
ഗാസ: ഗാസയിലേക്ക് സഹായവുമായി പോയ അവസാന ഫ്‌ളോട്ടില ബോട്ടും പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം. ഇന്ന് രാവിലെയാണ് സൈന്യം ബോട്ട് പിടിച്ചെടുത്തത്. ഇസ്രയേല്‍ സൈന്യം ബോട്ടിലേക്ക് കയറുന്നത് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ആറ് പേരടങ്ങുന്ന പോളിഷ് പതാകയുള്ള അവസാന ബോട്ടാണ് സൈന്യം പിടിച്ചെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഏകദേശം 40ഓളം ബോട്ടുകള്‍ പിടിച്ചെടുത്തതിനും ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കം 450ലധികം വിദേശ ആക്ടിവിസ്റ്റുകളെ തടവിലാക്കിയതിനും പിന്നാലെ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നും ഇസ്രേയല്‍ സൈന്യം ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ഗാസയില്‍ നിന്ന് 42.5 നോട്ടിക്കല്‍ മൈല്‍ നിന്നുമാണ് ബോട്ട് പിടിച്ചെടുത്തിരിക്കുന്നത്.
ഫ്‌ളോട്ടില ബോട്ടിലെ ഇറ്റലിയില്‍ നിന്നുള്ള നാല് ആക്ടിവിസ്റ്റുകളെ നാടുകടത്തിയെന്നും ബാക്കിയുള്ളവരെ പറഞ്ഞ് വിടാന്‍ തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പറ്റാവുന്നത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. തടവിലാക്കിയ 461 ആക്ടിവിസ്റ്റുകളും സുരക്ഷിതമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫ്‌ളോട്ടിലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറ്റലിയില്‍ തൊഴിലാളി യൂണിയനുകള്‍ ഇന്ന് പൊതു പണിമുടക്കിലാണ്. യുഎസ്ബി, സിഎഫ്‌ഐഎല്‍ യൂണിയനുകളാണ് പണിമുടക്ക് നടത്തുന്നത്. അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ 66,225 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Israel army intercept last Global Sumud Flotila