അരാഗ്ചി പറഞ്ഞു. ഇസ്രയേല്‍ ഫസ്റ്റ് എന്നും പറഞ്ഞ് ട്രംപ് മുന്നോട്ട് പോയാല്‍ അമേരിക്ക ലാസ്റ്റ് ആകുമെന്നും അരാഗ്ചി പറഞ്ഞു.
ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ ഇടപെടും: ഡോണള്‍ഡ് ട്രംപ്
ഇറാനില്‍ അടുത്ത പരമോന്നത നേതാവായി ഖമനയിയുടെ മകന്‍ മൊജ്തബ വന്നാല്‍ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയില്‍ ഡെല്‍സി റോഡ്രിഗസിനെ അധികാരം ഏല്‍പിച്ചത് പോലെ ഇറാനിലും താന്‍ ഇടപെടും എന്നാണ് ട്രംപിന്റെ വാക്കുകള്‍.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയെ ഇസ്രയേലും യുഎസും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് ഇപ്പോള്‍ വലിയ സംഘര്‍ഷത്തിലേക്ക് പശ്ചിമേഷ്യയെ എത്തിച്ചിരിക്കുന്നത്. വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യം അതിക്രമിച്ച് കയറിയാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അവിടെ നിന്നും പുറത്താക്കിയത്. അന്താരാഷട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ട്രംപ് വെനസ്വേലയില്‍ ഇടപെട്ടത്.
ബഹ്‌റൈന്‍ പെട്രോളിയം കമ്പനി(Bapco) സ്ഥിതി ചെയ്യുന്ന മേഖലയില്‍ ആക്രമണം
ബഹ്‌റൈനിലെ മആമീര്‍ മേഖലയില്‍ ആക്രമണമുണ്ടായതായി അഭ്യന്തര മന്ത്രാലയം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും പ്രദേശത്ത് സുരക്ഷാ നിരീക്ഷണം ശക്തമാക്കിയെന്നും മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലാണ് ബഹ്‌റൈന്‍ പെട്രോളിയം കമ്പനി(Bapco) സ്ഥിതി ചെയ്യുന്നത്.
നയതന്ത്ര ചര്‍ച്ചയിലേക്ക് ഇറാനെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് തുര്‍ക്കി. ഇതിനായി തീവ്രമായി ശ്രമിക്കുകയാണെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കി. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം എര്‍ദോഗന്‍ പറഞ്ഞത്.
ഖമനയിയുടെ വധം; ഇറാന്‍ എംബസിയിലെ പുസ്തകത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തില്‍ ദുഃഖാചരണം നടത്തി ഇന്ത്യയിലെ ഇറാന്‍ എംബസി. ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലാണ് ദുഃഖാചരണം നടത്തുന്നത്. നയതന്ത്രജ്ഞര്‍ക്കും മറ്റും അനുശോചനം രേഖപ്പെടുത്താനായി ഒരു പുസ്തകം(Condolences Book) പ്രത്യേകമായി എംബസിയില്‍ വെച്ചിട്ടുണ്ട്. ദുഃഖാചരണത്തില്‍ പങ്കെടുക്കാനായി ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ പ്രതിനിധികള്‍ എത്തിച്ചേര്‍ന്നിരുന്നു. അപ്പോഴാണ് വിദേശകാര്യ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി ഈ പുസ്തകത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. ഖമനയിയെ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് വധിച്ചതില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും വരുന്ന ആദ്യ പ്രതികരണമാണിത്. മാര്‍ച്ച് 5, 6, 9 തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ എംബസി സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്താന്‍ അവസരമുണ്ടായിരിക്കും.
ഖത്തറില്‍ കൂടുതല്‍ സ്‌ഫോടന ശബ്ദങ്ങള്‍
ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് കൂടുതല്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. വിവിധ ന്യൂസ് ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ മിസൈലുകളെയോ ഡ്രോണുകളെയോ ഖത്തറിന്റെ പ്രതിരോധ സംവിധാനം തകര്‍ത്തതിന്റെ ശബ്ദവും പുകപടലങ്ങളുമാണ് ആകാശത്ത് കാണാനായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വിമാന സര്‍വീസുകള്‍ റദ്ദാക്കി
പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. പോകുന്നതും വരുന്നതുമായ 30 സര്‍വീസുകളാണ് റദ്ദാക്കിയത്. ഗള്‍ഫ് മേഖലയയുമായി ബന്ധപ്പെട്ട സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയവയില്‍ പുറപ്പെടാനിരുന്ന 16 സര്‍വീസുകളും ഉള്‍പ്പെടുന്നു.
' True Promise 4'
യുഎസിനും ഇസ്രായേലിനുമെതിരെ അടുത്തഘട്ട ആക്രമണത്തിന് തുടക്കമിട്ടെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. ഇസ്രയേലിനെയും യുഎസ് താവളങ്ങളും ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും അയച്ചു. ' True Promise 4' എന്നാണ് ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്.
യുഎസ് എംബസിക്ക് സമീപമുള്ളവരെ ഒഴിപ്പിക്കുന്നു
ദോഹയിലെ യുഎസ് എംബസിക്ക് സമീപമുള്ളവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് വിശദീകരണം.
ഇസ്രയേല്‍ ആക്രമണം തടയാന്‍ യുഎസ് ഇടപെടണം; അഭ്യര്‍ത്ഥനയുമായി ലെബനന്‍ പ്രസിഡന്റ്
ലൈബനന് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം തടയാന്‍ യുഎസ് ഇടപെടണമെന്ന് യുഎസ് അംബാസിഡറോട് അഭ്യര്‍ത്ഥിച്ച് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍. അംബാസിഡറുമായി നടത്തിയ യോഗത്തില്‍ വെച്ചാണ് അമേരിക്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി എന്ന് പറഞ്ഞുകൊണ്ട് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ലെബനനില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളും ആള്‍നാശവും സംഭവിക്കുന്നുണ്ട്.

സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചെന്ന ഖത്തറിന്റെ ആരോപണം തള്ളി ഇറാന്‍ പ്രസിഡന്റ്
യുഎസ് സൈനികതാവളങ്ങള്‍ക്ക് പുറമെ സിവിലിയന്‍ കേന്ദ്രങ്ങളിലും ഇറാന്‍ ആക്രമണം നടത്തിയെന്ന ഖത്തറിന്റെ ആരോപണം നിഷേധിച്ച് ഇറാന്‍. ലക്ഷ്യമിട്ടത് യുഎസ് ആസ്തികളെ മാത്രമാണെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ പ്രതികരിച്ചു. തങ്ങളുടെ പോരാട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയും ഇറാന്‍ പ്രസിഡന്റ് തേടി. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും മേഖലയിലെ സുരക്ഷയ്ക്ക് കൂട്ടായ പരിശ്രമം വേണമെന്നും ഇറാന്‍ പറഞ്ഞു.
അതേസമയം, യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആയുധമെടുക്കുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. യുദ്ധം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു. ഇനി പ്രത്യാക്രമണമല്ലാതെ വഴികളില്ലെന്നാണ് പെസെഷ്‌കിയാന്‍ വാക്കുകള്‍.
ഇറാന്‍ സിവിലയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചെന്ന് ഖത്തര്‍
ഇറാനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ പ്രധാനമന്ത്രി. ഇറാന്‍ ലക്ഷ്യം വെച്ചത് യുഎസ് താവളങ്ങളെയല്ല, സിവിലിയന്‍ കേന്ദ്രങ്ങളെയാണ് എന്നാണ് വിമര്‍ശനം. ഇറാന്‍ ഖത്തറിന്റെ പരമാധികാരം ലംഘിച്ചുവെന്ന് വിമര്‍ശനം. ഹമദ് വിമാനത്താവളത്തിന് സമീപവും ഗ്യാസ് പ്ലാന്റുകളിലും ഇറാന്‍ ആക്രമണം നടത്തി. ഇറാന്‍ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും ഖത്തര്‍ പറയുന്നു.
അമേരിക്ക തകര്‍ത്ത ഇറാന്‍ യുദ്ധക്കപ്പല്‍: 87 മൃതദേഹങ്ങള്‍ ലഭിച്ചു എന്ന് ശ്രീലങ്കന്‍ സേന
അമേരിക്ക തകര്‍ത്ത ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്ന് 87 മൃതദേഹങ്ങള്‍ ലഭിച്ചു എന്ന് ശ്രീലങ്കന്‍ നാവികസേന. 32 പേരെ രക്ഷിക്കാനായെന്നും ഇവര്‍ ആശുപത്രിയിലാണെന്നും ശ്രീലങ്ക അറിയിച്ചു. 180 പേരെങ്കിലും കപ്പലില്‍ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത് എന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നായിരുന്നു ഇറാന്‍ യുദ്ധക്കപ്പലിനെ അമേരിക്ക തകര്‍ത്തത്.
സൗദിയ എയര്‍ലൈന്‍സ് സര്‍വീസുകള്‍ മാര്‍ച്ച് 6 വരെ റദ്ദാക്കി. ദുബായ്, ദോഹ, അബുദാബി, കുവൈറ്റ്, മോസ്‌കോ, പെഷവാര്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.
സൗദിയ എയര്‍ലൈന്‍സ് സര്‍വീസുകള്‍ മാര്‍ച്ച് 6 വരെ റദ്ദാക്കി
ദുബായ്, ദോഹ, അബുദാബി, കുവൈറ്റ്, മോസ്‌കോ, പെഷവാര്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.
മലപ്പുറം: സ്‌കൂള്‍ വാനിടിച്ച് 12 കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വേങ്ങരയില്‍ വെച്ചാണ് സംഭവം. ഓട്ടോയില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. എതിര്‍ദിശയില്‍ വന്ന സ്‌കൂള്‍ വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വലിയോറ സ്വദേശി മോയന്‍ ഇസ്മായീല്‍-നൂറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്വാന്‍ (12) ആണ് മരിച്ചത്. വലിയോറ ഈസ്റ്റ് എഎംയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിസ്‌വാന്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ടണലുകളിലും ഭൂഗര്‍ഭ അറകളിലും അഭയം തേടി ഇസ്രയേലിലെ ജനങ്ങള്‍
ഇറാനും ഹിസ്ബുള്ളയും ആക്രമണം തുടരവേ ഇസ്രയേലിലെ ജനങ്ങള്‍ സുരക്ഷ തേടി ബങ്കറുകളിലേക്ക് മാറുന്നു. അപായ സൈറണ്‍ മുഴങ്ങുന്നതിന് അനുസരിച്ച് ജനങ്ങള്‍ പരിസരത്തെ ടണലുകളിലേക്കും ഭൂഗര്‍ഭ അറകളിലേക്കും മാറുകയാണ്. ഇസ്രയേലിലെ ടെല്‍ അവീവ്, ഷോറേഷ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ അല്‍ ജസീറയാണ് പുറത്തുവിട്ടിരിക്കുന്നത്.

