'ആ ചൂടിൽ ഞങ്ങൾ മരിച്ചുവീണു, എന്നാൽ കോഹ്‌ലി ഒരു ട്രെഡ്മില്ലിലെന്നപോലെ ഓടി റൺസെടുത്തു'; പ്രശംസിച്ച് ഓസീസ് താരം

'വിക്കറ്റ് ലഭിച്ചാൽ ഒന്ന് സന്തോഷിക്കാനുള്ള ഊർജം പോലും ആർക്കുമുണ്ടായിരുന്നില്ല. എന്നാൽ വിരാട് വളരെ എനർജിയോടെയാണ് കാണപ്പെട്ടത്'

'ആ ചൂടിൽ ഞങ്ങൾ മരിച്ചുവീണു, എന്നാൽ കോഹ്‌ലി ഒരു ട്രെഡ്മില്ലിലെന്നപോലെ ഓടി റൺസെടുത്തു'; പ്രശംസിച്ച് ഓസീസ് താരം
dot image

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഇന്ത്യയുടെ സൂപ്പർ താര​ങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയുമാണ് ആരാധകർ ഉറ്റുനോക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശർമയും വിരാട് കോഹ്‌ലിയും വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ പോകുന്നുവെന്നതാണ് ഏകദിന പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി 37 കാരനായ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസിനെ കുറിച്ചും ആരാധകർക്കിടയിൽ ആശങ്കയുണ്ട്.

എന്നാൽ കോഹ്‌ലിയുടെ ഫിറ്റ്നസിനെ കുറിച്ച് ഓസ്‌ട്രേലിയൻ പേസർ കെയ്ൻ റിച്ചാർഡ്‌സണിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയ്ക്ക് എതിരായ മത്സരത്തിൽ ഫിറ്റ്നസുകൊണ്ടും പ്രകടനം കൊണ്ടും ഞെട്ടിച്ച കോഹ്‌ലിയുടെ പ്രകടനം ഓർത്തെടുത്തുകയായിരുന്നു റിച്ചാർഡ്‌സൺ. 2017 ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിനം കളിച്ച റിച്ചാർഡ്സൺ, തന്റെ സഹതാരങ്ങൾ ശ്വാസംമുട്ടുകയും കളിക്കളത്തിൽ എഴുന്നേൽക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ പോലും കോഹ്‌ലി എങ്ങനെയാണ് കഠിനമായ ചൂടിലും ഓസ്‌ട്രേലിയയെ വെള്ളം കുടിപ്പിച്ചതെന്ന് തുറന്നുപറഞ്ഞു.

”കൊൽക്കത്തയിൽ ഒരു മത്സരം ഉണ്ടായിരുന്നു, അവിടെ അസഹനീയമായ ചൂടായിരുന്നു. സത്യത്തിൽ അന്നത്തെ ചൂട് വിവരിക്കാൻ പോലും എനിക്ക് കഴിയില്ല. ആ ദിവസം കോഹ്‌ലി സെഞ്ച്വറി നേടിയെന്ന് ഞാൻ കരുതുന്നില്ല, അദ്ദേഹം 90 റൺസ് നേടിയെന്നാണ് എന്റെ ഓർമ. ആ ചൂടിൽ ഞങ്ങൾ മരിച്ചു പോകുമെന്ന് പോലും തോന്നി. എന്നാൽ കോഹ്‌ലി ആണെങ്കിൽ സിം​ഗിളും ഡബിളുമെല്ലാം എളുപ്പത്തിൽ ഓടിയെടുക്കുകയായിരുന്നു. എയർ കണ്ടീഷൻ ചെയ്ത റൂമിൽ ട്രെഡ്‌മില്ലിലേതുപോലെയാണ് അദ്ദേഹം ഓടിയിരുന്നത്. ആ ദിവസം ഞങ്ങൾക്ക് സംസാരിക്കാൻ പോലുമുള്ള ആരോഗ്യം ഇല്ലായിരുന്നു. വിക്കറ്റ് ലഭിച്ചാൽ ഒന്ന് സന്തോഷിക്കാനുള്ള ഊർജം പോലും ആർക്കുമുണ്ടായിരുന്നില്ല. എന്നാൽ വിരാട് വളരെ എനർജിയോടെയാണ് കാണപ്പെട്ടത്”, ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റിച്ചാർഡ്‌സൺ പറഞ്ഞു.

2017 ലെ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്‌ലിയുടെ 92 റൺസിന്റെ മികവിൽ 252 റൺസ് നേടി. കൊൽക്കത്തയിലെ കടുത്ത ചൂടിൽ വലഞ്ഞ ഓസീസ്, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിന്റെ ഹാട്രിക് നേട്ടത്തിന് മിന്നൽ തകർന്ന് 50 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

Content Highlights: Kane Richardson hails Virat Kohli for batting superbly in extreme Kolkata heat

dot image
To advertise here,contact us
dot image