

ഐ എസ് എൽ ഈ സീസൺ നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്ത്വം നീളുമ്പോഴും സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിലാണ് ഇപ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾ. മത്സരത്തിന്റെ നിലവാരം കൊണ്ടും ആവേശം കൊണ്ടും കാഴ്ചക്കാരുടെ നിറസാന്നിധ്യം കൊണ്ടും എസ് എൽ കെയുടെ രണ്ടാം പതിപ്പും വൻ ഹിറ്റായി മുന്നേറുകയാണ്.
ഗ്രൂപ്പ് ഘട്ടത്തിന്റെ പകുതിയിലേറെയും പിന്നിട്ടപ്പോൾ ആരാധകരുടെ തള്ളിക്കയറ്റമാണ് ഓരോ മത്സരത്തിലും കാണുന്നത്. ഇന്നലെ നടന്ന കാലിക്കറ്റ് എഫ്‌സി-മലപ്പുറം എഫ്‌സി മത്സരം കാണാൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെത്തിയത് 34,173 ആളുകളാണ്. മഴ ഭീഷണിയും അതിജീവിച്ചാണ് ഇന്നലെ കാണികളെത്തിയത്. ബാൻഡ് മേളയും ചാന്റുകളും ഫ്ലാഷ് ലൈറ്റ് ഷോകളുമൊക്കെയായി ആവേശത്തിൽ തിമിർത്താടുകയായിരുന്നു ഗ്യാലറി.
ഇന്നലെ മലപ്പുറം എഫ്‌സിയെ തോൽപ്പിച്ചതോടെ നിലവിലെ ചാമ്പ്യന്മാരയ കാലിക്കറ്റ് എഫ്‌സി എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി സെമി ഫൈനലിലേക്ക് മുന്നേറി. 14 പോയിന്റുള്ള തൃശൂർ മാജിക് എഫ്‌സി, 11 പോയിന്റുള്ള തിരുവന്തപുരം കൊമ്പൻസ്, 10 പോയിന്റ് വീതമുള്ള മലപ്പുറം എഫ്‌സി, കണ്ണൂർ വാരിയേഴ്സ്, എന്നിവരാണ് ഇനി സെമി സ്ലോട്ട് ലക്ഷ്യമിട്ട് കളിക്കുന്നത്. ഫോഴ്‌സ കൊച്ചി ഇതിനകം തന്നെ പുറത്തായിട്ടുണ്ട്.
Content Highlights: super league kerala record gallery attendance malappuram fc vs calicut fc