ട്രാൻസ്‌ജെൻഡർ സമൂഹത്തെയടക്കം പിന്തുണക്കുന്ന സംഘടനകൾക്കും സർക്കാരുകൾക്കും ധനസഹായം നിർത്തലാക്കാൻ ട്രംപ് ഭരണകൂടം

സന്നദ്ധ സംഘടനകൾ, വിദേശ സർക്കാരുകളുടെ പരിപാടികൾ, ഐക്യരാഷ്ട്ര സഭയുടെ പദ്ധതികൾ എന്നിവയ്ക്കും ഈ നിരോധനം ബാധകമാകും

ട്രാൻസ്‌ജെൻഡർ സമൂഹത്തെയടക്കം പിന്തുണക്കുന്ന സംഘടനകൾക്കും സർക്കാരുകൾക്കും ധനസഹായം നിർത്തലാക്കാൻ ട്രംപ് ഭരണകൂടം
dot image

വാഷിംങ്ടൺ: ട്രാൻസ്‌ജെൻഡർ അടക്കമുള്ള ലിംഗ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതുമായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ധനസഹായം നൽകുന്നത് നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം. എൽജിബിടിക്യുഐ അടക്കമുള്ള ലിംഗ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന, അമേരിക്ക ആസ്ഥാനമായ സ്ഥാപനങ്ങൾക്കും വിദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും നൽകുന്ന ഫെഡറൽ ഫണ്ടുകൾ നിർത്തലാക്കാനാണ് യുഎസ് തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രാൻസ്‌ജെഡറുകളെ പിന്തുണയ്ക്കുന്ന പദ്ധതികൾ സ്ത്രീകൾക്ക് ദോഷകരമാണെന്ന നിഗമനത്തിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനകൾ, വിദേശ സർക്കാരുകളുടെ പരിപാടികൾ, ഐക്യരാഷ്ട്ര സഭയുടെ പദ്ധതികൾ എന്നിവയ്ക്കും ഈ നിരോധനം ബാധകമാകുമെന്ന് യുഎസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ സഹായം സ്വീകരിക്കുന്ന വിദേശ സ്ഥാപനങ്ങൾ ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നതും അത്തരം സേവനങ്ങൾ നൽകുന്നതിനെ വിലക്കുന്നതുമായ മെക്‌സിക്കോ സിറ്റി നയം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ നീക്കമെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വിദേശത്തും സ്വദേശത്തുമുള്ള യുഎസ് സഹായം സ്വീകരിക്കുന്ന എൻജിഒകൾ, അന്താരാഷ്ട്ര സംഘടനകൾ, വിദേശ സർക്കാരുകൾ എന്നിവയ്ക്ക് ഗർഭച്ഛിദ്രം, ലിംഗരാഷ്ട്രീയം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇതോടെ വിലക്കുണ്ടാകും. ഇക്കാര്യം സംബന്ധിച്ച് അറിയിപ്പുകൾ ലഭിച്ചതായി ഗ്ലോബൽ ഹെൽത്ത് കൗൺസിൽ, എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയ്‌സസ് എന്നീ സംഘടനകൾ അറിയിച്ചു. 'അമേരിക്ക ഫസ്റ്റ്'എന്ന ട്രംപിന്റെ നയമാണ് ഇതിനെല്ലാം പിന്നിലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

Content Highlights: Trump administration to cut funding for overseas gender identity and diversity programmes

dot image
To advertise here,contact us
dot image