ജറുസലേമില്‍ സ്‌ഫോടന ശബ്ദങ്ങള്‍
ഇസ്രയേലിനെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനശബ്ദങ്ങള്‍ ഉയര്‍ന്നത്. എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തെന്ന് യുഎസ്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തെന്ന് യുഎസ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹേഗ്‌സേത്ത് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പല്‍മുക്കിയത് ശ്രീലങ്കന്‍ സമുദ്ര അതിര്‍ത്തിക്ക് പുറത്ത്. നൂറിലധികം ആളുകളെ കാണാതായെന്നും പീറ്റ് ഹെഗ്‌സെത്ത്. യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്ന 80 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കും എന്നാണ് ശ്രീലങ്ക അറിയിക്കുന്നത്.
മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം 'അന്വേഷിക്കുന്നുണ്ട്': യുഎസ് പ്രതിരോധ സെക്രട്ടറി
ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ നടന്ന ആക്രമണത്തെ കുറിച്ച് 'അന്വേഷിക്കുകയാണെന്ന്' യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി പീറ്റര്‍ ഹെഗ്‌സേത്ത്. പത്രസമ്മേളനത്തില്‍ വെച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഹെഗ്‌സേത്തിന്റെ പ്രതികരണം. തങ്ങള്‍ സിവിലിയന്‍ പോയിന്റുകള്‍ ഒരിക്കലും ടാര്‍ഗറ്റ് ചെയ്യാറില്ലെന്നും അതുകൊണ്ട് സംഭവം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 180 വിദ്യാര്‍ത്ഥികളാണ് മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ടാങ്കറുകള്‍ തകര്‍ത്തു; അവകാശവാദവുമായി ഹിസ്ബുള്ള
ലെബനന്‍ അതിര്‍ത്തിയില്‍ വെച്ച് ഇസ്രയേലിന്റെ ടാങ്കറുകള്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട് ഹിസ്ബുള്ള. ഹൗലയില്‍ വെച്ചാണ് ടാങ്കറിനെതിരെ ആക്രമണം നടത്തിയത് എന്നും ഹിസ്ബുള്ള പറയുന്നു.
വ്യോമപാതകള്‍ കലുഷിതം; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കി വിമാനകമ്പനികള്‍
യുഎഇയിലേക്കും തിരിച്ചുമുള്ള എല്ല് ഫ്‌ളൈറ്റുകളും റദ്ദാക്കിയെന്ന് എയര്‍ അറേബ്യ. മാര്‍ച്ച് 9 വരെ നിര്‍ത്തിവെക്കല്‍ തുടരും.
മാര്‍ച്ച് 5 വരെ എല്ലാ ഫ്‌ളൈറ്റുകളും നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.
എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. മാര്‍ച്ച് 6 വരെ നിര്‍ത്തിവെക്കല്‍ തുടരുമെന്നും കമ്പനി.
ഇറാനില്‍ മരണസംഖ്യ 1000 കടന്നു
ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഇതുവരെ 1045 പേര്‍ മരണപ്പെട്ടുവെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.
അബുദാബിയിലെ യു.എസ് എംബസിയും ദുബായിലെ യു.എസ് കോണ്‍സുലേറ്റും അടച്ചു.
ഖമനയിയുടെ പിന്‍ഗാമിയായി മൊജ്താബ?
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മൊജ്താബയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാന്‍ അണുബോംബ് നിര്‍മിക്കുന്നതിന് തെളിവില്ലെന്ന് ഐഎഇഎ മേധാവി
ഇറാന്‍ അണുബോംബ് നിര്‍മിക്കുന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്ടര്‍ റാഫേല്‍ ഗ്രോസി. എന്നാല്‍ ആയുധങ്ങള്‍ക്ക് സമീപമുള്ള സമ്പുഷ്ടമായ യുറേനിയത്തിന്റെ ശേഖരം ആശങ്കയുണ്ടാക്കുന്നുണ്ട്. ഇറാന്‍ ഐഎഇഎയുമായി സഹകരിക്കാത്തിടത്തോളം ഇറാന്റെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും റാഫേല്‍ ഗ്രോസി പറഞ്ഞു.
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിന്റെ ആകാശത്തിന് മുകളിലൂടെ നീങ്ങിയ രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഒമാന്‍. മൂന്നാമത്തെ ഡ്രോണ്‍ സലാല തുറമുഖത്തിന് സമീപം വീണതായും ഒമാന്‍ ടെലിവിഷന്‍.നാശനാഷ്ടമോ ആളപായമോ ഇല്ല.
ഇസ്രയേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള. സംഘത്തിന് നേരെയുണ്ടായ ആക്രമണം തങ്ങളെ തിരിച്ചടിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു എന്നും ഇസ്രയേലിന്റെ ആവശ്യം യുദ്ധമാണ് എങ്കിൽ അങ്ങനെയാകാം എന്നുമായിരുന്നു ഹിസ്ബുള്ളയുടെ പ്രതികരണം. സമാധാനത്തിന്റെ കാലഘട്ടം അവസാനിച്ചുവെന്നും ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ, യുഎസ് ആക്രമണത്തിൽ മരിച്ച ഇറാനിയൻ സ്‌കൂൾ കുട്ടികളുടെ സംസ്കാരം നടന്നു. ദക്ഷിണ ഇറാൻ നഗരമായ മിനാബിലെ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ സ്‌കൂൾകുട്ടികളും ജീവനക്കാരുമടക്കം 165 പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങളാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

മോദി ട്രംപിന്റെ പാവയെന്ന് ബൃന്ദ കാരാട്ട്
ഇറാനെതിരായ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൗനം തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. മോദി ട്രംപിന്റെ പാവയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ട്രംപിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് മോദി ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയാണ് നടക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
മുപ്പത് മണിക്കൂറില്‍ ഇസ്രയേല്‍ ഇറാനില്‍ വര്‍ഷിച്ചത് 2,000 ബോംബുകൾ?
മുപ്പത് മണിക്കൂറില്‍ ഇസ്രയേൽ ഇറാനില്‍ വർഷിച്ചത് 2,000 ബോംബുകളെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ സേനയെ ഇദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രയേലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു ഇറാന് നേരെ ഇസ്രയേല്‍ ആദ്യ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം മൂന്ന് ദിവസം പിന്നിട്ടു.
ദുബായില്‍ കുടുങ്ങിയ പി വി സിന്ധു തിരിച്ചെത്തി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദുബായില്‍ കുടുങ്ങിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി. പി വി സിന്ധു തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. സുരക്ഷിതമായി ബെംഗളൂരുവില്‍ തിരിച്ചെത്തിയതായി സിന്ധു എക്‌സില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ അനിശ്ചിതത്വത്തിന്റേതായിരുന്നുവെന്നും എന്നാല്‍ വീട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സിന്ധു പറഞ്ഞു.
ഇറാഖിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം
ഇറാഖിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇറാഖിലെ എര്‍ബില്‍ എയര്‍പ്പോര്‍ട്ടിന് സമീപത്തെ യുഎസ് സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'ആയത്തുള്ള ഖമനയിയുടെ പിന്‍ഗാമി ഉടന്‍'
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയെ ഉടന്‍ തീരുമാനിക്കുമെന്ന് വിവരം. ഇത് സംബന്ധിച്ച നടപടികള്‍ അധികം നീളില്ലെന്നാണ് ഇറാനിയന്‍ പുരോഹിതനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെഹ്‌റാനിലെ നിലൂഫര്‍ സ്‌ക്വയറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍



ആശങ്ക രേഖപ്പെടുത്തി യുഎന്‍
ഇറാനിലെ സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍. രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.
വിമാനമില്ല, പതിനാറ് പേര്‍ അബുദാബിയില്‍ കുടുങ്ങി
വിമാനമില്ലാത്തതിനെ തുടര്‍ന്ന് പതിനാറ് പേര്‍ അബുദാബിയില്‍ കുടുങ്ങി. യുകെ, കാനഡ എന്നിവിടങ്ങളിലെ യാത്രികരാണ് കുടുങ്ങിയത്. നാല് ദിവസമായി ഇവര്‍ അബുദാബിയിലെ ഹോട്ടലില്‍ കഴിയുകയാണ്. യുദ്ധത്തിന്റെ പശ്ചാലത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യാത്രികര്‍ കുടുങ്ങിയത്.
ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം
ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ ഹാരറ്റ് ഹ്രെയ്ക്ക് മേഖലയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ അടുപ്പിച്ച് രണ്ട് ആക്രമണങ്ങളാണ് ഇവിടെ നടന്നത്.
അമേരിക്ക ആക്രമണം നടത്തിയത് ഇസ്രയേലിന് വേണ്ടിയെന്ന് അബ്ബാസ് അരാഗ്ചി
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോയുടെ വാദം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്ക ആക്രമണം നടത്തിയത് ഇസ്രയേലിന് വേണ്ടിയാണെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്‍ ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തിയിട്ടില്ലെന്നും അരാഗ്ചി പറഞ്ഞു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് യുഎസ് അറിഞ്ഞിരുന്നുവെന്നും തെഹ്‌റാനിലെ യുഎസ് കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യംവെയ്ക്കുമെന്ന് കരുതിയാണ് യുദ്ധത്തിൽ ഭാഗമായതെന്നുമായിരുന്നു മാര്‍ക്ക് റൂബിയോ പറഞ്ഞത്.
ഇസ്രയേലിലെ റാമത്ത് ഡേവിഡ് വ്യോമതാവളം ആക്രമിച്ചെന്ന് ഹിസ്ബുള്ള
വടക്കന്‍ ഇസ്രയേലിലെ വ്യോമതാവളം ആക്രമിച്ചെന്ന് ഹിസ്ബുള്ള. റാമത്ത് ഡേവിഡ് വ്യോമതാവളം ആക്രമിച്ചെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം.
'ഇത് നിഷ്പക്ഷതയല്ല'
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.
കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സോണിയ ഗാന്ധി ചോദിച്ചു. ഇത് നിഷ്പക്ഷതയല്ല. ഇന്ത്യയുടെ വിദേശനയത്തില്‍ സംശയങ്ങള്‍ ഉയരുന്നതായും സോണിയ ഗാന്ധി പറഞ്ഞു.
സൗദിക്ക് നേരെ വീണ്ടും ആക്രമണം
സൗദിക്ക് നേരെ വീണ്ടും ആക്രമണം. റിയാദിലേക്കും അല്‍ ഖര്‍ജിലേക്കുമെത്തിയ എട്ട് ഡ്രോണുകള്‍തടഞ്ഞെന്ന് സൗദി അറിയിച്ചു.
'അണുബോംബ് പദ്ധതിയിലൂടെ ഇറാന്‍ ശക്തി പ്രാപിക്കും, ഇപ്പോള്‍ ആക്രമിച്ചില്ലെങ്കില്‍ പിന്നീട് കഴിഞ്ഞെന്നുവരില്ല'
ഇറാനെ ആക്രമിക്കാന്‍ കാരണം അവര്‍ മാസങ്ങള്‍ക്കം ബാലിസ്റ്റിക് മിസൈലുകളിലൂടെയും ആണവ പദ്ധതികളിലൂടെയും പ്രതിരോധം തീര്‍ക്കും വിധം ശക്തിപ്പെടും എന്നതിനാലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മാസങ്ങള്‍ക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, അണു ബോംബ് നിര്‍മാണ പദ്ധതികളടക്കം പൂര്‍ണമായി ശക്തിപ്പെടും. അവര്‍ പ്രതിരോധം തീര്‍ക്കും. ഇക്കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും നെതന്യാഹു പറഞ്ഞു. ഫോക്‌സ് ന്യൂസിനോടായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് യുഎസ്
പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് യുഎസ്. കറാച്ചിയിലെ എംബസിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിസ നല്‍കുന്നത് യുഎസ് നിര്‍ത്തിയത്. ഇസ്‌ലാമാബാദ്, ലാഹോര്‍, കറാച്ചി കോണ്‍സുലേറ്റുകള്‍ക്ക് യുഎസ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. മാര്‍ച്ച് ആറുവരെ വിസ അപേക്ഷകള്‍ സ്വീകരിക്കില്ല
ഖമനയി വധത്തില്‍ ജമ്മു കശ്മീരില്‍ വ്യാപക പ്രതിഷേധം
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മു കശ്മീരില്‍ വ്യാപക പ്രതിഷേധം. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടഞ്ഞു കിടക്കും. കശ്മീര്‍ താഴ്‌വരയില്‍ മാത്രം ഇന്നലെ 75-ഓളം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. സാഹചര്യം തിരിച്ചറിഞ്ഞ് വനിതകള്‍ അടക്കമുള്ളവരെ വിട്ടയക്കണം. ഡിജിപി അടിയന്തര ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം'
ഖത്തര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യക്കാര്‍ പാലിക്കണം ദോഹയിലെ ഇന്ത്യന്‍ എംബസി. സ്ഥിരീകരിച്ചതും ഔദ്യോഗികവുമായ വിവരങ്ങള്‍ മാത്രം ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. പൊതു സുരക്ഷ ഉറപ്പാക്കാന്‍ വീടിനുള്ളില്‍ തന്നെ തുടരണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ പുറത്തിറങ്ങരുത്. ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും എംബസി ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് അടച്ചതായി ഐആർജിസി
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറെ ഉദ്ധരിച്ച് അൽജസീറ. കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഭീഷണി.
'മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു'; സൈനിക നടപടി തുടരുമെന്ന് ഡോണള്‍ഡ് ട്രംപ്
ഇറാനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വേണ്ടിവന്നാല്‍ കരയുദ്ധം തന്നെ നടത്തും. തകര്‍ക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോണ്‍സറെയാണെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രയേല്‍-യുഎസ് ആക്രമണം
ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നു. ഇറാന്‍ പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമിക്കപ്പെട്ടതില്‍ അഞ്ച് ആശുപത്രികള്‍ തലസ്ഥാനമായ തെഹ്റാനിലും നാലെണ്ണം മറ്റ് നഗരങ്ങളിലുമാണ്. രോഗികളെ പൂര്‍ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇസ്രായേലി പൗരന്മാരെ തിരികെ എത്തിക്കും
യൂറോപ്പില്‍ നിന്ന് ഇസ്രായേലിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്താന്‍ അനുമതി. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, ബാങ്കോക്ക്, മിയാമി തുടങ്ങി ഇരുപതിലധികം നഗരങ്ങളില്‍ നിന്ന് സര്‍വീസ് നടത്തും.
ബെന്‍ ഗുരിയോണ്‍ വിമാനത്താവളം തുറക്കാന്‍ ഇസ്രയേല്‍
ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ഭാഗികമായി തുറക്കാന്‍ ഇസ്രയേല്‍. ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ നീക്കം. ചൊവ്വാഴ്ച മുതല്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കും. തുടക്കത്തില്‍ ഇസ്രായേലി വിമാനക്കമ്പനികള്‍ക്ക് മാത്രമായിരിക്കും സര്‍വീസ് അനുമതി.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇസ്രായേലി പൗരന്മാരെ തിരികെ എത്തിക്കും
യൂറോപ്പില്‍ നിന്ന് ഇസ്രായേലിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്താന്‍ അനുമതി. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, ബാങ്കോക്ക്, മിയാമി തുടങ്ങി ഇരുപതിലധികം നഗരങ്ങളില്‍ നിന്ന് സര്‍വീസ് നടത്തും.
പത്ത് പേര്‍ക്ക് കൂടി പരിക്ക്
ഇറാന്റെ ആക്രമണത്തില്‍ യുഎഇയില്‍ പത്ത് പേര്‍ക്ക് കൂടി പരിക്ക്. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 68 ആയി. യുഎഇയില്‍ ഇന്ന് മാത്രം 148 ഡ്രോണ്‍ ആക്രമണങ്ങളാണ് നടന്നത്. ഒന്‍പത് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും യുഎഇയില്‍ പതിച്ചു.
യാത്രപാടില്ലെന്ന് നിര്‍ദേശം
ലെബനനിലേക്ക് യാത്ര പാടില്ലെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം
വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നു
ഒമാനില്‍ നിന്ന് വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നു. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് നാളെ സര്‍വീസ് നടത്തും
ദുബായിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നു
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച ദുബായിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. നിയന്ത്രിത രീതിയിലാകും പ്രവര്‍ത്തനം തുടങ്ങുക. നേരിട്ട് അറിയിപ്പ് ലഭിച്ച യാത്രക്കാര്‍ മാത്രം എയര്‍പോര്‍ട്ടിലേക്ക് എത്തിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ആകെ മരണം 591 ആയി
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആകെ മരണം 591 ആയി. ഇറാന്‍-555, ഇറാഖ്-രണ്ട്, ലെബനന്‍-13, ഇസ്രയേല്‍-10, കുവൈത്ത്-1, യുഎഇ-3, ഒമാന്‍-ഒന്ന്, അമേരിക്കന്‍ സൈന്യം-അഞ്ച് എന്നിങ്ങനെയാണ് കണക്ക്.
ലെബനനിലെ ബെയ്‌റൂത്തില്‍ വന്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്
ലെബനനിലെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. അല്‍ജസീറയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലിയ ശബ്ദം കേട്ടതായും ആകാശത്തേയ്ക്ക് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മരിച്ചു
ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മന്‍സൂറ മരിച്ചു. ഇറാന് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖമനയി കൊല്ലപ്പെട്ടാൻ ഇടയായ ആക്രമണത്തിലായിരുന്നു മൻസൂറയ്ക്ക് പരിക്കേറ്റത്.
'ഏത് പ്രതിസന്ധിയെയും കരുതലോടെ ഒന്നിച്ച് നിന്ന് അതിജീവിച്ചവരാണ് നമ്മള്‍. ഈ സന്ദര്‍ഭത്തിലും ആ ഐക്യമാണ് വേണ്ടത്'
ഗള്‍ഫ് നാടുകളില്‍ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയര്‍പ്പും അലിഞ്ഞുചേര്‍ന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗള്‍ഫ് നാടുകള്‍. അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ്. കേരളത്തിലെ ഓരോ വീട്ടിലും ഗള്‍ഫ് നാടുകളുമായി ബന്ധപ്പെട്ട ഒരാളെങ്കിലും ഉണ്ടാകും എന്നത് അതിശയോക്തിയല്ല. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും കേരളത്തിന്റെ ഹൃദയത്തില്‍ നിന്നുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
മാജിദ് എബ്‌നെല്‍റേസ ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി
ഇറാന് പുതിയ പ്രതിരോധ മന്ത്രി. റെവല്യൂഷണറി ഗാര്‍ഡ്‌സ് ജനറല്‍ മാജിദ് എബ്‌നെല്‍റേസയാണ് പുതിയ പ്രതിരോധ മന്ത്രി. പ്രതിരോധ മന്ത്രി അമിര്‍ നാസിര്‍ സദാ കൊല്ലപ്പെട്ടിരുന്നു. അമിറിന് പകരക്കാരനായാണ് മാജിദ് എബ്‌നെല്‍റേസ വരുന്നത്.

'ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും'
ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം. ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നവാഫ് സലാം പറഞ്ഞു.
'മൂന്ന് എഫ്-15 വിമാനങ്ങള്‍ തകര്‍ന്നു'; സ്ഥിരീകരിച്ച് അമേരിക്ക
മൂന്ന് എഫ്-15 ഫൈറ്റര്‍ ജെറ്റുകര്‍ തകര്‍ന്നുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക. കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലാണ് ജെറ്റുകള്‍ തകര്‍ന്നത്. കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിലെ പിഴവെന്നാണ് വിശദീകരണം. ആറ് വൈമാനികര്‍ സുരക്ഷിതമായി തിരിച്ചിറങ്ങിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

ഇറാനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം
ഇറാനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. സയ്യിദ് യഹ്യ ഹമീദി, ജലാല്‍ പൂര്‍ ഹുസൈന്‍ എന്നിവരെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇന്റലിജന്‍സ് ഡെപ്യൂട്ടി മിനിസ്റ്ററാണ് സയ്യിദ് യഹ്യ ഹമീദി. ജലാല്‍ പൂര്‍ ഹുസൈന്‍ ഇറാന്റെ ചാരവൃത്തി വിഭാഗത്തിന്റെ തലവനാണ്. തെഹ്റാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇരുവരെ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
തെഹ്‌റാനില്‍ സ്‌ഫോടനം
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വ്യാപക സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. നിരവധി തവണ സ്‌ഫോടന ശബ്ദം കേട്ടതായാണ് വിവരം. ഇറാന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം
ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് സമീപമാണ് സംഭവം. കപ്പലിന് തീപിടിച്ചതായാണ് വിവരം. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. കപ്പലില്‍ ഉണ്ടായിരുന്നവരില്‍ പതിനാറ് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഒരാള്‍ മരിച്ചതായും വിവരമുണ്ട്.
സൗദി അറേബ്യയിലെ അരംകോ റാസ് തനുര റിഫൈനറി താല്‍ക്കാലികമായി അടച്ചു
സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ഫാക്ടറിയായ ആരംകോ റാസ തനുരയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഫാക്ടറിയെ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകള്‍ വന്നു എന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും സൗദി അറേബ്യ അറിയിച്ചു. പക്ഷെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിടത്ത് ചെറിയ തോതില്‍ തീ പടര്‍ന്നു എന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. കാര്യമായ നാശനഷ്ടമോ ആളപായമോ സംഭവിച്ചിട്ടില്ലെങ്കിലും സുരക്ഷാ മുന്‍കരുതലായി റിഫൈനറി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. തൊഴിലാളികളെ ഫാക്ടറിയില്‍ നിന്നും ഒഴിപ്പിച്ചു. ഫാക്ടറിയില്‍ പുകപ്പടലങ്ങള്‍ ഉയരുന്നതിന്റെയും ജീവനക്കാരെ ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇസ്രയേല്‍-യുസ് ആക്രമണം; ഇറാനില്‍ മരണസംഖ്യ 500 കടന്നു
ഇറാന് എതിരെയുള്ള ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ ഇറാന് വലിയ ആള്‍നാശമാണ് സംഭവിക്കുന്നത്. നിലവില്‍ മരണസംഖ്യ 550 കടന്നിരിക്കുകയാണ്. ഇത് ഇനിയും വര്‍ധിച്ചേക്കാം. ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. യുഎസ-ഇസ്രയേല്‍ ആക്രമണം ഇറാനിലെ 131 നഗരങ്ങളെ ബാധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഇറാഖിലെ കത്തെയ്ബ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍-യുഎസ് ആക്രമണം
ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായി ഇറാഖിലെ കേന്ദ്രങ്ങളിലേക്കും യുഎസും ഇസ്രയേലും സംയുക്താക്രമണം നടത്തുന്നു. ഹിസ്ബുള്ളയുടെ ഭാഗമായി കത്തെയ്ബ് ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. ജര്‍ഫ് അല്‍-സാക്കര്‍ പ്രദേശത്താണ് ആക്രമണം നടന്നത്.
കറാച്ചിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടയുള്ള എട്ട് ഇന്ത്യക്കാര്‍ക്ക് ആശ്വാസം; വൈകീട്ടോടെ ഇന്ത്യയിലെത്തും
എയര്‍ അറേബ്യ വിമാനത്തിലെ 3 മലയാളികള്‍ ഉള്‍പ്പെടെ 8 ഇന്ത്യന്‍ പൗരന്മാര്‍ കറാച്ചിയില്‍ കുടുങ്ങിയിരുന്നു. നോര്‍ക്കയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. യാത്രക്കാര്‍ ശ്രീലങ്കയിലെ കൊളംബോയിലെത്തി. വൈകുന്നേരത്തോടെ ഇന്ത്യയിലെത്തും
പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിവിധ രാജ്യങ്ങള്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുറന്ന് നോര്‍ക്ക റൂട്ട്‌സ്
സംഘര്‍ഷ പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ് അവലോകന യോഗം ചേര്‍ന്നു. സംഘര്‍ഷ മേഖലകളില്‍ രാജ്യങ്ങളായി പ്രത്യേകം നോര്‍ക്ക ഹെല്‍പ് കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ തീരുമാനം. ഇസ്രയേല്‍, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ കൂട്ടായ്മകള്‍ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ നോര്‍ക്ക സെന്റര്‍ കണ്‍ട്രോള്‍ റൂം രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം സജ്ജം.
കറാച്ചിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടയുള്ള എട്ട് ഇന്ത്യക്കാര്‍ക്ക് സഹായം; വൈകീട്ടോടെ ഇന്ത്യയിലെത്തും
എയര്‍ അറേബ്യ വിമാനത്തിലെ 3 മലയാളികള്‍ ഉള്‍പ്പെടെ 8 ഇന്ത്യന്‍ പൗരന്മാര്‍ കറാച്ചിയില്‍ കുടുങ്ങിയിരുന്നു. നോര്‍ക്കയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ചേര്‍ന്ന് ഇവരുടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. യാത്രക്കാര്‍ ശ്രീലങ്കയിലെ കൊളംബോയിലെത്തി. വൈകുന്നേരത്തോടെ ഇന്ത്യയിലെത്തും
ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലകളില്‍ സ്‌ഫോടനം
ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലകളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ യുഎസ് സൈനിക താവളങ്ങളെ ഇറാന്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ എര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തുന്നുണ്ട്. മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുകയാണെന്ന് ഇറാഖ് അധികൃതര്‍ അറിയിക്കുന്നുണ്ട്.
എണ്ണവില 100 ഡോളറിന് മുകളിലെത്താന്‍ സാധ്യത; ഹോര്‍മുസ് കടലിടുക്കില്‍ അശാന്തി തുടര്‍ന്നേക്കും
പശ്ചിമ ഏഷ്യയില്‍ സംഘര്‍ഷെ രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. തിങ്കളാഴ്ച്ച രാവിലെ ക്രൂഡ് വില 7% ത്തിലധികം ഉയര്‍ന്ന് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാന്‍- യുഎസ്, ഇസ്രായേല്‍ സൈനിക ആക്രമണങ്ങളെ തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത്.
ഖത്തര്‍ എയര്‍വേയ്‌സ് ഇന്നും സര്‍വീസ് നടത്തില്ല
സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ അവസ്ഥയില്‍ തന്നെ തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. വ്യോമപാതകള്‍ സുരക്ഷിതമായ ശേഷം അധികൃതര്‍ അറിയിക്കുമെന്നും അവ തുറന്നതിന് ശേഷമേ സര്‍വീസുകള്‍ പുനരാംഭിക്കാന്‍ കഴിയൂ എന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
ഇനിയും ആക്രമണം ഉണ്ടായേക്കാം, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക; യുഎസ് പൗരന്മാര്‍ക്ക് മുന്നറയിപ്പ് നല്‍കി കുവൈറ്റിലെ യുഎസ് എംബസി
കുവൈറ്റിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി യുഎസ് എംബസി. യുഎസ് പൗരന്മാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജീവനക്കാരെ എംബസി കെട്ടിടങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ക്ക് പുറമേ നയതന്ത്രകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം ശക്തമാക്കുന്നുണ്ട്.
കുവൈറ്റിലെ യുഎസ് എംബസിയ്ക്ക് സമീപം പുക ഉയരുന്നു: എഎഫ്പി റിപ്പോര്‍ട്ട്
അമേരിക്കയുടെ സൈനികത്താവളങ്ങള്‍ക്ക് പുറമേ നയതന്ത്രകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം ശക്തമാക്കുന്നു. കുവൈറ്റിലെ യുഎസ് എംബസിയ്ക്ക് സമീപം പുക ഉയരുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; 31 പേര്‍ കൊല്ലപ്പെട്ടു
ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായും 149 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. ലെബനന്‍ ആരോഗ്യവകുപ്പാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. ഇറാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹിസ്ബുള്ള ഇസ്രയേലില്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെയാണ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്.
അബുദാബിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; അപലപിച്ച് യുഎഇ
അബുദാബി അല്‍ സലാം നാവിക താവളത്തില വെയര്‍ ഹൗസിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുഎഇയുടെ സ്ഥിരീകരണം. പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന് യുഎഇ പ്രതികരിച്ചു. ആക്രമണം ശക്തമായി പ്രതിരോധിച്ചതായും യുഎഇ അറിയിച്ചു.
ഇറാനിലെ കെര്‍മാന്‍ഷാ വിമാനത്താവളത്തിന് സമീപം പുകപടലങ്ങള്‍ പടരുന്നു
ഇറാനിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ കെര്‍മാന്‍ഷായ്ക്ക് സമീപം വലിയ തോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ പല ഇടങ്ങളിലായി ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
'അമേരിക്കയുമായി ഒരു ചര്‍ച്ചയും നടത്തില്ല'; തിരിച്ചടിക്കാന്‍ ഉറച്ച് ഇറാന്‍
അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് അറിയിച്ച് ഇറാന്‍. ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് ശക്തമായ മറുപടി നല്‍കിയത്. ലാരിജാനി അമേരിക്കയുമായി ആണവ കരാറില്‍ ചര്‍ച്ചയ്ക്കായി ശ്രമിച്ചു എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചു
ആയത്തുള്ള അലി ഖമനയിയെ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം യുഎസ് കോണ്‍സുലേറ്റിലേക്ക് പ്രതിഷേധവുമായി എത്തിയവര്‍ ചില്ലുകള്‍ തകര്‍ക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഎസ് സേന നടത്തിയ വെടിവെപ്പില്‍ ഇന്നലെ പത്ത് പാകിസ്താന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ തുടര്‍ന്ന് ഇസ്രയേല്‍
ഇറാനില്‍ ആക്രമണം ശക്തമായി തുടരുകയാണ് ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ തകര്‍ക്കുമെന്നാണ് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത്. ആക്രമണം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുമുണ്ട്. കരാജ് നഗരത്തിലും സ്‌ഫോടനം നടക്കുന്നുണ്ട് എന്നാണ് വിവരം.
ഇറാനിലെ യുഎഇ എംബസി അടച്ചു
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ എംബസി അടച്ച് യുഎഇ. ടെഹ്‌റാനിലെ യുഎഇ എംബസിയാണ് അടച്ചത്. ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം; ചര്‍ച്ചയുടെ പാതയിലേക്ക് തിരികെ വരണം എന്ന് ഇന്ത്യ
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ വിലയിരുത്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ഇറാനിലുള്ള ആക്രമണവും ഇറാന്റെ തിരിച്ചടിയും യോഗം വിലയിരുത്തി. ശത്രുത അവസാനിപ്പിക്കണമെന്നും ചര്‍ച്ചയുടെ പാതയിലേക്ക് തിരികെ വരണം എന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
എത്രയും വേഗം വീടുകളില്‍ നിന്നും ഒഴിഞ്ഞുപോകണം; ലെബനനിലെ 53 ഗ്രാമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍
ലെബനനിലെ ബിന്‍ത് ജബേല്‍ അടക്കമുള്ള 53 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍. എത്രയും വേഗം ഇവിടെ നിന്ന് ഒഴിഞ്ഞു പോകണം എന്നാണ് ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. പക്ഷെ ഇത്രയും വലിയ ഭൂപ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി എവിടേക്ക് ഒഴിഞ്ഞു മാറാന്‍ കഴിയുമെന്നത് ചോദ്യമായി അവശേഷിക്കുകയാണ്. ഇറാന് പിന്തുണയുമായി ഹിസ്ബുള്ള നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ ലെബനനില്‍ നടത്തുന്നത്.
പാമ്പിന്‍റെ തല വെട്ടി മാറ്റി, IRGCക്ക് ഇനി ആസ്ഥാനമില്ല; ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടേത്: അമേരിക്ക
റാനിലെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) ആസ്ഥാനം തകർത്തെന്ന അവകാശവാദവുമായി അമേരിക്ക. ഐആർജിസിക്ക് ഇനിയൊരു ആസ്ഥാനമില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദിയാണ്. പാമ്പിന്റെ തല വെട്ടി മാറ്റി, ഐആർജിസിക്ക് ഇനി ആസ്ഥാനമില്ല എന്നാണ് ആക്രമണ വിവരം പങ്കുവെച്ച് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; ഇറാന് മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങള്‍. വിവേചനരഹിതവും ക്രൂരവുമായ മിസൈല്‍ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങള്‍ക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. യുഎസ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ
ഏഴ് രാജ്യങ്ങള്‍ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാന് മുന്നറിയിപ്പ് നല്‍കുന്നത്. ജിസിസി രാജ്യമായ ഒമാന്‍ പ്രസ്താവനയുടെ ഭാഗമായിട്ടില്ല. അതേസമയം, ഗള്‍ഫ് മേഖലകളിലെ യുഎസ് സെെനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇറാന്‍റെ നിലപാട്.
കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് സര്‍വീസുകള്‍
8.10നും 2.25 നും ഒമാന്‍ എയര്‍വെയ്‌സ് മസ്‌ക്കറ്റിലേക്ക് സര്‍വീസ് നടത്തും. 11.30ന് സൗദി എയര്‍ലൈന്‍സ് ജിദ്ദയിലേക്കും സര്‍വീസ് നടത്തും.
ഇറാനിലെ സ്‌കൂളിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 180 കടക്കുന്നു
ഇറാനിലെ മിനാബിലുള്ള സ്‌കൂളിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. മരിച്ച കുട്ടികളുടെ എണ്ണം 180 ആയെന്ന് ഇറാന്‍ ആരോഗ്യ വകുപ്പിന്റെ വക്താവ് അറിയിച്ചു. ഗാന്ധി ആശുപത്രിയിലേക്കും സമാനമായ മിസൈല്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രി ഒഴിപ്പിച്ചിരിക്കുകയാണ്.
ഇസ്രയേലിലെ ഹൈഫയില്‍ ഹിസ്ബുള്ള ആക്രമണം; ബെയ്‌റൂട്ടില്‍ തിരിച്ചടിച്ച് ഇസ്രയേല്‍
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയതില്‍ ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുള്ള. ഇസ്രയേലിലെ ഹൈഫയില്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേലും ആക്രമണം ആരംഭിച്ചിട്ടുണ്ട്.
ടെഹ്‌റാനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍
ഇറാനില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍. ഭീകര ഭരണകൂടത്തെ ഇല്ലാതാക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്.
ബഹ്‌റൈനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു മരണം
ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖ-വ്യവസായ മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മിസൈലുകള്‍ പ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ ഒരു 'വിദേശ കപ്പലില്‍' പതിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് ഏഷ്യന്‍ വംശജനായ ഒരാള്‍ മരിച്ചത് എന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടിത്തം ഇപ്പോള്‍ നിയന്ത്രണവിധേയമാക്കിയെന്നും ബഹ്‌റൈന്‍ അറിയിച്ചു.
സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചിടും
യുഎഇയില്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് അടച്ചിടും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സ്‌റ്റോക്ക് മാര്‍ക്കറ്റ് അടച്ചിടുക.
യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത് കുവൈത്തിലെ സൈനിക നീക്കത്തിനിടെ
മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത് കുവൈത്തിലെ സൈനിക നീക്കത്തിനിടെ. എന്‍ബിസിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുസിലെ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് രംഗത്തെത്തിയിരുന്നു.
തെഹ്‌റാനില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം?
തെഹ്‌റാനില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ജനവാസ മേഖലയില്‍ സ്‌ഫോടനമുണ്ടായതായാണ് വിവരം. തെഹ്‌റാനിലെ എംബസി അടയ്ക്കാന്‍ യുഎഇ ആലോചിക്കുന്നതായി സൂചനയുണ്ട്. അംബാസഡറെ പിന്‍വലിച്ചേക്കുമെന്നും വിവരം.
ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രതിരോധ സേന
അമേരിക്കയുമായുള്ള സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ കൊലപ്പെടുത്തിയവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രതിരോധ സേന. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി, ഇറാനിയന്‍ ചീഫ് ഓഫ് സ്റ്റാഫ് അബ്ദോള്‍ റഹീം മൊസാവി, ഇറാനിയന്‍ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മൊഹമ്മദ് ഹൊസൈന്‍ ബാഗ്‌ഹെരി അടക്കം പതിനഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. നേരത്തെ കൊലപ്പെടുത്തിയ നേതാക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഹമാസ് നേതാക്കളായ യഹിയ സിന്‍വര്‍, മുഹമ്മദ് സിന്‍വര്‍ അടക്കമുള്ളവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

