'ഇസ്രയേലി സേനയുടെ പിൻമാറ്റത്തിൽ കൃത്യത വേണം'; ട്രംപിന്റെ നിർദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാൻ ഹമാസ്; റിപ്പോർട്ട്

ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിലും ഭേദഗതി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍

'ഇസ്രയേലി സേനയുടെ പിൻമാറ്റത്തിൽ കൃത്യത വേണം'; ട്രംപിന്റെ നിർദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാൻ ഹമാസ്; റിപ്പോർട്ട്
dot image

ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാട് അറിയിക്കുമെന്ന് ഹമാസ്. ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാനാണ് തീരുമാനം. ഇസ്രയേലി സേനയുടെ പിൻമാറ്റത്തില്‍ കൃത്യത വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിലും ഭേദഗതി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളുമായി ഹമാസ് ചര്‍ച്ച തുടരുകയാണ്. അതിനിടെ ട്രംപിന്റെ സമാധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെ ആഗോള പിന്തുണ ലഭിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഹമാസ് മറുപടി പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിക്കാന്‍ ഹമാസ് ഒരുങ്ങുന്നത്. ഹമാസിനെ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നത് ദുഷ്‌കരമാണെന്ന് ഗാസയിലെ രാഷ്ട്രീയ നിരീക്ഷകനായ ഖൈമിര്‍ അബൂസാദ പറഞ്ഞു. ട്രംപിന്റെ നിര്‍ദേശങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് ഹമാസ് സ്വീകരിക്കുന്നതെങ്കില്‍ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ഹമാസിന്റെ മറുപടി നീണ്ടാല്‍ ഇസ്രയേലിന് എന്തും ചെയ്യാം എന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. മറിച്ചാണ് മറുപടിയെങ്കിലും അത് തിരിച്ചടിയാണെന്നും ഖൈമിര്‍ പറഞ്ഞു. അതിനിടെ ഗാസ സിറ്റിയില്‍ ശേഷിക്കുന്ന മുഴുവന്‍ പലസ്തീനികളും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ അന്ത്യശാസനം നല്‍കി. ഒഴിഞ്ഞുപോകാത്ത പക്ഷം അവരെ ഹമാസ് അനുകൂലികളായി കണക്കാക്കും. ഗാസയില്‍ തുടരുന്നവര്‍ക്ക് നാശമായിരിക്കുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഗാസ സിറ്റിയില്‍ നിന്ന് പുറത്തേയ്ക്കുള്ള പ്രധാനപാത അടയ്ക്കുമെന്നും ഇസ്രയേല്‍ സേന അറിയിച്ചു.

സെപ്റ്റംബര്‍ 29നായിരുന്നു ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച. ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയില്‍ ഹമാസ് അധികാരം ഒഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍. ഗാസയിലെ സഹായവിതരണം യു എന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തുമെന്നും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. പലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും. ഗാസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ പോകാന്‍ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

Content Highlights- Hamas likely to seek revisions for Trump’s 20-point Gaza ceasefire plan

dot image
To advertise here,contact us
dot image