ഉഷ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം, അവള്‍ മതം മാറാന്‍ ആഗ്രഹിക്കുന്നില്ല: വിശദീകരണവുമായി ജെ ഡി വാന്‍സ്

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വിശ്വാസത്തിലേക്ക് തിരികെ വരാന്‍ പ്രോത്സാഹിപ്പിച്ചതുപോലും തന്റെ ഭാര്യയാണെന്നും വാൻസ് പറഞ്ഞു

ഉഷ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം, അവള്‍ മതം മാറാന്‍ ആഗ്രഹിക്കുന്നില്ല: വിശദീകരണവുമായി ജെ ഡി വാന്‍സ്
dot image

വാഷിംഗ്ടണ്‍: ഭാര്യ ഒരുദിവസം ക്രിസ്ത്യന്‍ മതം സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ഭാര്യ ഉഷ. അവര്‍ ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയല്ല. മതം മാറാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും ജെ ഡി വാന്‍സ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വിശ്വാസത്തിലേക്ക് തിരികെ വരാന്‍ പ്രോത്സാഹിപ്പിച്ചതുപോലും തന്റെ ഭാര്യയാണെന്നും തുടര്‍ന്നും അവരെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പോസ്റ്റിലൂടെയായിരുന്നു യുഎസ് വൈസ് പ്രസിഡന്റിന്റെ വിശദീകരണം.

'ക്രിസ്തുമത വിശ്വാസിയായ എന്റെ വിശ്വാസം സുവിശേഷം സത്യമാണെന്നും അത് മനുഷ്യര്‍ക്ക് നല്ലതാണ് എന്നുമാണ്. ടേണിംഗ് പോയിന്റ് യുഎസ്എ എന്ന പരിപാടിയില്‍ പറഞ്ഞതുപോലെ എന്റെ ഭാര്യ എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്വാസത്തിലേക്ക് തിരികെ വരാന്‍ എന്നെ പ്രോത്സാഹിപ്പിച്ചതുപോലും അവളാണ്. അവള്‍ ക്രിസ്തുമത വിശ്വാസിയല്ല. മതപരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. പക്ഷെ മിശ്രവിവാഹ ബന്ധത്തിലുളള ഏതൊരാളെയും പോലെ ഒരുദിവസം അവള്‍ കാര്യങ്ങള്‍ ഞാന്‍ കാണുന്നതുപോലെ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്തായാലും ഞാന്‍ അവളെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. വിശ്വാസത്തെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും അവളോട് ഞാന്‍ സംസാരിക്കും. കാരണം അവള്‍ എന്റെ ഭാര്യയാണ്': ജെ ഡി വാന്‍സ് പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്ക് വിശ്വാസങ്ങളുണ്ടെന്നും ആ വിശ്വാസങ്ങള്‍ക്ക് ചില അനന്തരഫലങ്ങളുണ്ടെന്നും ജെ ഡി വാന്‍സ് പറഞ്ഞു. വിശ്വാസം മറ്റുളളവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ആ അനന്തരഫലമെന്നും അത് തികച്ചും സാധാരണമായ കാര്യമാണ്, അങ്ങനെയല്ലെന്ന് നിങ്ങളോട് പറയുന്നവര്‍ക്കാണ് പ്രത്യേക അജണ്ടയുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച്ച മിസിസിപ്പിയില്‍ നടന്ന ടിപിയുഎസ്എ (ടേണിംഗ് പോയിന്റ് യുഎസ്എ) എന്ന പരിപാടിയില്‍ സംസാരിക്കവേ ജെ ഡി വാന്‍സ് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 'ഉഷ മിക്ക ഞായറാഴ്ച്ചകളിലും എനിക്കൊപ്പം പളളിയില്‍ വരും. ഞാന്‍ അവളോട് പറഞ്ഞിട്ടുളളതുപോലെ, എന്റെ ഏറ്റവും അടുത്ത പതിനായിരം സുഹൃത്തുക്കളുടെ മുന്നില്‍ ഞാന്‍ ഇപ്പോള്‍ പറയുന്നതുപോലെ, പളളിയില്‍വെച്ച് എന്നെ സ്പര്‍ശിച്ച അതേ കാര്യം അവളെയും ഒരുനാള്‍ സ്പര്‍ശിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കാരണം ഞാന്‍ ക്രിസ്തീയ സുവിശേഷത്തില്‍ വിശ്വസിക്കുന്നു. എന്റെ ഭാര്യയും ഒരുനാള്‍ അത് അതേ രീതിയില്‍ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണ് ജെ ഡി വാന്‍സ് പറഞ്ഞത്.

Content Highlights: Usha is the greatest blessing in life, she doesn't want conversion: JD Vance explains

dot image
To advertise here,contact us
dot image