യുകെയുടെ ആദ്യ പ്രത്യക്ഷ ഇടപെടല്‍
ഇറാനെതിരായ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ യുകെയുടെ ആദ്യ പ്രത്യക്ഷ ഇടപെടല്‍. ഖത്തറിനെ ലക്ഷ്യംവെച്ച ഇറാന്റെ ഡ്രോണ്‍
വെടിവെച്ചിട്ടു. യുകെ പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പതിനൊന്ന് പേരെ കാണാനില്ലെന്ന് ഇസ്രയേല്‍
ഇറാന്റെ പ്രത്യാക്രമണത്തിനിടെ പശ്ചിമ ജെറുസലേമില്‍ പതിനൊന്ന് പേരെ കാണാനില്ലെന്ന് ഇസ്രയേല്‍ പൊലീസ്. ഇസ്രയേലി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുഎഇ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായി അപലപിച്ചതായി മോദി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനം ആക്രമിക്കപ്പെട്ടു: റിപ്പോര്‍ട്ട്
ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനം ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ജീവനക്കാരെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാശനഷ്ടം കണക്കാക്കി വരുന്നതായി ജീവനക്കാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ മാസം നടന്ന സംഘര്‍ഷത്തിലും ഈ ആസ്ഥാനം അക്രമിക്കപ്പെട്ടിരുന്നു.
'കനത്ത പ്രത്യാഘാതമുണ്ടാകും'
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെടാനിടയായ ആക്രമണം നയിച്ച അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാന്‍. കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം ഇന്ന് പത്തോളം ഡ്രോണുകള്‍ തകര്‍ത്തതായി ഇറാന്‍ സൈന്യം അറിയിച്ചു.
ഇറാന് പിന്തുണയുമായി വടക്കന്‍ പാകിസ്താനില്‍ പ്രതിഷേധം; ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇറാന് പിന്തുണയുമായി വടക്കന്‍ പാകിസ്താനില്‍ നടന്ന പ്രതിഷേധത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗില്‍ജിറ്റ് സിറ്റിയിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. നേരത്തേ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിനിടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയുടെയും ബ്രിട്ടന്റെയും ഓയില്‍ ടാങ്കുകള്‍ ആക്രമിച്ചെന്ന് ഇറാന്‍
അമേരിക്കയുടെയും ബ്രിട്ടന്റെയും ഓയില്‍ ടാങ്കുകള്‍ ആക്രമിച്ചെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്. അമേരിക്കയുടെ മൂന്ന് ഓയില്‍ ടാങ്കുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ ഓയില്‍ ടാങ്കുകള്‍ക്ക് തീപിടിച്ചതായി വിവരമുണ്ട്.
ഖത്തറിലെ ഇറാന്‍ ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്
ഖത്തറിലെ ഇറാന്‍ ആക്രമണത്തില്‍ മലയാളിക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശിക്കാണ് പരിക്കേറ്റത്.
ഇറാന്‍ നേതൃനിരയിലെ 48 പേരെ വധിച്ചെന്ന് ഡോണള്‍ഡ് ട്രംപ്
ഇറാന്‍ നേതൃനിരയിലെ 48 പേരെ വധിച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിനോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിജയം ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്നും 48 പേര്‍ ഒറ്റയടിക്ക് ഇല്ലാതായെന്നും ട്രംപ് പറഞ്ഞു.
'അടിയന്തര വെടിനിര്‍ത്തല്‍ വേണം'
ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ അപലപിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് അന്‍വര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ പശ്ചിമേഷ്യയെ ഭീതിയിലാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാകണം: ഒമാന്‍
സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാകണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം.
'മൗനം ലജ്ജാകരം'; ഖമനയിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
ഖമനയിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം ചോദ്യംചെയ്ത് കോണ്‍ഗ്രസ്. മൗനം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും പവന്‍ ഖേരയും പറഞ്ഞു. ഇന്ത്യ മുന്‍പൊരിക്കലും ഇത്രയും ദുര്‍ബലമായിട്ടില്ല. അമേരിക്കയെയും ഇസ്രയേലിനെയും വിമര്‍ശിക്കാന്‍ മോദി സര്‍ക്കാര്‍ മടി കാണിക്കുകയാണ്. ഇന്ത്യ ഇതുവരെ നിലകൊണ്ട ആശയങ്ങളോടുള്ള വഞ്ചനയാണിതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
'ഈ യുദ്ധത്തില്‍ മനുഷ്യര്‍ ജയിക്കണം'
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഈ യുദ്ധത്തിലും മനുഷ്യര്‍ ജയിക്കണം എന്ന് മമ്മൂട്ടി പറഞ്ഞു. മനുഷ്യര്‍ അല്ലെങ്കില്‍ മനുഷ്യത്വമെങ്കിലും ജയിക്കണം. സിനിമ ചര്‍ച്ചകളില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ട്. ചിലര്‍ ജയിക്കും, ചിലപ്പോള്‍ രണ്ട് കൂട്ടരും തോല്‍ക്കും. ഇപ്പോള്‍ പുറത്ത് ഒരു യുദ്ധം നടക്കുകയാണ്. ആര് ജയിക്കും എന്ന് അറിയില്ല. മനുഷ്യര്‍ ജയ്ക്കണം എന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അബുദാബി അല്‍ സലാം നേവല്‍ ബേസില്‍ ഡ്രോണ്‍ ആക്രമണം
അബുദാബി അല്‍ സലാം നേവല്‍ ബേസില്‍ ഡ്രോണ്‍ ആക്രമണം. വെയര്‍ഹൗസിലെ രണ്ട് കണ്ടെയ്‌നറുകള്‍ക്ക് തീപിടിച്ചു. ആളപായമില്ല. രണ്ട് ഇറാനി ഡ്രോണുകള്‍ സൈനിക താവളത്തില്‍ എത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആക്രമണത്തെ യുഎഇ പ്രതിരോധ മന്ത്രാലയം അപലപിച്ചു.
ഖമനയിയുടെ കൊലപാതകം രാജ്യാന്തര നിയമങ്ങളുടെ ലംഘനം: ഷെഹ്ബാസ് ഷെരീഫ്
ഖമനയിയുടെ കൊലപാതകം രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്താന്‍ ജനത ഇറാന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
യുഎഇയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
യുഎഇയിലെ ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയം. പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 58 പേര്‍ക്ക് പരിക്കേറ്റു. 20 ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരേധിച്ചതായി യുഎഇ അവകാശപ്പെട്ടു. 21 ഡ്രോണുകള്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ പതിച്ചു. രണ്ട് ദിവസത്തിനിടെ നേരിട്ട 541 ഡ്രോണുകളില്‍ 311 എണ്ണത്തെ പ്രതിരോധിച്ചു. 165 ബാലിസ്റ്റിക് മിസൈലുകളെയും രണ്ട് ക്രൂയിസ് മിസൈലുകളെയും നേരിട്ടതായി യുഎഇ പറഞ്ഞു.
യുഎസ് പടക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കനെ ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്
യുഎസ് പടക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കനെ ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. നാല് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതായാണ് വിവരം. ദി ടൈംസ് ഓഫ് ഇസ്രയേല്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.
കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു മരണം
കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം. 32 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അല്‍-അദന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
'ലക്ഷ്യംവെയ് ക്കുന്നത് അമേരിക്കയെ മാത്രം'
അമേരിക്കയെ മാത്രമാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ഇറാന്‍. സുപ്രിം നാഷണല്‍ സെക്യൂരിട്ടി കൗണ്‍സില്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം പഞ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് എതിരല്ലെന്നും സുപ്രിം നാഷണല്‍ സെക്യൂരിട്ടി കൗണ്‍സില്‍ സെക്രട്ടറി വ്യക്തമാക്കി.
ഖമനയിയുടെ പാത തന്നെ പിന്തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പാത തന്നെ പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
'അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച് പോരാടിയ വിപ്ലവകാരി'; ഖമനയിയെ അനുസ്മരിച്ച് പാണക്കാട് മുനവറലി തങ്ങള്‍
ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും അപൂര്‍വമായ നിര്‍ഭയത്വവും കൊണ്ട് നിര്‍വചിക്കപ്പെട്ട ജീവിതമാണ് ആയത്തുള്ള അലി ഖമനയിയെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമ്രാജ്യത്വ സയണിസ്റ്റ് നെക്സസിന്റെ അനീതിക്കെതിരെ ഒരിക്കല്‍ പോലും തലകുനിക്കാത്ത ആളാണ് ഖമനയി. അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ ഖമനയി പോരാടിയെന്നും മുനവറലി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മരണം എട്ടായി
ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മരണം എട്ടായി. ഇസ്രയേലിലെ ബൈത്ത് ഷമാഷിലായിരുന്നു ഇറാന്റെ ആക്രമണം. 27ഓളം ആളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ആയുധം കൊണ്ട് സമാധാനം സ്ഥാപിക്കാനാവില്ല: ലിയോ മാര്‍പാപ്പ
യുദ്ധം അവസാനിപ്പിക്കണമെന്നും നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക സഭാ പരമാധ്യക്ഷന്‍ ലിയോ മാര്‍പാപ്പ. ആയുധം കൊണ്ട് സമാധാനം സ്ഥാപിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ
സര്‍വാധിപതിയാകാന്‍ ആഗ്രഹിക്കുന്ന അമേരിക്ക കൊള്ളസംഘത്തെ പോലെ പെരുമാറുന്നു; ഖമനയിയുടെ കൊലപാതകത്തെ അപലപിച്ച് ഉത്തര കൊറിയ
ഇറാനില്‍ യുഎസ്-ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഉത്തര കൊറിയ. തികച്ചും നിയമവിരുദ്ധമായ ആക്രമണമാണ് നടക്കുന്നതെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന നടപടിയാണ് ഇതെന്നും ഉത്തര കൊറിയ പറഞ്ഞു. സര്‍വാധിപതികളാകാന്‍ ശ്രമിക്കുന്ന, കൊള്ളസംഘത്തെ പോലെ പെരുമാറുന്ന അമേരിക്കയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തര കൊറിയ പറഞ്ഞു. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിന്റെ പ്രസ്താവന പുറത്തുവിട്ടത്.
ഇറാനില്‍ ശക്തമായ ആക്രമണം തുടരും: ഇസ്രയേല്‍ പ്രതിരോധ മന്ത്രി
ടെഹ്‌റാനില്‍ ശക്തമായ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ്. ലക്ഷ്യം വെച്ചിരിക്കുന്ന എല്ലാ ടാര്‍ഗറ്റുകളും ആക്രമിക്കുകയും ഇറാനിലെ നിലവിലെ ഭരണകൂടത്തെ പൂര്‍ണമായി തകര്‍ക്കുകയും ചെയ്യുമെന്നാണ് ഇസ്രയേല്‍ മന്ത്രിയുടെ വാക്കുകള്‍
ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ അടിയന്തര യോഗം ചേരും: റിപ്പോര്‍ട്ട്
ഗള്‍ഫ് രാജ്യങ്ങളിലെ (ജിസിസി) വിദേശകാര്യ വകുപ്പ് മന്ത്രിമാര്‍ ഇന്ന് അടിയന്തര യോഗം ചേര്‍ന്നേക്കുമെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കൂടിക്കാഴ്ച നടത്തുക. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസിയില്‍ ഉള്ളത്.
ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സിലിലേക്ക് അലിറേസ അരാഫിയും
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഇറാന്റെ ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിച്ചു. സുരക്ഷാ സമിതിയിലെ അംഗമായിരുന്ന അല്‍റേസ അരാഫിയെയും ലീഡര്‍ഷിപ്പ് കൗണ്‍സലിലേക്ക് നിയമിച്ചിരിക്കുകയാണ്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗോലം-ഹുസൈന്‍ മുഹ്‌സേനി എജേയ് എന്നിവരാണ് മൂന്നംഗ കൗണ്‍സിലിലെ മറ്റ് പ്രതിനിധികള്‍.
ഗള്‍ഫില്‍ നാളത്തെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് ശേഷമുളള പരീക്ഷകളുടെ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനിക്കുക.
ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍
ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഒരു 'ഭീകരരാജ്യത്തിന്റെ' ഹെഡ് ക്വാര്‍ട്ടേഴ്‌സ് തകര്‍ക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ഇസ്രയേല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോറിങ് ലയണ്‍ എന്നാണ് കഴിഞ്ഞ ദിവസം തുടങ്ങിയ ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയിരിക്കുന്ന പേര്.
ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലിലെ 40 കെട്ടിടങ്ങള്‍ തകര്‍ന്നു: റിപ്പോര്‍ട്ട്
ഇറാനിലെ ടെല്‍ അവീവിലെ വിവിധ പ്രദേശങ്ങളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 40 കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും ഹോട്ടലുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ബങ്കറുകളിലേക്ക് ആളുകള്‍ മാറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിങ്ങളുടെ അയല്‍ക്കാരുമായല്ല നിങ്ങളുടെ യുദ്ധമെന്ന് ഓര്‍ക്കണം: ഇറാനോട് യുഎഇ നയതന്ത്ര വിദഗ്ധന്‍
ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം അഴിച്ചുവിടുന്നത് ഇറാന് ഗുണകരമായിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ നയതന്ത്ര വിദഗ്ധനും പ്രസിഡിന്റെ ഉപദേശകനുമായ അന്‍വര്‍ ഗര്‍ഘാഷ്.
അയല്‍ക്കാരുമായുള്ള യുദ്ധമല്ല ഇതെന്ന് ഇറാന്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിയാദില്‍ സ്‌ഫോടന ശബ്ദങ്ങള്‍
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും ഇറാന്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അബുദാബിയിലെ ഇത്തിഹാദ് ടവറില്‍ ഡ്രോണ്‍ ആക്രമണം. കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്.
ഇസ്രയേൽ കൊലപ്പെടുത്തിയ മുഹമ്മദ് പക്പോറിന് പകരക്കാരനായി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡറായി അഹ്മദ് വാഹിദിയെ നിയമിച്ചു.

