ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാർമറിനെക്കാൾ വലിയ ആക്രമണമുണ്ടാകും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാര്‍മര്‍ ഓര്‍മ്മിപ്പിച്ചായിരുന്നു ട്രംപിന്റെ ഭീഷണി

ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാർമറിനെക്കാൾ വലിയ ആക്രമണമുണ്ടാകും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്, യുദ്ധഭീതിയിൽ പശ്ചിമേഷ്യ
dot image

വാഷിങ്ടണ്‍: ഇറാനെതിരെ രൂക്ഷഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവായുധങ്ങള്‍ ഉപേക്ഷിക്കാനുള്ള കാരറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ആക്രമണം അതിരൂക്ഷമായിരിക്കുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാര്‍മര്‍ ഓര്‍മ്മിപ്പിച്ചായിരുന്നു ട്രംപിന്റെ ഭീഷണി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. എന്നാല്‍ ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന്റെ പേരായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍.

അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യുഎസ് എബ്രഹാം ലിങ്കൺ നയിക്കുന്ന വലിയ നാവികപ്പട ഇറാന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ട്. ആവശ്യമെങ്കില്‍ വളരെ വേഗത്തിലും ആക്രമണ സ്വഭാവത്തോടെയും ദൗത്യം നിറവേറ്റാന്‍ സന്നദ്ധരാണെന്ന് ട്രംപ് വ്യക്തമാക്കി. കരുത്തോടെ കൃത്യമായ വേഗത്തിലാണ് സംഘം നീങ്ങുന്നത്. വെനസ്വലയിലേക്ക് അയച്ചതിനെക്കാള്‍ വലിയ കപ്പല്‍പ്പടയാണിത്. വെനസ്വേലയിലെന്ന പോലെ വേഗത്തില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇതിന് കഴിയുമെന്നും ട്രംപ് പറഞ്ഞു.

യുഎസ്- ഇറാന്‍ ബന്ധം അങ്ങേയറ്റം വഷളായ സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലേക്ക് യുഎസ് യുദ്ധക്കപ്പലുകളും എത്തിയത്. ഇതിന് പിന്നാലെയാണ് പരസ്യ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആണവായുധങ്ങള്‍ സംബന്ധിച്ചുള്ള ന്യായവും തുല്യവുമായ ഉടമ്പടി തയ്യാറാക്കുന്നതിനായി ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

'ഇറാന്‍ വൈകാതെ ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആണവായുധങ്ങള്‍ വേണ്ടെന്ന കരാറിനായി ചര്‍ച്ചകളുണ്ടാകും. അതായിരിക്കും കക്ഷികള്‍ക്കും നല്ലത്. സമയം വൈകുകയാണ്. സത്യത്തില്‍ സമരമാണ് ഏറ്റവും പ്രധാനം.' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

എന്നാൽ ചര്‍ച്ചകള്‍ നടക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഇറാൻ തള്ളി. സൈനിക ഭീഷണിക്കൊപ്പമുള്ള നയതന്ത്രം ഫലപ്രദമാകില്ലെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയുടെ പ്രതികരണം. ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഭീഷണിയും യുക്തിരഹിതമായ ആവശ്യങ്ങളും പിന്‍വലിക്കണമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായിരിക്കുകയാണ്.

ഇറാനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുകയവെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നവും രൂക്ഷമാകുന്നത്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധം നടത്തിയ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം ഇറാനില്‍ ഇതുവരെ 6,200ലധികം മരണങ്ങള്‍ സ്ഥിരീകരിച്ചു.

അതേസമയം ഇറാനെതിരെ അയല്‍രാജ്യങ്ങളുടെ മണ്ണോ ആകാശമോ ജലപാതയോ ഉപയോഗിച്ചാല്‍ അവരെ ശത്രുക്കളായി കാണുമെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാനാവില്ലെന്ന് യുഎഇയും സൗദിയും വ്യക്തമാക്കിയിരുന്നു.

Content Highlight; Trump warns Iran “next attack will be far worse than Operation Midnight Hammer” unless agrees to nuclear deal

dot image
To advertise here,contact us
dot image