അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍

ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി ഖത്തറിലെ മുന്‍ താലിബാന്‍ വക്താവ്

അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍
dot image

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ്, ടെലികോം സേവന നിരോധനം പിന്‍വലിച്ചു. ഇതോടെ ആശ്വാസത്തിലായ അഫ്ഗാന്‍ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ ഭാഗികമായി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെട്ടുവെന്ന് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്ക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി ഖത്തറിലെ മുന്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു.

നിരോധനം പിന്‍വലിച്ചതോടെ ബുധനാഴ്ച്ച വൈകുന്നേരം നിരവധി ആളുകളാണ് കാബൂളിലെ നഗരത്തില്‍ ഒത്തുകൂടിയത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പുനസ്ഥാപിച്ച സന്തോഷം ജനങ്ങള്‍ പരസ്പരം പങ്കുവച്ചു.

തിങ്കളാഴ്ച്ചയായിരുന്നു അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത്. അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും അതേ ഫൈബര്‍ ലൈനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഫോണ്‍ ബന്ധവും തകരാറിലായിട്ടുണ്ടായിരുന്നതായി സൈബര്‍ സുരക്ഷാ നിരീക്ഷകരായ നെറ്റ്ബോക്സ് അറിയിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ ഇന്‍ര്‍നെറ്റിന്റെ വേഗത കുറച്ച് താലിബാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണമായ നിരോധനം വരുന്നത്.

2021 ല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുന്ന വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഇന്റര്‍നെറ്റ് നിരോധനമായിരുന്നു ഇത്. തിന്മയെന്ന് പറഞ്ഞാണ് ഫൈബര്‍ ഒപ്റ്റിക് ശൃംഖല താലിബാന്‍ വിച്ഛേദിച്ചത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് നിരോധനമെന്നും രാജ്യത്തിനകത്ത് ഒരു ബദല്‍ സംവിധാനം സ്ഥാപിക്കുമെന്നും താലിബാന്‍ നേതാക്കള്‍ അറിയിച്ചിരുന്നു.

ഇന്റര്‍നെറ്റ് വിച്ഛേദിച്ചതോടെ താലിബാന്‍ ജനത പ്രതിസന്ധിയിലായിരുന്നു. വിവിധ മേഖലകളെ തീരുമാനം വലിയരീതിയില്‍ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുകയും മാധ്യമങ്ങളുടെയും ബാങ്കിങ്, വ്യവസായം തുടങ്ങിയ മേഖലകള്‍ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.

Content Highlight; Internet restored in Afghanistan after Taliban blackout.

dot image
To advertise here,contact us
dot image