

ബൊഗോട്ട: കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു.
13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. വെനസ്വേല അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. കൊളംബിയയിലെ ഒരു നിയമസഭാംഗം ഉള്‍പ്പെടെ 15 പേരുമായി സഞ്ചരിച്ച വിമാനം ബുധനാഴ്ച വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപം തകര്‍ന്നുവീണ് എല്ലാ യാത്രക്കാരും ജീവനക്കാരും മരിച്ചെന്ന് കൊളംബിയയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നിയമസഭാംഗം ഡയോജെനസ് ക്വിന്റേറോയും അദ്ദേഹത്തിന്റെ സംഘത്തിലെ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. മാർച്ചിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായിരുന്ന കാർലോസ് സാൽസെഡോയും വിമാനത്തിലുണ്ടായിരുന്നുവെന്ന് എയർലൈൻ പുറത്തിറക്കിയ യാത്രക്കാരുടെ പട്ടികയിൽ വ്യക്തമാക്കുന്നുണ്ട്.
വിമാനക്കമ്പനിയായ സറ്റേനയുടെ ഉടമസ്ഥതയിലുള്ള വിമാനം അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിന് കാരണമെന്താണെന്ന് സറ്റേന വ്യക്തമാക്കിയിട്ടില്ല. പര്‍വതങ്ങളാല്‍ നിറഞ്ഞതാണ് കുക്കുട്ട പ്രദേശം. മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ വ്യോമസേനയെ വിന്യസിച്ചു.
Content Highlights: colombia plane crash 15 died including lawmaker