154 പലസ്തീന്‍ തടവുകാരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്താന്‍ ഇസ്രയേല്‍; നിയമവിരുദ്ധമെന്ന് വിമര്‍ശനം

ചെറിയ ജയിലില്‍ നിന്ന് വലിയ ജയിലിലേക്ക് അയക്കുന്നുവെന്ന് വിമര്‍ശനം

154 പലസ്തീന്‍ തടവുകാരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്താന്‍ ഇസ്രയേല്‍; നിയമവിരുദ്ധമെന്ന് വിമര്‍ശനം
dot image

ടെല്‍ അവീവ്: ബന്ദിമോചന കരാര്‍ പ്രകാരം ഇസ്രയേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് റിപ്പോര്‍ട്ട്. ഈജിപ്തടക്കമുള്ള രാജ്യങ്ങളിലേക്കാണ് നാടുകടത്തുന്നത്. പലസ്തീന്‍ തടവുകാരെ കാത്തിരുന്ന കുടുംബാംഗങ്ങള്‍ക്ക് ഞെട്ടിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ സ്വാതന്ത്ര്യം കയ്‌പ്പേറിയതാണെന്നും പലസ്തീന്‍ തടവുകാരുടെ കുടുംബം പ്രതികരിച്ചു.

ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചനകരാറിലുള്ള ഇരട്ട നിലപാടാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 'ഇവര്‍ പലസ്തീനിലെ പൗരന്മാരാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യത്തേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമാണ്. മറ്റ് രാജ്യത്തെ പൗരത്വം അവര്‍ക്കില്ല. അവരെ ചെറിയ ജയിലില്‍ നിന്ന് മോചിപ്പിച്ചപ്പോള്‍ വലിയ ജയിലിലേക്ക് അയക്കുന്നു. പുതിയ രാജ്യത്ത് അവര്‍ വലിയ നിയന്ത്രണങ്ങള്‍ നേരിടും. ഇത് മനുഷ്യത്വവിരുദ്ധമാണ്', ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസര്‍ താമര്‍ ഖര്‍മൊത് പറഞ്ഞു.

Palestine
ഗാസയിലേക്ക് തിരിച്ചെത്തിയ പലസ്തീൻ തടവുകാരൻ കുടുംബത്തോടൊപ്പം

മോചിപ്പിച്ച പലസ്തീനികളെ ഏത് രാജ്യത്തേക്കാണ് നാടുകടത്തിയതെന്ന് വ്യക്തമല്ലെന്ന് അല്‍ ജസീറ പറഞ്ഞു. നേരത്തെയും പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയിരുന്നു. ജനുവരിയില്‍ വിട്ടയച്ച ചില തടവുകാരെ ടുണീഷ്യ, അല്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കായിരുന്നു നാടുകടത്തിയത്. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് പിടിച്ചുവെച്ച 20 ഇസ്രയേല്‍ ബന്ദികളെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചു.

അതേസമയം ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാനായി ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഗാസാ സമാധാന കരാര്‍ ഒപ്പുവെച്ചു. ഇതോടെ രണ്ടു വര്‍ഷ നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമായി. യുഎസ്, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറില്‍ ഒപ്പുവെച്ചിട്ടില്ല.

ഉച്ചകോടിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നേരത്തെ ഈജിപ്തിലെത്തുമെന്നറിയിച്ച നെതന്യാഹു പിന്നീട് പിന്മാറുകയായിരുന്നു. ഗാസയിലെ സമാധാനത്തിനായി 20 ഇന സമാധാന പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഇത് ഇസ്രയേലും ഹമാസും അംഗീകരിക്കുകയായിരുന്നു. ബന്ദിമോചനം, വെടിനിര്‍ത്തല്‍, പ്രാദേശിക സുരക്ഷയുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നതാണ് കരാര്‍.

Content Highlights: Israel to deport 154 Palestinian prisoners to third country

dot image
To advertise here,contact us
dot image