

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി തീരുമാനിച്ചിരുന്ന സന്ദർശനം സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്. രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തെ തുടർന്നാണ് തീരുമാനമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. സുരക്ഷ ആശങ്ക മുൻനിർത്തി നിലവിൽ തീരുമാനിച്ചിരുന്ന സന്ദർശനം മാറ്റി അടുത്ത വർഷം പുതിയ തീയതി നിശ്ചയിക്കുമെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് നെതന്യാഹു ഇന്ത്യയിൽ സന്ദർശനം നടത്തുമെന്നാണ് മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ വർഷം മൂന്നാം തവണയാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നത്.
ഒരു ദിവസത്തെ സന്ദർശനത്തിനായി സെപ്തംബർ 9ന് നെതന്യാഹു ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേലിൽ സെപ്തംബർ 17ന് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ഇത് മാറ്റിവച്ചു. ഇതിനും മാസങ്ങള്‍ക്ക് മുമ്പ്, ഏപ്രിലിലെ ഇലക്ഷന് മുന്നോടിയായി അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു.
ലോക നേതാക്കളുമായുള്ള തന്റെ ബന്ധം ശക്തമാക്കുന്നതിനൊപ്പം ഇസ്രേയേൽ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം സമാനതകളില്ലാത്തതാണെന്ന് ഉയർത്തിക്കാട്ടാൻ കൂടിയാണ് അ്‌ദ്ദേഹത്തിന്റെ സന്ദർശനമെന്നാണ് വിലിയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ പ്രാധാന്യം ഇക്കാര്യത്തിലുണ്ട്.
ഇക്കഴിഞ്ഞ ജൂലായിൽ നെതന്യാഹുവിന്റെ പാർട്ടി അദ്ദേഹം മോദി, ട്രംപ്, പുടിൻ എന്നീ ലോകനേതാക്കൾക്കൊപ്പം നിൽക്കുന്ന വലിയ ബാനറുകൾ പ്രദർശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. മോദിയും നെതന്യാഹുമായുള്ള സൗഹൃദം ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങൾ വലിയ വാർത്തയാക്കാറുണ്ട്. 2017ൽ മോദി ടെൽഅവീവിലെത്തിയതിന് പിന്നാലെയാണ് 2018 ജനുവരിയിൽ നെതന്യാഹു ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്.
Content Highlights: Netanyahu's Indian visit cancelled due to security concerns