

ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ യുദ്ധഭീഷണിയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ ഏത് നിമിഷവും തയ്യാറെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടൽ, ആകാശം എന്നിങ്ങനെ ഏത് മാർഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ആണവകരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരേ ശക്തമായ ആക്രമണമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമുള്ള കാരാറിന് തയ്യാറല്ലന്നാണ് ഇറാൻ്റെ നിലപാട്. അതേസമയം, ഭീഷണികൾക്ക് വഴങ്ങില്ലെങ്കിലും തുല്യമായ പരിഗണന ഉറപ്പാക്കുന്ന നീതിയുക്തമായ ആണവകരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതംചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറിൽ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആണവനിർവ്യാപന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരേ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. അനുവദിച്ച സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇറാൻ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി ന്യായവും നീതിയുക്തവുമായ കരാർ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ വലിയ കപ്പൽവ്യൂഹം ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാരറിൽ ഏർപ്പെടാത്തെപക്ഷം രൂക്ഷമായ ആക്രമണമാകുമെന്നും ട്രംപ് തന്റെ ട്രൂത്ത്സോഷ്യൽ പേജിൽ പറഞ്ഞത്.
Content Highlights: Iran rejects Trump’s threats, says ready to respond to any US attack