ഈഡൻ കടലിടുക്കിൽ ഹൂതി ആക്രമണം; ഡച്ച് ചരക്ക് കപ്പലിന് തീപിടിച്ചു, രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

തീപിടിച്ചതിന് പിന്നാലെ കപ്പല്‍ ഒഴുകിപ്പോയെന്ന് റിപ്പോര്‍ട്ട്

ഈഡൻ കടലിടുക്കിൽ ഹൂതി ആക്രമണം; ഡച്ച് ചരക്ക് കപ്പലിന് തീപിടിച്ചു, രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്
dot image

ദുബൈ: ഈഡൻ കടലിടുക്കിലുണ്ടായ ഹൂതി ആക്രമണത്തിൽ ചരക്ക് കപ്പലിന് തീപിടിച്ചു. മിനർവാഗ്രാറ്റ് എന്ന ഡച്ച് ചരക്ക് കപ്പലിനാണ് തീപിടിച്ചത്. രണ്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റതായും ജീവനക്കാർ സുരക്ഷിതരാണെന്നുമാണ് പുറത്തുവരുന്ന വിവരം.

കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരെയും ഹെലികോപ്റ്റർ മുഖേന രക്ഷപ്പെടുത്തിയെന്ന് കപ്പൽ ഉടമ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ ഒന്നിന് ശേഷം വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആദ്യ ആക്രമണമാണിത്.

ഈഡൻ കടലിടുക്കിലായിരുന്നു കപ്പലെന്നും അജ്ഞാതമായ ഒരു സ്‌ഫോടക വസ്തു കപ്പലിