രാജമൗലിക്കൊപ്പം ആരെങ്കിലും ക്ലാഷിന് നിൽക്കുമോ? വിഷ്ണു വിശാൽ സിനിമയുടെ തെലുങ്ക് റിലീസ് മാറ്റി

രാജമൗലിയുടെയും രവി തേജയുടെയും ചിത്രം ഒരു ദിവസം റീലീസ്, വിഷ്ണു വിശാൽ ചിത്രത്തിന്റെ റീലീസ് തിയതി മാറ്റി

രാജമൗലിക്കൊപ്പം ആരെങ്കിലും ക്ലാഷിന് നിൽക്കുമോ? വിഷ്ണു വിശാൽ സിനിമയുടെ തെലുങ്ക് റിലീസ് മാറ്റി
dot image

രാക്ഷസൻ, ജീവ, ഗാട്ടാ ഗുസ്തി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് വിഷ്ണു വിശാൽ. നടന്റെ ഏറ്റവും പുതിയ ചിത്രം ആര്യൻ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ മാസം അവസാനം ഒക്ടോബർ 31 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യും. എന്നാൽ സിനിമയുടെ തെലുങ്ക് പതിപ്പ് ഈ ദിവസം റീലീസ് ചെയ്യില്ല. രാജമൗലിയുടെ ബാഹുബലി എപ്പിക്കും, രവി തേജയുടെ മാസ് ജതാരയും റിലീസിന് എത്തുന്നത് കൊണ്ട് ആര്യൻ സിനിമയുടെ തെലുങ്ക് റീലീസ് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് പങ്കുവെച്ചുകൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'സിനിമ ഒരു ഓട്ടമത്സരമല്ല - അതൊരു ആഘോഷമാണ് എന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിട്ടുണ്ട്. ആര്യൻ എന്ന സിനിമ ഒക്ടോബർ 31 ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ രവി തേജ ഗാരുവിന്റെ മാസ് ജതാരയും ബാഹുബലി ദി എപ്പിക്കും നിങ്ങളെ എല്ലാവരെയും രസിപ്പിക്കാൻ എത്തുന്നതിനാൽ ആര്യൻ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ റീലീസ് മാറ്റുകയാണ്. തമിഴ് റിലീസിന് ഒരു ആഴ്ച കഴിഞ്ഞ് നവംബർ 7 ന് ചിത്രം തിയേറ്ററുകളിൽ എത്തും. എന്റെ മറ്റു സിനിമകൾക്ക് നൽകിയ പിന്തുണ ഈ ചിത്രത്തിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,' വിഷ്ണു വിശാൽ പറഞ്ഞു.

ക്രൈം ത്രില്ലർ ആയാണ് വിഷ്ണു വിശാലിന്റെ ആര്യൻ ഒരുങ്ങുന്നത്. സിനിമ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം തെലുങ്ക് ഒഴികെ മറ്റെല്ലാ ഭാഷകളിലും ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. 'രാക്ഷസൻ' എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

Content Highlights: Telugu release of Vishnu Vishal's film postponed

dot image
To advertise here,contact us
dot image