

ന്യൂഡൽഹി: കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂർ മുമ്പ് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. 2024 ജൂലൈയിൽ ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇറാനിലെത്തിയപ്പോഴാണ് ഹമാസ് നേതാവിനെ നേരിൽ കണ്ടതെന്നാണ് നിതിൻ ഗഡ്കരി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് ഗഡ്കരി അനുഭവം പങ്കുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന മാനിച്ചാണ് ഇറാൻ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇറാനിലെത്തിയതെന്ന് ഗഡ്കരി അനുസ്മരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ടെഹ്റാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിശിഷ്ട വ്യക്തികളും വിവിധ രാഷ്ട്രതലവന്മാരും ഒത്തുകൂടിയ ചടങ്ങിൽ വെച്ചാണ് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കണ്ടതെന്നാണ് ഗഡ്കരി വ്യക്തമാക്കിയത്. 'വിവിധ രാഷ്ട്ര തലവന്മാരും സന്നിഹിതരായിരുന്നു, എന്നാൽ രാഷ്ട്രത്തലവനല്ലാത്ത ഒരാൾ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ആയിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടു. പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം പോകുന്നത് ഞാൻ കണ്ടു'വെന്ന് ഗഡ്കരി വെളിപ്പെടുത്തി.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം അതിരാവിലെ സ്ഥിതിഗതികൾ നാടകീയമായി മാറിയെന്ന് ഗഡ്കരി ഓർമ്മിച്ചു. ചടങ്ങിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയതിന് പിന്നാലെ പുലർച്ചെ 4 മണിയോടെ ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ തന്നെ സമീപിച്ച് ഉടൻ പോകണമെന്ന് അറിയിച്ചതായി ഗഡ്ഗിരി പറഞ്ഞു. 'എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചപ്പോൾ, ഹമാസ് മേധാവി കൊല്ലപ്പെട്ടുവെന്ന് എന്നോട് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി' എന്നും ഗഡ്കിരി ഓർമ്മിച്ചു. അതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചപ്പോൾ തനിക്ക് ഇതുവരെ അറിയില്ല എന്നായിരുന്നു അംബാസഡറുടെ ഉത്തരമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. 'ചിലർ പറയുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്. ചിലർ പറയുന്നത് അത് മറ്റേതോ വിധത്തിലാണ് സംഭവിച്ച'തെന്നും ഹനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗഡ്കരി സദസ്സിനോട് പറഞ്ഞു.
2024 ജൂലൈ 31ന് പുലർച്ചെയായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മേൽനോട്ടത്തിലുള്ള ടെഹ്‌റാനിൽ അതീവ സുരക്ഷയുള്ള ഒരു സൈനിക കേന്ദ്രത്തിൽ താമസിക്കുമ്പോൾ ഹമാസ് തലവനായിരുന്ന ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. ഹനിയ താമസിച്ചിരുന്ന കെട്ടിടം ഒരു ഹ്രസ്വ ദൂര മിസൈൽ ഉപയോഗിച്ച് തകർത്തതായി ഐആർജിസി ഔദ്യോഗികമായി അറിയിച്ചിരുന്നു. . ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്ത് കൊലപാതകം നടത്തിയെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള ദി ടെലിഗ്രാഫിൻ്റെ റിപ്പോർട്ട്. മുൻ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി മെയ് മാസത്തിൽ ടെഹ്‌റാൻ സന്ദർശിച്ചപ്പോഴും ഹനിയയെ ലക്ഷ്യട്ടിരുന്നെന്നും ജനക്കൂട്ടത്തിന്റെ സാന്നിധ്യവും അപകടസാധ്യതയും കാരണം അത് റദ്ദാക്കിയതായും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: Nitin Gadkari reveals he met Hamas leader Ismail Haniyeh hours before his assassination