റഫാ അതിര്‍ത്തി ഇന്ന് തുറക്കും; ഗാസയിലേക്ക് നിയന്ത്രിത പ്രവേശനാനുമതി മാത്രമെന്ന് ഇസ്രയേല്‍

രണ്ട് വര്‍ഷത്തെ അടച്ചുപൂട്ടലിന് ശേഷമാണ് റഫാ അതിര്‍ത്തി തുറക്കുന്നത്

റഫാ അതിര്‍ത്തി ഇന്ന് തുറക്കും; ഗാസയിലേക്ക് നിയന്ത്രിത പ്രവേശനാനുമതി മാത്രമെന്ന് ഇസ്രയേല്‍
dot image

ഗാസ സിറ്റി: ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുളള റഫാ അതിര്‍ത്തി ഇന്ന് തുറക്കും. രണ്ട് വര്‍ഷത്തെ അടച്ചുപൂട്ടലിന് ശേഷമാണ് റഫാ അതിര്‍ത്തി തുറക്കുന്നത്. 2024 മെയ് മാസത്തിലാണ് റഫാ അതിര്‍ത്തി അടച്ചത്. 2023 ഒക്ടോബറില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഗാസ വിട്ടുപോയ ഫലസ്തീനികള്‍ക്ക് തിരിച്ചുവരാമെന്നും മുന്‍കൂര്‍ അനുമതിയോടെ നിയന്ത്രിതമായി മാത്രമായിരിക്കും ഗാസയിലേക്കുളള പ്രവേശനം അനുവദിക്കുകയെന്നും ഇസ്രയേല്‍ അറിയിച്ചു. പ്രതിദിനം രോഗികളും രണ്ട് കൂട്ടിരിപ്പുകാരും അടക്കം 150 പേരെ ഗാസയ്ക്ക് പുറത്തേക്കും 50 പേരെ ഗാസയ്ക്ക് അകത്തേക്കും പ്രവേശിപ്പിച്ചേക്കും. ഹമാസിന്റെ ആയുധക്കടത്ത് തടയാനെന്ന പേരിലാണ് 2024-ല്‍ റഫാ അതിര്‍ത്തി ഇസ്രയേല്‍ അടച്ചത്.

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 32 പേരാണ്. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഗാസ സിറ്റി, അല്‍ മുവാസി, ഖാന്‍യൂനിസ് എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി കൂടാരങ്ങള്‍ ആക്രമിക്കപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുളളത്. അതിലെ വ്യവസ്ഥ പ്രകാരം ബന്ദി കൈമാറ്റം ഹമാസ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെയാണ് റഫാ അതിര്‍ത്തി തുറക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 70,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം സമ്മതിച്ചിരുന്നു. ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ ഏറെക്കുറെ ശരിയാണ് എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഇസ്രയേല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Content Highlights: Rafah border to open today; Israel says only restricted entry into Gaza allowed

dot image
To advertise here,contact us
dot image