'തീപിടിത്തത്തിൽ ഡോർ തുറക്കാനായില്ല; പൊള്ളലേറ്റും പുക ശ്വസിച്ചും മകൾ മരിച്ചു', ടെസ്‌ലയ്ക്കെതിരെ മാതാപിതാക്കൾ

വിദ്യാർത്ഥിനിയായ ക്രിസ്റ്റ സുകഹാരയാണ് മരിച്ചത്

'തീപിടിത്തത്തിൽ ഡോർ തുറക്കാനായില്ല; പൊള്ളലേറ്റും പുക ശ്വസിച്ചും മകൾ മരിച്ചു', ടെസ്‌ലയ്ക്കെതിരെ മാതാപിതാക്കൾ
dot image

സാൻ ഫ്രാൻസിസ്‌കോ: ടെസ്‌ല കാറിന് തീപിടിച്ചപ്പോൾ ഡോർ തുറക്കാനായില്ലെന്നും തുടർന്ന് വമിച്ച പുക ശ്വസിച്ചാണ് പത്തൊമ്പതുകാരിയായ മകൾ മരിച്ചതെന്നുമുള്ള ആരോപണവുമായി മാതാപിതാക്കൾ. സാൻ ഫ്രാൻസിസ്‌കോയിലാണ് കേസിനാസ്പദമായ സംഭവം.

വിദ്യാർത്ഥിനിയായ ക്രിസ്റ്റ സുകഹാരയാണ് പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചത്. മകൾ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. തീപിടിത്തം പോലുള്ള സാഹചര്യങ്ങളിൽ വാതിൽ തുറക്കാൻ കഴിയാത്ത 'ഡിസൈൻ തകരാറാണ്' മകളുടെ മരണത്തിന് ഇടയാക്കിയതെന്ന് കാണിച്ച് ക്രിസ്റ്റ സുകഹാരയുടെ മാതാപിതാക്കൾ വ്യാഴാഴ്ച കേസ് ഫയൽ ചെയ്തു.

ഇതേപ്പറ്റി അറിയാമായിരുന്നിട്ടും പലഭാഗങ്ങളിൽ നിന്നും പരാതി കിട്ടിയിട്ടും പരിഹരിക്കാൻ കമ്പനി ഇതുവരെ ഇടപെട്ടില്ലെന്നും പരിഹാരം കണ്ടെത്തിയില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല. സാൻ ഫ്രാൻസിസ്‌കോയിലെ ഒരു പ്രദേശത്തുവെച്ച് മദ്യപിച്ചതിന് ശേഷം ഡ്രൈവർ ഓടിച്ച വാഹനം ഒരു മരത്തിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

പെൺകുട്ടി കാറിന്റെ പിൻവശത്തായിരുന്നു ഇരുന്നിരുന്നത്. ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ന്യൂയോർക്ക് ടൈംസാണ് ഈ കേസ് ആദ്യം റിപ്പോർട്ട് ചെയ്തത്. തീപിടിത്തമോ മറ്റോ ഉണ്ടായാൽ വാതിൽ തുറക്കാനാവില്ലെന്നത് ടെസ്‌ലയുടെ ഒരു പ്രശ്നമാണ്. ടെസ്‌ല കാറുകളുടെ വിവിധ സുരക്ഷാ പ്രശ്നങ്ങൾ ആരോപിച്ച് നിരവധി പേർ മുമ്പ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Content Highlights: US Parents Sue Tesla Say Door Flaw Killed Teen Daughter After Fire

dot image
To advertise here,contact us
dot image