

മാലി: പുകയില ഉപയോഗത്തിന് തലമുറ നിരോധനം ഏര്‍പ്പെടുത്തി മാലിദ്വീപ്. 2007-ന് ശേഷം ജനിച്ചവര്‍ക്ക് ഇനിമുതല്‍ മാലിദ്വീപില്‍ പുകവലിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. നവംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിലായി. '2007 ജനുവരി ഒന്ന് മുതല്‍ ജനിച്ച വ്യക്തികള്‍ പുകയില വാങ്ങുന്നതും ഉപയോഗിക്കുന്നതും പുകയില ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് വില്‍ക്കുന്നതും നിരോധിക്കുന്നു' എന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്.
വില്‍പ്പനയ്ക്ക് മുന്‍പ് ചില്ലറ വ്യാപാരികള്‍ അത് വാങ്ങുന്നവരുടെ പ്രായം ഉറപ്പുവരുത്തേണ്ടതുണ്ട്. മാലിദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം സമ്പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
സമൂഹത്തിലെ അനാരോഗ്യകരമായ ശീലങ്ങള്‍ കൂട്ടായ പരിശ്രമത്തോടെ മാത്രമേ ഒഴിവാക്കാന്‍ സാധിക്കൂ എന്ന് വ്യക്തമാക്കി ഏപ്രില്‍ 13-നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫീസ് നിയമം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ നവംബറില്‍ പുകവലിക്കാനുളള പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്ന് ആക്കി ഉയര്‍ത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് രണ്ടുലക്ഷത്തിലധികം രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ന്യൂസിലാന്‍ഡിലാണ് ഈ നിയമം ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ ഒരുവര്‍ഷം തികയുംമുന്‍പേ റദ്ദാക്കി. ബ്രിട്ടനിലും പുകവലിക്കെതിരെ സമാന നീക്കം നടക്കുന്നുണ്ട്.
Content Highlights: Maldives imposes smoking ban on those born after 2007: Law comes into effect