ഗാസയിൽ തകർന്നടിഞ്ഞ വീട് തേടിയെത്തിയ കുടുംബത്തെ ആക്രമിച്ച് ഇസ്രയേൽ; ഏഴ് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

യെല്ലോ ലൈൻ ഭേദിച്ച് അസ്വാഭാവികമായി വാഹനം കണ്ടതിനാലാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം

ഗാസയിൽ തകർന്നടിഞ്ഞ വീട് തേടിയെത്തിയ കുടുംബത്തെ ആക്രമിച്ച് ഇസ്രയേൽ; ഏഴ് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
dot image

ഗാസ: ഗാസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം. പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. സമാധാന കരാർ പ്രാബല്യത്തിൽ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരത.

വെള്ളിയാഴ്ച വൈകിട്ട് ഗാസ സിറ്റിയ്ക്ക് സമീപത്തെ സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേൽ ടാങ്കർ ആക്രമണം നടത്തുകയായിരുന്നു. മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് പേർ സ്ത്രീകളുമാണ്. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീട് തേടിയെത്തിയ കുടുംബമാണ് ആക്രമിക്കപ്പെട്ടതെന്ന് ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹമൂദ് ബസലിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണക്കാരായ, ഒന്നും അറിയാത്ത പലസ്തീനികളെ അകാരണമായി കൊല്ലുകയും ക്രൂരമായി ഉപദ്രവിക്കുകയുമാണെന്നും മഹമൂദ് ബസൽ പറഞ്ഞു. അവർക്ക് ആ കുടുംബത്തിന് മുന്നറിയിപ്പ് നൽകാമായിരുന്നു. അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ഇത് കൈകാര്യം ചെയ്യാമായിരുന്നു. എന്തിനാണ് ആക്രമിച്ചതെന്നും മഹമൂദ് ബസൽ ചോദിച്ചു.

യെല്ലോ ലൈൻ ഭേദിച്ച് അസ്വാഭാവികമായി വാഹനം കണ്ടതിനാലാണ് അക്രമിച്ചത് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം. ഗാസയിൽ ഇസ്രയേൽ സൈന്യം ഇപ്പോഴും കൈവശംവെച്ചിട്ടുള്ള പ്രദേശത്താണ് യെല്ലോ ലൈൻ ഉള്ളത്. സമാധാന കരാർ നടപ്പാക്കിയതിന് പിന്നാലെ ഗാസയിലെ നിശ്ചിത പ്രദേശത്ത് ഇസ്രയേൽ സൈന്യത്തെ പുനർവിന്യസിച്ചിരുന്നു.

ആക്രമണത്തെ അപലപിച്ച ഹമാസ്, സമാധാന കരാറിനെ ബഹുമാനിക്കാൻ ഇസ്രയേലിനുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മറ്റ് മധ്യസ്ഥ രാജ്യങ്ങളും സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. ഗാസ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രയേൽ തുടരെ ഗാസയിൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ 47 തവണ കരാർ ലംഘിച്ചെന്നും വിവിധ ആക്രമണങ്ങളിലായി 38 പലസ്തീനികൾ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 143 പേർക്കാണ് പരിക്കേറ്റത്.

Content Highlights: israel kills 11 palestinian family members in Gaza

dot image
To advertise here,contact us
dot image