സമാധാന കരാറിനെ വെല്ലുവിളിച്ച് ഇസ്രയേൽ; റഫ അതിർത്തി അടച്ചിടും, സഹായ നീക്കം കുറയ്ക്കാനും നീക്കം

ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാത്തതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രയേൽ

സമാധാന കരാറിനെ വെല്ലുവിളിച്ച് ഇസ്രയേൽ; റഫ അതിർത്തി അടച്ചിടും, സഹായ നീക്കം കുറയ്ക്കാനും നീക്കം
dot image

ജെറുസലേം: ഗാസാ സമാധാന കരാറിൽ വീണ്ടും കല്ലുകടി. ഈജിപ്ത് -പലസ്തീൻ അതിർത്തി മേഖലയായ റഫ അതിർത്തി നാളെവരെ അടച്ചിടാനും അതിർത്തി വഴി ഗാസയിലേക്കുള്ള സഹായ നീക്കം കുറയ്ക്കാനുമാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ സമാധാന കരാർ പ്രകാരം ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാത്തതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രയേൽ ഉദ്യേഗസ്ഥർ വ്യക്തമാക്കി.ആക്രമണങ്ങളിൽ നാമാവശേഷമായ ഗാസയിൽനിന്നും ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സമയമെടുക്കുമെന്ന് ഹമാസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ന് മാത്രം ഒമ്പത് പേർ കൊല്ലപ്പെട്ടു. വടക്കൻ ​ഗാസയിലും ഖാൻ യൂനിസിലും ഡ്രോൺ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ- ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി ബന്ദിമോചനം, സൈനിക പിന്മാറ്റം, പ്രാദേശിക സുരക്ഷയുടെ സ്ഥിരത എന്നീ കാര്യങ്ങൾ പ്രതിപാദിക്കുന്ന 20 ഇന സമാധാന പദ്ധതി പ്രാബല്യത്തിൽ വന്നിട്ടും പ്രദേശത്ത് അക്രമം തുടരുകയാണ് ഇസ്രയേൽ.

ഗാസയിൽ യുദ്ധം അവസാനിച്ചുവെന്നും എന്നന്നേക്കുമായുള്ള സമാധാനം ഉറപ്പു നൽകുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് ​ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ട്രംപ് അടക്കമുള്ള നേതാക്കളാണ് സമാധാന കരാറിൽ ഒപ്പുവെച്ചിരുന്നത്. യുഎസിന് പുറമെ ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രയേലും ഹമാസും ഒപ്പുവെച്ചില്ലെങ്കിലും കരാറിനെ അംഗീകരിച്ചിരുന്നു. ഈജിപ്തിലെ ഷർമ് അൽ ഷേഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുത്തത്. കരാർ അംഗീകരിച്ചതിന് പിന്നാലെ ഹമാസ് തടവിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളെയും ഇസ്രയേലിന് കൈമാറിയിരുന്നു. ഇസ്രയേൽ തടവിലുണ്ടായിരുന്ന പലസ്തീനികളെയും മോചിപ്പിച്ചിരുന്നു.

Content Highlights: israel says Gaza's Rafah border crossing will remain closed through wednesday

dot image
To advertise here,contact us
dot image