'യൂറോപ്പിൽ പടരാനാണ് ഹമാസിൻ്റെ ഇനിയുള്ള ശ്രമം, അനുവദിക്കില്ല'; ആരോപണവുമായി മൊസാദ്

ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ യൂറോപ്പിലുടനീളം പലതരത്തിലുള്ള ഓപ്പറേഷനുകൾ ആണ് ഹമാസിന്റെ പദ്ധതിയെന്നാണ് മൊസാദിൻ്റെ വാദം

'യൂറോപ്പിൽ പടരാനാണ് ഹമാസിൻ്റെ ഇനിയുള്ള ശ്രമം, അനുവദിക്കില്ല'; ആരോപണവുമായി മൊസാദ്
dot image

ടെൽ അവീവ്: യൂറോപ്പിലുടനീളം ഹമാസ് ഒരു പ്രവർത്തന ശൃംഖല വളർത്തിയെടുക്കുന്നുണ്ടെന്നും അത് രഹസ്യ സെല്ലുകൾ വഴി പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ വിഭാഗം മൊസാദ് പരസ്യമായി ആരോപിച്ചു. ഹമാസ് നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി യൂറോപ്പിലെ ഇസ്രായേലി, ജൂത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനാണ് ഈ ശൃംഖല സ്ഥാപിച്ചതെന്നാണ് ആരോപണം. ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ യൂറോപ്പിലുടനീളം പലതരത്തിലുള്ള ഓപ്പറേഷനുകൾ ആണ് ഹമാസിന്റെ പദ്ധതിയെന്നാണ് മൊസാദിൻ്റെ വാദം.

ഇതിൻ്റെ ഫലമായി നിരവധി തീവ്രവാദ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനും ആയുധ ശേഖരം കണ്ടെത്താനും പിടിച്ചെടുക്കാനും കഴിഞ്ഞുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നുണ്ട്. ഈ വാദത്തെ പിന്തുണക്കുന്ന ഉദാഹരണങ്ങളും സാഹചര്യങ്ങളും മൊസാദ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കുന്നുമുണ്ട്.

'ഇസ്രായേൽ, ജൂത സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനകൾ ആണ് നടക്കുന്നത്. സിവിലിയന്മാർക്കെതിരെ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ആയുധ ശേഖരണങ്ങൾ പിടിച്ചെടുക്കാൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ഓപ്പറേഷനുകൾ നടത്തിയെന്നും ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന നടപടികളുടെ ഫലമായി നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്' എന്നാണ് മൊസാദ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്ട്രിയയിലെ വിയന്നയിൽ വെച്ചാണ് അന്വേഷകർ ചൂണ്ടിക്കാണിച്ച പ്രധാന കണ്ടെത്തലുകളിലൊന്ന് ഉണ്ടായത്. ഓസ്ട്രിയയുടെ ഡിഎസ്എൻ സുരക്ഷാ സേവനം കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും അടങ്ങിയ ഒരു ആയുധ ശേഖരം കണ്ടെത്തുകയായിരുന്നു. പിന്നീട് ഈ ആയുധവുമായി ബന്ധപ്പെട്ട് ഹമാസിനോട് അടുപ്പമുള്ള ഒരാളെ കണ്ടത്തി. മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ മുതിർന്ന ഉഗ്യോഗസ്ഥൻ ബാസെം നയിമിന്റെ മകന് ഇതിൽ പങ്കുണ്ടെന്നായിരുന്നു അന്വേഷകരുടെ ആ കണ്ടെത്തൽ.

Hamas 1

വളരെക്കാലമായി തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹമാസുമായി ബന്ധപ്പെട്ട വ്യക്തികളെയും ഇതിൻ്റെ ഭാഗമായി അന്വേഷകർ നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യൻ ഇൻ്റലിജൻസ് സംവിധാനങ്ങളും നേരിട്ടുള്ള സുരക്ഷാ ഇടപെടലുകൾക്കപ്പുറം അവരുടെ നടപടികൾ വ്യാപിപ്പിച്ചിട്ടുണ്ട്. ജർമ്മനി അടക്കമുള്ള രാജ്യങ്ങളിലെ ഇൻ്റലിജൻസ് സംവിധാനങ്ങൾ ഹമാസിന് ഫണ്ട് സ്വരൂപിക്കുന്നതിനോ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനോ സഹായം നൽകുന്നതായി സംശയിക്കപ്പെടുന്ന ചാരിറ്റികളെയും മതസ്ഥാപനങ്ങളെയും ഇതിനോടകം തന്നെ ലക്ഷ്യം വെച്ച് കഴിഞ്ഞിരിക്കുകയാണ്.

ഒക്ടോബർ 7ന് ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം, ഇറാനും അതിന്റെ പ്രോക്സികളും ഉപയോഗിക്കുന്ന സമാന രീതിയിലുള്ള തന്ത്രമാണ് വിദേശത്ത് രഹസ്യ സെല്ലുകളും പ്രവർത്തന ശേഷിയും സൃഷ്ടിക്കാൻ ഹമാസ് ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. ഹമാസിൻ്റെ ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് ആക്രമണ പദ്ധതികൾ തകർക്കാനും ഇസ്രായേലി, ജൂത സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുമായി തങ്ങൾ പ്രയത്നിച്ചുകൊണ്ടിരിക്കുമെന്നും മൊസാദ് ഊന്നി പറഞ്ഞു. മാത്രമല്ല, അന്താരാഷ്ട്ര രംഗത്ത് സംഘടനയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുതിർന്ന ഹമാസ് നേതാക്കൾ പരസ്യമായി ഈ വാർത്ത നിഷേധിക്കുകയാണെന്നും മൊസാദ് കൂട്ടിച്ചേർത്തു.

Content Highlights : Hamas terror network in Europe, Mosad's big claim

dot image
To advertise here,contact us
dot image