ടെഹ്റാനിൽ തുടരെത്തുടരെ സ്‌ഫോടനങ്ങൾ. ഇറാന്‍റെ ഹൃദയഭാഗത്ത് തന്നെ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍.
ഒമാനിലെ ദുക്കം തുറമുഖത്ത് ഇറാന്‍ ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
ഒമാനില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഇസ്രയേല്‍. ഒമാനിലെ ദുക്കം തുറമുഖത്തേക്ക് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു എന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്നാണ് ഒമാന്‍ അറിയിക്കുന്നത്. യുഎസ് സെെനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇറാന്‍ അറിയിക്കുന്നത്.
പാകിസ്താനിൽ പ്രതിഷേധക്കാർക്കെതിരെ യുഎസ് സൈനികരുടെ വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
പാകിസ്താനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ ഷിയാ വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത് യുഎസ് സുരക്ഷാ സേന. വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു എന്നാണ് പാകിസ്താനിലെ സോഴ്‌സുകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു എന്നും പറയപ്പെടുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധമാണ് പാകിസ്താനിൽ നടന്നത്. കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ ഇരച്ചെത്തി ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. പിന്നീട് കോൺസുലേറ്റ് ബിൽഡിങ്ങിന് തീയിട്ടു എന്നുമാണ് റിപ്പോർട്ട്.
യുഎഇയിലേക്ക് ഇറാന്‍ പ്രയോഗിച്ചത് 137 മിസൈലുകളും 209 ഡ്രോണുകളും : യുഎഇ പ്രതിരോധ മന്ത്രാലയം
യുഎഇയിലേക്ക് ഇറാന്‍ 137 മിസൈലുകളും 209 ഡ്രോണുകളും പ്രയോഗിച്ചുവെന്ന് ഔദ്യോഗികമായി അറിയിച്ച് യുഎഇ പ്രതിരോധ മന്ത്രാലയം. അബുദാബിയിലെ വിമാനത്താവളത്തിലുണ്ടായ 'അപകടത്തില്‍' ഒരാള്‍ മരണപ്പെട്ടുവെന്നും ഏഴ് പേര്‍ക്ക് പരിക്കേറ്റുവെന്നും യുഎഇ അറിയിച്ചു.
ഇറാനെ വിഭജിക്കാൻ ശ്രമിക്കുകയാണ് ഇസ്രയേൽ, അമേരിക്ക മോഷ്ടിക്കാനും: ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി
ഇറാനെ വിഭജിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജനി. വലിയ രാജ്യങ്ങളെ വിഭജിച്ചല്ലാതെ നിലനിൽപ്പിന് കഴിയാത്തത് കൊണ്ടാണ് ഇസ്രയേൽ നീചമായ ആക്രമണം നടത്തുന്നതെന്ന് ലാരിജനി പറഞ്ഞു. ഇറാനിൽ നിന്നും ധാതുസമ്പത്തും മറ്റ് ഊർജ സ്രോതസ്സുകളും കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ' അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഇറാന്റെ ഹൃദയങ്ങളിലാണ് തീ കോരിയിട്ടത്. ഞങ്ങൾ അവരുടെ ഹൃദയങ്ങളിലും മുറിവേൽപ്പിക്കും,' ലാരിജനി പ്രതികരിച്ചു.
പാകിസ്താനിലെ യുഎസ് കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍
പാകിസ്താനിലെ കറാച്ചിയിലുള്ള യുഎസ് കോണ്‍സുലേറ്റിന് നേരെ പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധമാണ് പാകിസ്താനില്‍ നടക്കുന്നത്. കോണ്‍സുലേറ്റിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചെത്തി ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. പിന്നീട് കോണ്‍സുലേറ്റ് ബില്‍ഡിങ്ങിന് തീയിട്ടു എന്നുമാണ് റിപ്പോര്‍ട്ട്.
സൈനിക മേധാവി അബ്ദുല്‍റഹീം മൗസവി കൊല്ലപ്പെട്ടു; സ്ഥിരീകിരിച്ച് ഇറാന്‍ മാധ്യമം

ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം ഉണ്ടാകും: വീണ്ടും ഭീഷണിയുമായി ട്രംപ്
ഇറാന്‍ പ്രത്യാക്രമണത്തിന് മുതിര്‍ന്നാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഇറാന്‍ കടുത്ത ആക്രമണം നടത്തുമെന്നാണ് പറയുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം നടത്തുമെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നതാകും അവര്‍ക്ക് നല്ലത്. കാരണം അവര്‍ ആക്രമിച്ചാല്‍, ഇതുവരെ കാണാത്ത അത്രയും ശക്തിയില്‍ നമ്മള്‍ അവരെ തിരിച്ച് ആക്രമിക്കും,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
ഖമനയിയുടെ വധം; തെരുവില്‍ കണ്ണീരും പ്രതിഷേധവുമായി ഇറാന്‍ ജനത
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനിയെ ഇസ്രയേലും യുഎസും സംയുക്താക്രമണം നടത്തി കൊലപ്പെടുത്തിയതിന് പിന്നാലെ തെരുവിലിറങ്ങി ഇറാന്‍ ജനത. മരണത്തില്‍ അനുശോചിച്ചും ഇസ്രയേലിനും യുഎസിനുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ആയിരക്കണക്കിന് പേര്‍ തെരുവില്‍ പ്രതിഷേധവുമായി എത്തിയത്.
ഇസ്രയേലിലും ആക്രമണം ശക്തമാക്കിയെന്ന് ഇറാന്‍
യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഇസ്രയേലിലെ സൈനിക പ്രാധാന്യമുള്ള കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇസ്രയേലി ടെല്‍ നോഫ് എയര്‍ബേസ്, ടെല്‍ അവീവിലെ ഹകിര്‍യ സൈനിക ഹെഡ് ക്വാര്‍ട്ടേഴ്‌സ്, പ്രതിരോധ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ആക്രമണം നടത്തി എന്നാണ് ഇറാന്റെ വാക്കുകള്‍.
പശ്ചിമേഷ്യയിലെ 27 യുഎസ് ആര്‍മി ബേസുകളിലും ആക്രമണം നടത്തി: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്
ഇസ്രയേലിനും യുഎസിനും എതിരെയുള്ള ആക്രമണം കടുപ്പിക്കാന്‍ ഉറച്ച് ഇറാന്‍. പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക കേന്ദ്രങ്ങളിലേക്കും ആക്രമണം നടത്തിയെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗള്‍ഫ് മേഖലയിലെ യുഎസ് വ്യോമത്താവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം
ചെറിയ ഇടവേളയ്ക്ക് ശേഷം ഇറാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയതായി സൂചനകള്‍.
ബഹ്‌റൈന്‍, ദുബായ്, ദോഹ തുടങ്ങിയ ഗള്‍ഫ് മേഖലകളിലെ യുഎസ് ആര്‍മി ബേസുകളിലേക്കാണ് ആക്രമണം നടക്കുന്നത്. സ്ഫോടന ശബ്ദങ്ങള്‍ കേട്ടു എന്ന് പ്രദേശവാസികള്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ ഭരണക്രമങ്ങളും നിയന്ത്രണവും മൂന്നംഗ സമിതി ഏറ്റെടുക്കും
പരമോന്നത നേതാവ് കൊല്ലപ്പെട്ടതോടെ ഇറാന്റെ ഭരണക്രമങ്ങളും നിയന്ത്രണവും മൂന്നംഗ സമിതി ഏറ്റെടുക്കും. ഇറാനിയൻ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരടങ്ങുന്നതാണ് സമിതി.
ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; 30 ഇടങ്ങളില്‍ സ്‌ഫോടനം
ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഇറാനിലെ 30 ഇടങ്ങളിലാണ് പുതുതായി ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. ഇറാനിലെ വടക്ക്, മധ്യ പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേലിന്റെ വാക്കുകള്‍.
'അവരെ വെറുതെ വിടില്ല, പ്രതികാരം ചെയ്യും': ഖമനയിയെ കൊലപ്പെടുത്തിയതില്‍ കടുത്ത പ്രതികരണവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്
പരമോന്നത അധികാരി ആയത്തൊള്ള അലി ഖമനയിയെ ഇസ്രയേല്‍-അമേരിക്ക സംയുക്താക്രമണം നടത്തി കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികാര നടപടി പ്രഖ്യാപിച്ച് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(IRGC). അമേരിക്കയുടെ 'തീവ്രവാദ കേന്ദ്രങ്ങള്‍'ക്കെതിരെ ഏറ്റവും വിനാശകരമായ ആക്രമണം ഉടന്‍ നടത്തുമെന്ന് ഐആര്‍ജിസി പ്രതികരിച്ചു.
'അവരെ ഒരിക്കലും വെറുതെ വിടില്ല. ഇറാന്റെ പ്രതികാരം അവര്‍ അറിയും. മനുഷ്യരാശി കണ്ട ഏറ്റവും പൈശാചികരായ ഭീകരവാദികളുടെ ആക്രമണത്തില്‍ അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. അദ്ദേഹം രാജ്യത്തിനായി നടത്തിയ സേവനം എത്രമാത്രം മഹത്തരമായിരുന്നു എന്നതിന്റെ തെളിവാണത്' IRGC പ്രതികരിച്ചു.
'ഖമനയിയുടെ മരണത്തോടെ ഇറാനില്‍ സ്വാതന്ത്ര്യത്തിന്റെ നാളുകള്‍ അടുത്തു'; ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് റെസ പെഹ്‌ലവി
ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനയിയെ കൊലപ്പെടുത്തിയതിലും പ്രതികരണവുമായി റെസ പഹ്‌ലവി. രക്തദാഹിയും കുറ്റവാളിയുമായ ഖമനയിയയുടെ മരണത്തിലൂടെ ഇറാനിലെ ഇസ്ലാമിക് ഭരണകൂടത്തിന് അവസാനമായിരിക്കുകയാണ് എന്നാണ് റെസ പഹ്‌ലവിയുടെ വാക്കുകള്‍. ഇറാന്റെ ധീരരായ മക്കള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനായി വലിയ വില കൊടുക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അവരുടെ സ്വാതന്ത്ര്യത്തിന്റെ നാളുകള്‍ എത്തിയിരിക്കുന്നു. എല്ലാത്തിനും ഡോണള്‍ഡ് ട്രംപിന് നന്ദി പറയുന്നു എന്നാണ് റെസ പഹ്‌ലവി എക്‌സിലൂടെ നടത്തിയ പ്രതികരണം.
1978ലെ ഇസ്ലാമിക് വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട ഷാ ഭരണകൂടത്തിന്റെ പിന്‍ഗാമിയാണ് റെസ പഹ്‌ലവി. ഇദ്ദേഹം വര്‍ഷങ്ങളായി അമേരിക്കയില്‍ അഭയം തേടിയിരിക്കുകയാണ്.
'ഖമനയി രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചു'; ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം
ഇറാന്‍ പരമോന്നത അധികാരി ആയത്തുള്ള അലി ഖമനയിയുടെ മരണത്തില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇറാന്‍. രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചിരിക്കുകയാണ് ഖമനയി എന്നാണ് ഇറാന്‍ പ്രതികരിക്കുന്നത്.
ഖമനയി കൊല്ലപ്പെട്ടു; ഇറാന്‍ ദേശീയ മാധ്യമം സ്ഥിരീകരിച്ചു
ഇറാന്‍ പരമോന്നത അധികാരി ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടു. യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനയിയെ കൊലപ്പെടുത്തിയെന്ന് ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇറാന്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഖമനയി സുരക്ഷിതനാണെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇറാന്‍ തന്നെ ഔദ്യോഗികമായി ഖമനയിയുടെ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്.
യുഎന്‍ രക്ഷാസമിതിയില്‍ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ രൂക്ഷ വിമര്‍ശനം: അല്‍ ജസീറ റിപ്പോര്‍ട്ട്
ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിയത് കടുത്ത ആക്രമണമാണെന്ന് വിമര്‍ശിച്ച് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. യുഎന്‍ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ വെച്ചാണ് ജനറല്‍ സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചത്. ഇറാന്റെ പ്രത്യാക്രമണത്തെയും ഗുട്ടറസ് അപലപിച്ചു. കൈവിട്ടുപോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു. അല്‍ ജസീറയാണ് രക്ഷാസമിതി ചര്‍ച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ടെഹ്‌റാനിലും ഇസ്രായേല്‍ ആക്രമണം
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും പ്രതിരോധ സംവിധാനവും ലക്ഷ്യം വെച്ചുള്ള ആക്രമണത്തിലേക്ക് കടന്നുവെന്ന് ഇസ്രായേല്‍ പട്ടാളം. ടെഹ്‌റാനിലും ഇറാന്റെ മധ്യപ്രദേശങ്ങളിലും
ഇസ്രായേല്‍ ആക്രമണം തുടരുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
ഖമനയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്
യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ മകളും ഭര്‍ത്താവും പേരക്കുട്ടിയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ ദേശീയ മാധ്യമം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടപെടലുമായി ഇന്ത്യ
സൗദി വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ച് എസ് ജയശങ്കർ
ദുബായ് ജബല്‍അലി തുറമുഖത്ത് തീപിടിത്തം
ദുബായിലെ ജബല്‍അലി തുറമുഖത്ത് തീപിടിത്തം. തുറമുഖത്തിന്റെ ഒരു ബര്‍ത്തില്‍ വ്യോമാക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല.
യോഗം വിളിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. തിങ്കളാഴ്ച രാവിലെയാണ് യോഗം വിളിച്ചിരിക്കുന്നത്. റഷ്യയുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇറാന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം: റിപ്പോര്‍ട്ട്
ഇറാന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; മരണസംഖ്യ 115 ആയി
ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്.
അട്ടിമറി വിജയിച്ചാല്‍ ഇറാന്‍ ആര് ഭരിക്കുമെന്ന് ചോദ്യം; വ്യക്തമായ ധാരണയുണ്ടെന്ന് ട്രംപിന്റെ മറുപടി
അട്ടിമറി വിജയിച്ചാല്‍ ഇറനെ ആര് ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ലക്ഷ്യം ഫലം കണ്ടാല്‍ ഇറാന്‍ ആര് ഭരിക്കുമെന്ന എബിസി ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തോടായിരുന്നു ട്രംപിന്റെ പ്രതികരണം
ചിത്രങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
ഇറാനിലെ സൈനിക നീക്കം നിരീക്ഷിക്കുന്ന ട്രംപിൻ്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്


യുദ്ധം നിര്‍ത്താന്‍ അപേക്ഷിച്ച് ബഹ്റൈനില്‍ നിന്ന് മലയാളി പെണ്‍കുട്ടി
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളെയും ബാധിച്ചിരിക്കെ യുദ്ധം അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി ഒരു പെണ്‍കുട്ടി. ബഹ്‌റൈനില്‍ താമസിക്കുന്ന വേദ എന്ന പെണ്‍കുട്ടിയാണ് യുദ്ധം നിര്‍ത്തണമെന്ന അപേക്ഷയുമായി രംഗത്തെത്തിയത്. 'പ്ലീസ് സ്റ്റോപ് ദ വാര്‍. ഞാന്‍ ഇത്രയും നേരം പേടിച്ചിരിക്കുകയായിരുന്നു. അലാറമൊക്കെ കേട്ട് പേടിച്ചു. നമ്മള്‍ കുട്ടികളാണ്. ദയവായി യുദ്ധം അവസാനിപ്പിക്കൂ' എന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്.

ബുര്‍ജ് അല്‍ അറബിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
ദുബായിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഹോട്ടലിന്റെ പുറംഭാഗത്ത് ചെറിയ തീപിടിത്തമുണ്ടായി. സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുഎഇയില്‍ വ്യാപക ഡ്രോണ്‍ ആക്രമണവുമായി ഇറാന്‍
യുഎഇയില്‍ വ്യാപക ഡ്രോണ്‍ ആക്രമണവുമായി ഇറാന്‍. 195 ഡ്രോണുകള്‍ തകര്‍ത്തെന്ന് യുഎഇ
ഇസ്രയേല്‍ ആക്രമണത്തില്‍ നൂറോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ അംബാസഡര്‍
ഇസ്രയേല്‍ ആക്രമണത്തില്‍ നൂറോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുഎന്നിനെ അറിയിച്ച് ഇറാന്‍ അംബാസഡര്‍. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അംബാസഡര്‍ യുഎന്നിനെ അറിയിച്ചു.
തിരിച്ചടിച്ച് ഇറാന്‍; ടെല്‍ അവീവില്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ഇസ്രയേലിലെ ടെല്‍ അവീവില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

വിമാനത്താവളത്തിന് നേരെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ദുബായിലെ മീഡിയ ഓഫീസാണ് ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ വിമാനത്താവള മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, ആളില്ല വിമാനങ്ങള്‍ അടക്കമുള്ളവയ്ക്ക് ഒരാഴ്ച നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേലിന് നേരെ വീണ്ടും ആക്രമണം
ഇസ്രയേലിന് നേരെ വീണ്ടും ആക്രമണമെന്ന് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണം നടന്നുവെന്ന ആരോപണവുമായി ഇസ്രയേല്‍ സൈന്യം രംഗത്തെത്തി.
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി
ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്.
'ഖമനയി കൊല്ലപ്പെട്ടു' ; അവകാശവാദവുമായി ഡോണള്‍ഡ് ട്രംപ്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യനായ ഖമനയിയെ വധിച്ചു എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

