

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ ഇന്ത്യക്കാരനായ യുവാവിനെതിരെ പൊലീസ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിനെതിരെയാണ് കാനഡ പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളാണ് മന്‍പ്രീത്. യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ രാജ്യംവിട്ടെന്നാണ് കാനഡയിലെ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.
ഇന്ത്യന്‍ വംശജയായ അമന്‍പ്രീത് സൈനി(27)യെയാണ് ഒക്ടോബര്‍ 21-ന് ലിങ്കണിലെ പാര്‍ക്കില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. യുവതിയെ ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.കൊല്ലപ്പെട്ട അമന്‍പ്രീത് സൈനിയും പഞ്ചാബ് സ്വദേശിയാണ്. ഏറെക്കാലമായി യുവതി കാനഡയിലാണ് താമസം.
പ്രതിയായ മന്‍പ്രീതിനെ കുറിച്ച് വിവരം നല്‍കാനായി പ്രതിയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങ് ഇന്ത്യയിലേക്ക് കടന്നതായാണ് ഏറ്റവും പുതിയവിവരം. ഇയാളെ പിടികൂടാനായി കാനഡയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight :Murder of Indian-origin man in Canada: Arrest warrant issued against Punjabi youth