
ഇസ്‌ലാമാബാദ്: പാക് - അഫ്ഗാൻ സംഘർഷത്തിനു പിന്നിൽ ഇന്ത്യയെന്ന വിമർശനം ആവർത്തിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികള്‍ കളിച്ചേക്കാം, ഇന്ത്യയോടും താലിബാനോടും യുദ്ധം ചെയ്യാൻ തയ്യാറാണ് എന്ന് ഖവാജ ആസിഫ് പറഞ്ഞു. സമാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഖവാജയുടെ പ്രതികരണം.
അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികൾ കളിക്കാൻ ശ്രമിക്കുമോ എന്നത് തള്ളിക്കളയാനാകില്ല. പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഇതിനോടകം രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരസ്യമായി ചർച്ചചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഇന്ത്യക്കുവേണ്ടി 'നിഴൽ യുദ്ധം' നടത്തുകയാണെന്ന് ആസിഫ് നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, പാക്- അഫ്ഗാൻ സംഘർഷത്തിൽ 48 മണിക്കൂർ താൽകാലിക വെടിനിർത്തലിന് ബുധനാഴ്ച ധാരണയിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനാണ് വെടിനിർത്തലെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. പ്രശ്നങ്ങൾ തീർക്കാൻ ചർച്ചകൾ തുടരുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു. നേരത്തെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിന്റെയും സൗദിയുടെയും സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ രംഗത്തെത്തിയിരുന്നു.
പാക്-അഫ്ഗാൻ അതിർത്തിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘർഷം രൂക്ഷമായിരുന്നു. ഏറ്റുമുട്ടലിൽ പാകിസ്താന്റെയും താലിബാന്റെയും സൈനികർക്ക് പുറമെ സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. പാക് സൈനിക പോസ്റ്റുകൾ തകർത്തെന്ന് താലിബാൻ അവകാശവാദമുന്നയിച്ചിരുന്നു. എന്നാലിത് പാക് പ്രതിരോധ മന്ത്രാലയം തള്ളി.
Content Highlights: pakistan minister Khawaja Asif says india playing dirty at the border