'യുദ്ധം ലോക സമാധാനത്തിന് ഭീഷണി'
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ സുരക്ഷാ സമിതി. ആക്രമണങ്ങളെ യുഎന്‍ അപലപിച്ചു. യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇറാനിലെ 20 നഗരങ്ങള്‍ ആക്രമിക്കപ്പെട്ടതായി അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടുവെന്നും സമാധാന ശ്രമങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
ഇറാന്റെ പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം
ഇറാന്റെ ഏഴ് പ്രധാനപ്പെട്ട നേതാക്കള്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. ആയത്തുള്ള അലി ഖമനയിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.
ഇറാന് പിന്തുണ
ഇറാനെതിരെ അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധം. ഇറാന് പിന്തുണയുമായി ജനം തെരുവിലിറങ്ങി.
'ഖമനയി സുരക്ഷിതന്‍'
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന ഇസ്രയേല്‍ വാദം തള്ളി ഇറാന്‍. ഖമനയി സുരക്ഷിതനാണെന്ന് ഇറാന്‍ വിദേശ്യകാര്യ വക്താവ് അറിയിച്ചു. ശത്രു മനഃശാസ്ത്ര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാവരും കരുതിയിരിക്കണമെന്നും ഇറാന്‍ വിദേശ്യകാര്യ വക്താവ് വ്യക്തമാക്കി.
വര്‍ക്ക് ഫ്രെം ഹോം ഏര്‍പ്പെടുത്തി ഖത്തര്‍
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി ഖത്തര്‍.
വാദം തള്ളി ഇറാന്‍
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേല്‍ വാദം തള്ളി ഇറാന്‍ മാധ്യമങ്ങള്‍. ഖമനേയി ഇപ്പോഴും തിരിച്ചടിക്ക് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഖമനേയി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഖമനേയിയുടെ മൃതദേഹം കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'ഖമനേയി ജീവനോടെ ഉണ്ടാകാന്‍ സാധ്യതയില്ല'; അവകാശവാദവുമായി നെതന്യാഹു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖമനേയി ജീവിച്ചിരിക്കുന്നില്ലെന്നതിന് തെളിവുകളുണ്ടെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഖമനേയി കൊല്ലപ്പെട്ടുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചില്ല. അതേസമയം ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത തെരുവിലിറങ്ങണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒരുമിക്കണം. അവസരം പാഴാക്കരുത്. ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു.

സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ഇറാന്‍
സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി ഇറാന്‍. ഒരു പ്രകോപനവും ഇല്ലാതെയാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്. ഇറാന്റെ പരമാധികാരം കാത്ത് സൂക്ഷിക്കും. പ്രാകൃതമായ കടന്നാക്രമണത്തെ പ്രതിരോധിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഇസ്മായില്‍ ബഗായി പറഞ്ഞു.
ഇറാന്റെ ആക്രമണത്തില്‍ സംഭവിച്ചത് ലഘുവായ നഷ്ടം മാത്രമെന്ന് യുഎസ്
ഇറാന്റെ ആക്രമണത്തില്‍ സംഭവിച്ചത് ലഘുവായ നഷ്ടം മാത്രമെന്ന് അമേരിക്ക. ഇറാന്റെ നൂറിലധികം വരുന്ന മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും അമേരിക്ക പറഞ്ഞു.
കുവൈത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് നിയന്ത്രണം
കുവൈത്തില്‍ പള്ളികളില്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തറാവീഹ് നമസ്‌കാരം ഉണ്ടായിരിക്കില്ല. പള്ളികളില്‍ സമൂഹ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ 747 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 220 ഓളം റെഡ് ക്രസന്റ് അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
ഇറാൻ്റെ ആക്രമണത്തില്‍ കുവൈത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സായുധ സേനയിലെ മൂന്ന് അംഗങ്ങള്‍ക്ക് അടക്കമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇറാനിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഐഎഇഎ
ഇറാനിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. ഇതുവരെ റേഡിയേഷന്‍ ആഘാതം ഇല്ലെന്നും ഐഎഇഎ അറിയിച്ചു.
ഇറാനില്‍ ജിംനേഷ്യത്തില്‍ ഇസ്രയേല്‍ ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു
ഇറാനില്‍ ജിംനേഷ്യത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലമാര്‍ഡിലാണ് സംഭവം. കുട്ടികള്‍ അടക്കം സ്ഥലത്ത് ഉണ്ടായിരുന്നതായാണ് വിവരം.
പിന്തുണച്ച് കാനഡ
ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും പിന്തുണയുമായി കാനഡ.
യുഎന്നിന് ഇറാന്റെ കത്ത്
ഐക്യരാഷ്ട്രസഭയ്ക്ക് തുറന്ന കത്തുമായി ഇറാന്‍. സമാധാനം ഉറപ്പാക്കാന്‍ യുഎന്നിന് ബാധ്യതയുണ്ടെന്ന് ഇറാന്‍ കത്തില്‍ പറയുന്നു.
ഇറാന് പിന്തുണയുമായി ഹിസ്ബുള്ള
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണയുമായി ഹിസ്ബുള്ള. ഇറാന് പിന്നില്‍ അചഞ്ചലമായി നില്‍ക്കുമെന്ന് വ്യക്തമാക്കി ഹിസ്ബുള്ള പ്രസ്താവന പുറത്തിറക്കി.
ജാഗ്രതാ നിര്‍ദേശവുമായി ഖത്തര്‍
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഖത്തര്‍. ആളുകള്‍ വീടുകളില്‍ തുടരണമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. ജനലുകളുടെ അരികിലും തുറന്ന പ്രദേശങ്ങളിലും പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി
ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്.
അമേരിക്കയ് ക്കെതിരെ തെരുവിലിറങ്ങി ഇറാന്‍ ജനത
അമേരിക്കയുടെ പിന്തുണയോടെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇറാന്‍ ജനത. തെഹ്‌റാനില്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇറാന്‍ ജനത തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഫോണില്‍ സംസാരിച്ച് ട്രംപും നെതന്യാഹുവും
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പരസ്പരം ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. നെതന്യാഹുവിന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വജ്രായുധം പുറത്തെടുക്കാന്‍ ഇറാന്‍?
ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വജ്രായുധം പുറത്തെടുക്കാന്‍ ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചരക്ക് കപ്പലുകള്‍ യാത്ര നിര്‍ത്തിവെയ്ക്കുമെന്നാണ് വിവരം.
ഒന്‍പത് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ജര്‍മ്മനി
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത് രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി ജര്‍മ്മനി. ബഹ്‌റൈന്‍, ഇറാഖ്, ഇസ്രയേല്‍, ജോര്‍ദാന്‍, ഖത്തര്‍, കുവൈത്ത് ഒമാന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ജർമ്മനി വിലക്കിയത്.
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ജീവനക്കാര്‍ക്ക് നേരിയ പരിക്കേറ്റു. ആക്രമണത്തിന് തൊട്ടുപിന്നാലെ അടിയന്തര നടപടി സ്വീകരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്
ആക്രമണ സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുബായില്‍ വീണ്ടും സ്‌ഫോടനം
ദുബായില്‍ വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പാം ഐലന്‍സ് പരിസരത്ത് പുക ഉയരുന്നതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ചര്‍ച്ചയ്ക്ക് തയ്യാര്‍
യുഎസിന് താത്പര്യമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന് പിന്തുണയുമായി ചൈന
ഇറാന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്ന് ചൈന. അടിയന്തര വെടിനിര്‍ത്തല്‍ വേണം. ഇറാന്റെ പരാമാധികാരം, ദേശീയത എന്നിവയെ ബഹുമാനിക്കണം. ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഒഴിയാന്‍ നിര്‍ദേശം
ലെബനിനിലുള്ള യുഎസ് പൗരന്മാര്‍ എത്രയും വേഗം ഒഴിയണമെന്ന നിര്‍ദേശവുമായി യുഎസ് എംബസി. ഇറാനിലുള്ള പൗരന്മാര്‍ ഒഴിയണമെന്ന നിര്‍ദേശവുമായി റഷ്യയും രംഗത്തെത്തി.
ചബഹാറില്‍ സ്‌ഫോടനം
ഇറാന്റെ തുറമുഖ നഗരമായ ചബഹാറില്‍ സ്‌ഫോടനം
ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെ കൊല്ലപ്പെട്ടു?
ഇറാന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപലപിച്ച് അബ്ബാസ് അരാഗ്ചി
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പകല്‍വെളിച്ചത്തില്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണമെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു. നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദുബായ് വിമാനത്താവളം അടച്ചു
ഇറാന്‍-യുഎസ് യുദ്ധ പശ്ചാത്തലത്തില്‍ ദുബായ് വിമാനത്താവളം താത്ക്കാലികമായി അടച്ചു.
എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചു
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതി നിര്‍ത്തിവെച്ച് എണ്ണ കമ്പനികള്‍.
വടക്കന്‍ ഇറാഖിലും ആക്രമണം
വടക്കന്‍ ഇറാഖിലും ആക്രമണം. കുര്‍ദിഷ് മേഖലയിലുള്ള എര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ആക്രമണം തടഞ്ഞതായി വ്യോമപ്രതിരോധ സേന അറിയിച്ചു.
ലക്ഷ്യം ഇറാന്‍ ജനതയുടെ സ്വാതന്ത്ര്യമെന്ന് ഡോണള്‍ഡ് ട്രംപ്
ആക്രമണ ലക്ഷ്യം ഇറാന്‍ ജനതയുടെ സ്വാതന്ത്ര്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിതമായ രാജ്യമാണ് ലഭിക്കാന്‍ പോകുന്നതെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

