

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനെ ലക്ഷ്യമിട്ട് നാവികപ്പടയെ മേഖലയിലേക്ക് അയച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. യുഎസ് സൈന്യം ആക്രമിച്ചാൽ വൻ പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഇറാന് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനിലെ പ്രതിഷേധക്കാർക്ക് എതിരെ നടക്കുന്ന നടപടികളിൽ പ്രകോപിതനായാണ് ട്രംപ് സേനയെ അയച്ചത്. അതേസമയം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ യൂറോപ്യൻ യൂണിയൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ യൂറോപ്യൻ യൂണിയനിലെ സേനകളെ ഭീകര സംഘടനകളായി ഇറാൻ പാർലമെന്റ് പ്രഖ്യാപിച്ചു.
ഇറാൻ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരെയുള്ള നടപടികൾ നിർത്തണമെന്നും ആണവ കരാറിന് ഇറാൻ തയ്യാറാകണമെന്നുമാണ് ട്രംപിന്റെ ആവശ്യം. യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പൽ നയിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളെയാണ് ഇറാൻ തീരത്തേക്ക് അയച്ചിരിക്കുന്നത്. ഇതോടെ മേഖലയിൽ അസ്വാരസ്യങ്ങൾ രൂക്ഷമായിരിക്കുകയാണ്. യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തെത്തിയതോടെ സൈനിക ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
സംഘർഷത്തിലേക്ക് നയിച്ചാൽ യുഎസിനും ഇറാനും വലിയ ദോഷം സംഭവിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പറഞ്ഞു. യുദ്ധമുണ്ടായിൽ യുഎസ് സഖ്യകക്ഷിയായ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം ഉണ്ടാകുമെന്നും ഇറാന്റെ മുന്നറിയിപ്പിലുണ്ട്.
കഴിഞ്ഞവർഷം ഡിസംബറിൽ ആരംഭിച്ച ഇറാനിലെ പ്രക്ഷോഭത്തിൽ 124 കുട്ടികൾ ഉൾപ്പെടെ 6563 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ജനുവരി 8 മുതൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണം മൂലം ഇറാനിൽ നിന്നുള്ള വിവരങ്ങൾ പുറംലോകത്ത് എത്തുന്നതിന് തടസമാകുന്നുണ്ട്.
Content Highlights: if USA Strikes Iran, this time it will became a regional war warns Iran