

ന്യൂ ഡൽഹി: വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞുവെന്നും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ഈ അവകാശവാദത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. വെനസ്വേലൻ എണ്ണ വാങ്ങുന്നതിനായി ചൈനയെയും ട്രംപ് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ വെനസ്വേലയുമായുള്ള വ്യോമാതിർത്തി ട്രംപ് തുറന്നിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികൾ സ്ഥലങ്ങൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് പോകും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എണ്ണ വ്യവസായമേഖലയിൽ സ്വകാര്യ കമ്പനികളെയും നിക്ഷേപങ്ങളെയും അനുവദിക്കാനുള്ള ബിൽ വെനസ്വേല അംഗീകരിച്ചതിന് പിന്നാലെയും കൂടിയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ. രണ്ട് ദിവസം മുൻപാണ് വെനസ്വേലൻ ദേശീയ അസംബ്ലി ബിൽ അംഗീകരിച്ചത്. യുഎസിനെ സഹായിക്കാനാണ് ബിൽ എന്നാണ് നിരീക്ഷണം.
നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി വെറും രണ്ട് മാസം തികയും മുമ്പേയാണ് വെനസ്വേലൻ ദേശീയ അസംബ്ലി ഇത്തരമൊരു ബിൽ പാസാക്കുന്നത്. ബിൽ പാസായതോടെ അമേരിക്കൻ എണ്ണ കമ്പനികൾക്ക് ഇനി വെനസ്വേലയിൽ നിക്ഷേപം നടത്താനും മറ്റും എളുപ്പമാകും. നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷം പല പ്രാവശ്യം ട്രംപ് തന്റെ പ്രസംഗങ്ങളിൽ വെനസ്വേലൻ എണ്ണയെ പരാമർശിച്ചിരുന്നു.
ഡിസംബർ 3നാണ് വെനസ്വെലയിലേക്ക് കടന്നുകയറി അമേരിക്കൻ സേന നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയത്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്കാണ് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. പിന്നാലെ ഇരുവരെയും യുഎസിലേക്ക് കൊണ്ടുവന്നിരുന്നു. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്.
Content Highlights: trump says india will buy oil from venezuela, india didnt respond to this