ബഹ്‌റൈനിലെ ഇറാന്‍ ആക്രമണം; ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്
ബഹ്‌റൈനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്
'അനാവശ്യ യാത്രകള്‍ ഒഴിവാക്കണം'; ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഒമാനിലെ എംബസി
നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഒമാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാനിലെ എംബസി. പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഒമാന്‍ അധികൃതരും ഇന്ത്യന്‍ എംബസിയും പുറപ്പെടുവിപ്പിക്കുന്ന സുരക്ഷാ മാര്‍ദനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. ഏത് സാഹചര്യത്തിലും ഒമാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വഴി എംബസിയെ ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 80071234, വാട്സ്ആപ്പ്: +968 98282270
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി
ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്.
ഇറാന്റെ മിസൈല്‍ ആക്രമണം; അബുദാബിയില്‍ കൊല്ലപ്പെട്ടത് പാകിസ്താന്‍ പൗരന്‍
അബുദാബിയില്‍ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പാകിസ്താന്‍ പൗരനെന്ന് സ്ഥിരീകരണം. യുഎഇ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെയും ബന്ധുക്കളെയും അനുശോചനം അറിയിക്കുന്നതായി യുഎഇ ഭരണകൂടം അറിയിച്ചു.
ലോകസമാധാനത്തിനായി പ്രാത്ഥിക്കാന്‍ ആഹ്വാനം നല്‍കി പരിശുദ്ധ കാതോലിക്ക ബാവ
മധ്യേഷ്യയിലെ യുദ്ധ പശ്ചാത്തലത്തില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്ത് പരിശുദ്ധ കാതോലിക്ക ബാവ. മനുഷ്യകുലം വീണ്ടും യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചുഴിയില്‍ അകപ്പെടുകയാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും ആയുധങ്ങളുടെ പ്രഹരവും ലോകത്തെ അസമാധാനത്തിലേക്ക് വലിച്ചിടുകയാണെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഭരണാധികാരികള്‍ക്ക് വിവേകപൂര്‍ണമായ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കട്ടെ. യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്. അവിടെ ആയുധവ്യാപാരികള്‍ മാത്രം സന്തോഷിക്കുകയും സാധാരണക്കാരായ മനുഷ്യര്‍ ഹൃദയവേദനയോടെ കഴിയുകയും ചെയ്യുന്നു. സമാധാനത്തിന്റെ മാലാഖ ലോകത്തിന് മേല്‍ വസിക്കട്ടെയെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞു.
ജാഗ്രതാ നിര്‍ദേശവുമായി ഇസ്രയേല്‍
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിര്‍ദേശവുമായി ഇസ്രയേല്‍. പൊതുയോഗങ്ങള്‍ നിരോധിക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ആശുപത്രികള്‍ ഭൂഗര്‍ഭ സൗകര്യങ്ങളിലേക്ക് മാറണമെന്നും ഇസ്രയേല്‍ നിര്‍ദേശിച്ചു.
തെഹ്റാന് സമീപം സ്കൂളിൽ ആക്രമണം, രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
മിനാബിന് പിന്നാലെ തെഹ്റാൻ്റെ കിഴക്കൻ പ്രവിശ്യയിലെ സ്കൂളിലും ആക്രമണം. ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡൻ്റ്
യുഎസ്- ഇറാന്‍ യുദ്ധം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോ
വിമാനം റദ്ദാക്കി
7.25ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം റദ്ദാക്കി
തിരിച്ചടിച്ച് ഇറാൻ
ഇസ്രയേലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍
ഐആര്‍ജിസി മേധാവി മുഹമ്മദ് പക്പൂര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് മേധാവി മുഹമ്മദ് പക്പൂര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍. മുന്‍ മേധാവി ഹൊസൈന്‍ സലാമി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, മുഹമ്മദ് പക്പൂരിനെ പുതിയ കമാന്‍ഡര്‍ ഇന്‍ ചീഫായി നിയമിച്ചത്.
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; മരണം 40 ആയി
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം ഉയരുന്നു. നാല്‍പത് പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്. ആദ്യം അഞ്ചും പിന്നീട് 24 മരണവുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
'അമേരിക്കന്‍ സൈനിക താവളം ആക്രമിക്കും'; മുന്നറിയിപ്പുമായി കതൈബ് ഹിസ്ബുള്ള
അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള.
മധ്യേഷ്യയിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർലൈൻ കമ്പനികൾ
എയർ ഫ്രാൻസ്- ടെൽ അവീവിലേയ്ക്കും തിരിച്ചുമുള്ള ശനിയാഴ്ചത്തെ വിമാനങ്ങൾ റദ്ദാക്കി. ലെബനനിലെ ബെയ്റൂത്തിലേയ്ക്കുള്ള വിമാനങ്ങളും റദ്ദാക്കി.
ലൈബീരിയ എക്സ്പ്രസ്- ലൈബീരിയ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് എയർലൈൻ്റെ ടെൽ അവീവിലേയ്ക്ക് ശനിയാഴ്ച പറക്കേണ്ടിയിരുന്ന വിമാനം റദ്ദാക്കി.
ഇൻഡിഗോ- മധ്യേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി ഇൻഡിഗോ അറിയിച്ചു.
ജപ്പാൻ എയർലൈൻസ്- ശനിയാഴ്ച ടോക്കിയോയിൽ നിന്ന് ടെൽ അവീവിലേയ്ക്കും മാർച്ച് 1ന് തിരിച്ചുമുള്ള വിമാനങ്ങൾ ജപ്പാൻ എയർലൈൻസ് റദ്ദാക്കി.
എൽഒടി എയർലൈൻസ്- പോളിഷ് എയർലൈൻസ് വാഴ്സോയിൽ നിന്ന് ദുബായിലേക്കുള്ള LO121 വിമാനം തിരിച്ചയച്ചു.
ലുഫ്താൻസ - ജർമ്മൻ എയർലൈനായ ലുഫ്താൻസ മാർച്ച് 7 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും ലെബനനിലെ ബെയ്റൂട്ടിലേക്കും ഒമാനിലേക്കും ഉള്ള വിമാനങ്ങൾ വിമാനങ്ങൾ റദ്ദാക്കി. ശനിയാഴ്ചയും ഞായറാഴ്ചയും ദുബായിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങളും നിർത്തിവച്ചു. മാർച്ച് 7 വരെ ഇസ്രായേലി, ലെബനീസ്, ജോർദാനിയൻ, ഇറാഖി, ഇറാനിയൻ വ്യോമാതിർത്തി വഴി വിമാനങ്ങൾ പറക്കില്ലെന്നാണ് ലുഫ്താൻസ വ്യക്തമാക്കിയിരിക്കുന്നത്.
നോർവീജിയൻ എയർ - ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നോർഡിക് എയർലൈൻ ശനിയാഴ്ച നിർത്തിവെച്ചതായി നോർവീജിയൻ എയർ അറിയിച്ചു.
തുർക്കിഷ് എയർലൈൻസ് - ഖത്തർ, കുവൈറ്റ്, ബഹറൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ശനിയാഴ്ച വരെയും ലെബനൻ, സിറിയ, ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 2 വരെയും റദ്ദാക്കിയതായാണ് തുർക്കിഷ് എയർലൈൻ അറിയിച്ചിരിക്കുന്നത്.
വിർജിൻ അറ്റ്ലാന്റിക് - ഇറാഖി വ്യോമാതിർത്തി താൽക്കാലികമായി ഒഴിവാക്കുമെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള വിർജിൻ അറ്റ്ലാന്റിക് എയർലൈൻ അറിയിച്ചിരിക്കുന്നത്. അതിനാൽ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ശനിയാഴ്ച ലണ്ടനിലെ ഹീത്രൂവിൽ നിന്ന് ദുബായിലേക്കുള്ള VS400 സർവീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഖത്തർ എയർവേയ്‌സ് - ഖത്തർ വ്യോമാതിർത്തി അടച്ചതിനാൽ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.
ദോഹയിലും അബുദാബിയിലും വീണ്ടും സ്‌ഫോടന ശബ്ദം?
ദോഹയിലും അബുദാബിയിലും വീണ്ടും സ്‌ഫോടന ശബ്ദങ്ങളെന്ന് റോയിട്ടേഴ്‌സ്.
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; മരണം 24 ആയി
ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 24 ആയി. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്. നേരത്തേ അഞ്ച് വിദ്യാര്‍ത്ഥികളായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും: മുഖ്യമന്ത്രി
ഇറാന്‍, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ കേരളീയരുടെ സുരക്ഷ മുന്‍നിര്‍ത്തി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്: +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം), 18004253939 (ഇന്ത്യയില്‍ നിന്നും വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍).
അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പാലിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ശ്രദ്ധിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും.
ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
മധ്യേഷ്യയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശത്രുവിനെ പരാജയപ്പെടുത്തുന്നത് വരെ സൈനിക നടപടി തുടരുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്
ശത്രുവിനെതിരെ നിര്‍ണ്ണായക വിജയം നേടുന്നത് വരെ സൈനിക നടപടി തുടരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്. മധ്യേഷ്യയിലെ എല്ലാ ഇസ്രയേലി-അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ആക്രമിച്ചതായി ഐആര്‍ജിസി അവകാശപ്പെട്ടു. മധ്യേഷ്യയില്‍ ഉടനീളമമുള്ള എല്ലാ യുഎസ് കേന്ദ്രങ്ങളും ഇറാനിയന്‍ സൈന്യത്തിന്റെ നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കപ്പെടുമെന്ന മുന്നറിയിപ്പും ഐആര്‍ജിസി നല്‍കിയിട്ടുണ്ട്.
വിമാനങ്ങള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേസ്
മിഡില്‍ ഈസ്റ്റില്‍ യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേസ്. ടെല്‍ അവീവിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങള്‍ മാര്‍ച്ച് മൂന്ന് വരെയാണ് റദ്ദാക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇറാൻ്റെ ആക്രമണത്തിൽ ആളപായമില്ലെന്ന് ഖത്തർ
ഇറാൻ ഖത്തറിലെ അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ആളപായമില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലിനെതിരെ രണ്ടാംഘട്ട ആക്രമണവുമായി ഇറാന്‍; കൂടുതല്‍ മിസൈലുകള്‍ തൊടുത്തു
ഇസ്രയേലിനെതിരെ രണ്ടാംഘട്ട ആക്രമണവുമായി ഇറാന്‍. ഇസ്രയേലിനെതിരെ ഇറാന്‍ കൂടുതല്‍ മിസൈലുകള്‍ തൊടുത്തു. വിവിധയിടങ്ങളില്‍ സൈറന്‍ മുഴങ്ങിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് ജോര്‍ദാന്‍
രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന വാദവുമായി ജോര്‍ദാന്‍.
ഇസ്രയേൽ തലസഥാനത്ത് സ്ഫോടനം
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്
ഹെല്‍പ്പ് ഡെസ്‌കുമായി നോര്‍ക്ക
ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
മിഡില്‍ ഈസ്റ്റിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ഇറാനില്‍ ഗേള്‍സ് സ്‌കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം; അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മിനാബില്‍ സ്ഥിതി ചെയ്യുന്ന എലമെന്ററി സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ മിസൈല്‍ ആക്രമണം: അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ച് ഇറാന്‍
അല്‍ ഉദൈദ് വ്യോമകേന്ദ്രം ഖത്തര്‍
അല്‍ സലേം വ്യോമകേന്ദ്രം കുവൈത്ത്
അല്‍ ദഫ്ര വ്യോമകേന്ദ്രം യുഎഇ
അഞ്ചാം അമേരിക്കന്‍ ബേസ് ബഹറൈന്‍
സൗദിയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട്.
ഇറാന്‍റെ ബാലിസ്റ്റിക് മിസൈലിൻ്റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളില്‍ പതിച്ചതായി ഇസ്രയേൽ
ഇറാന്റെ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇസ്രയേലിന്റെ പലയിടങ്ങളില്‍ പതിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ തൊടുത്ത മിസൈലുകള്‍ തടഞ്ഞതായി ഖത്തര്‍
രാജ്യത്തെ ലക്ഷ്യംവെച്ച ഒന്നിലേറെ ആക്രമണങ്ങളെ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം. ഖത്തറിലെത്തുന്നതിന് മുമ്പായി മിസെെലുകൾ തകർത്തതായാണ് ഔദ്യോഗിക വിവരം. അതിനിടെ ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയുടെ വ്യത്യസ്ത ഇടങ്ങളിൽ സ്ഫോടക ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
അബുദാബി, മനാമ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട്.
'അമേരിക്ക് തനിനിറം കാണിച്ചു'; പ്രതികരിച്ച് റഷ്യ
ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക അവരുടെ തനിനിറം കാണിച്ചുവെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ.
വ്യോമപാത അടച്ച് ഗൾഫ് രാജ്യങ്ങൾ
ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളാണ് നിലവിൽ വ്യോമപാത അടച്ചത്
അബുദാബിയിലും സ്‌ഫോടനമെന്ന് അൽജസീറ റിപ്പോർട്ട്.
ബഹ്റൈനിൽ സ്ഫോടനം; ഖത്തറിൽ അതീവ ജാഗ്രത, ഗൾഫ് രാഷ്ട്രങ്ങളും ഭീതിയിൽ
ബഹ്‌റൈനിൽ സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. ആഭ്യന്തരമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ബഹ്‌റൈനിലെയും ഖത്തറിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്‍റെ നീക്കം. ഖത്തറിലെ യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ് എംബസി.
ഇസ്രായേലിനെതിരെ തിരിച്ചടിച്ച് ഇറാൻ
ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടി. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്.
ഇറാനുമേല്‍ നടത്തിയ ആക്രമണം തങ്ങളുടെ നിലനില്‍പ്പിന് മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
'എന്റെ സഹോദരീ സഹോദരന്മാരേ, ഇസ്രായേൽ പൗരന്മാരേ, കുറച്ചു കാലം മുമ്പ്, ഇസ്രായേലും അമേരിക്കയും ഇറാനിലെ തീവ്രവാദ ഭരണകൂടം ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നമ്മുടെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ചരിത്രപരമായ നേതൃത്വത്തിന് ഞാൻ നന്ദി പറയുന്നു. 47 വർഷമായി, അയത്തുള്ള ഭരണകൂടം ഇസ്രയേലിനെയും അമേരിക്കയേയും ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. ഈ ഭീകര ഭരണകൂടം മുഴുവൻ മനുഷ്യരാശിയെയും ഭീഷണിപ്പെടുത്തുന്നു ആണവായുധങ്ങൾ കൈവശപ്പെടുത്തരുതെന്നും നെതന്യാഹു.
ആക്രമണം അമേരിക്കൻ ജനതയെ പ്രതിരോധിക്കാൻ-ട്രംപ്
ഇറാനെതിരായ ഇസ്രേയൽ ആക്രമണത്തിൽ അമേരിക്കയുടെ പങ്ക് സ്ഥിരീകരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഇറാനിയൻ ഭരണകൂടത്തിൻ്റെ ആസന്നമായ ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ്റെ ആണവ ആയുധം ഇല്ലാതാക്കാനാണ് നീക്കം. കുറച്ചുകാലമായി യുഎസ് സൈന്യത്തിൻ്റെ പ്രധാന യുദ്ധ കപ്പലുകൾ ഇറാനെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിചേർത്തു. നമ്മൾ അവരുടെ മിസൈലുകൾ നശിപ്പിക്കുകയും മിസൈൽ വ്യവസായം നിലംപരിശാക്കുകയും ചെയ്യും. അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യാൻ പോകുന്നുവെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
വ്യോമപാത അടച്ച് ഇറാനും ഇറാഖും
വ്യോമപാത അടച്ച് ഇറാൻ. മറ്റൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമപാത അടച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനെെസേഷൻ വക്താവ് അറിയിച്ചു.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ചതായി ഇറാഖും അറിയിച്ചു.
ടെഹ്‌റാന്‍റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ആശയവിനിമയം തടസ്സപ്പെട്ടു. നിലവിൽ ഫോൺ കോളുകൾ സാധ്യമല്ലെന്നാണ് വിവരം. ഇന്റർനെറ്റും ഉടൻ തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്.
ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം
ഇറാനെതിരെ നടത്തിയത് ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണമെന്ന് യുഎസ്.
ഇസ്രയേലിൽ ജാഗ്രത നിർദേശം
ഇസ്രയേലില്‍ വ്യാപകമായി സൈറണ്‍ മുഴങ്ങി. പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ജാഗ്രത നിര്‍ദേശം. സ്‌കൂളുകളും ജോലി സ്ഥലങ്ങളും അടയ്ക്കാനും ഒത്തുകൂടലുകള്‍ ഒഴിവാക്കാനും നിര്‍ദേശം.
ടെഹ്റാനിൽ മിസെെൽ ആക്രമണം
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.