

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി മാറി ഇന്ത്യ. ഇതിന് പിന്നാലെ, രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് മേഖല ഇപ്പോള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇലക്ട്രോണിക്‌സ് മേഖലയിലെ വമ്പന്‍മാരാവാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ. ഇനി ഫോണുകള്‍ അസംബിള്‍ ചെയ്യുക മാത്രമല്ല, പകരം ഇലക്ട്രോണിക്‌സ് മേഖലയിലെ പ്രധാന ഘടകങ്ങളും, നിര്‍മ്മാണ യന്ത്രങ്ങളും രാജ്യത്തിനുള്ളില്‍ തന്നെ കൂടുതല്‍ നിര്‍മ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നു.
ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ലഭിച്ചിരുന്ന കസ്റ്റംസ് തീരുവ ഇളവ് 2029 മാര്‍ച്ച് 31 വരെ നീട്ടി. ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാണ യന്ത്രങ്ങള്‍, ഡിസ്‌പ്ലേ മോഡ്യൂള്‍ നിര്‍മ്മാണ ഘടകങ്ങള്‍, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനാവശ്യമായ ചില ഭാഗങ്ങള്‍ എന്നിവയ്ക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
ഈ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയില്‍ വ്യാപകമായി നിര്‍മ്മിക്കാത്ത അത്യാധുനിക യന്ത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അതുവഴി ഇലക്ട്രോണിക്‌സ് നിര്‍മ്മാണ രംഗത്ത് പുതിയ നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര മൂല്യവര്‍ധന ലക്ഷ്യം
നിലവില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനത്തിലെ ആഭ്യന്തര മൂല്യവര്‍ധന ഏകദേശം 18-20 ശതമാനം മാത്രമാണ്. ഇതുയര്‍ത്തുന്നതിനായി ബാറ്ററികള്‍, നിര്‍ണായക ഘടകങ്ങള്‍, നിര്‍മ്മാണ യന്ത്രങ്ങള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള കസ്റ്റംസ് ഇളവിന്റെ പരിധി സര്‍ക്കാര്‍ ഗണ്യമായി വികസിപ്പിച്ചു. ഇപ്പോള്‍ 85 വിഭാഗങ്ങളിലായി വിവിധ യന്ത്രങ്ങള്‍ ഈ ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവയില്‍ ഉള്‍പ്പെടുന്ന പ്രധാന യന്ത്രങ്ങള്‍
ഓട്ടോമൊബൈല്‍, മെഡിക്കല്‍, വ്യാവസായിക ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ അസംബ്ലികളുടെ നിര്‍മ്മാണത്തിന് ആവശ്യമായ അഞ്ച് പ്രധാന ഘടകങ്ങള്‍ക്കും കസ്റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്‌പ്ലേ സെല്ലുകള്‍, ഫ്‌ലെക്‌സിബിള്‍ പ്രിന്റഡ് സര്‍ക്യൂട്ട് അസംബ്ലി, ബാക്ക്ലൈറ്റ് യൂണിറ്റുകള്‍, ഫ്രെയിമുകള്‍, അനിസോട്രോപിക് കണ്ടക്റ്റീവ് ഫിലിം എന്നിവയാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
എന്നാല്‍ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷനുകള്‍, സ്മാര്‍ട്ട് മീറ്ററുകള്‍, ഇന്ററാക്ടീവ് ഫ്‌ലാറ്റ്-പാനല്‍ ഡിസ്‌പ്ലേകള്‍ എന്നിവയ്ക്കുള്ള ഡിസ്‌പ്ലേ അസംബ്ലികള്‍ക്ക് ഈ ഇളവ് ബാധകമല്ല.
വയര്‍ലെസ് ചാര്‍ജിംഗ് ഘടകങ്ങള്‍ക്കും ആനുകൂല്യം
മൊബൈല്‍ ഫോണുകളിലെ വയര്‍ലെസ് ചാര്‍ജിംഗിനായി ഉപയോഗിക്കുന്ന ഇന്‍ഡക്ടര്‍ കോയില്‍ മോഡ്യൂളുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ ആറു ഘടകങ്ങള്‍ക്കും കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക നിര്‍വചനങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (CBIC) പുറത്തിറക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്‌സ് രംഗത്തെ വളര്‍ച്ച
സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2014-15ല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ഏകദേശം 1.9 ലക്ഷം കോടി ആയിരുന്നു. 2024-25ല്‍ ഇത് ഏകദേശം 12 ലക്ഷം കോടിയായി ഉയര്‍ന്നു. ഇലക്ട്രോണിക്‌സ് കയറ്റുമതി ഇതേ കാലയളവില്‍ എട്ട് മടങ്ങിലേറെ വര്‍ധിച്ച് 3.3 ലക്ഷം കോടി രൂപയായി.
ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രാജ്യമാണ്. രാജ്യത്ത് 300-ലധികം മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2025-ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായും മാറി. ഇലക്ട്രോണിക്‌സ് കോംപോണന്റ് മാനുഫാക്ചറിംഗ് സ്‌കീം (ECMS) മുഖേന പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ക്യാമറ മോഡ്യൂളുകള്‍, ഒപ്റ്റിക്കല്‍ ഘടകങ്ങള്‍, നിര്‍മ്മാണ യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍. ഈ പദ്ധതിക്ക് ഇതിനകം 1.15 ലക്ഷം കോടിയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പദ്ധതിയുടെ ആദ്യ ലക്ഷ്യത്തേക്കാള്‍ ഏകദേശം ഇരട്ടിയാണ്.
Content Highlights: India has extended customs duty exemptions on key electronics manufacturing machinery and components until March 31, 2029, aiming to attract fresh investments, boost domestic value addition, and transform the country into a global electronics manufacturing hub beyond smartphone assembly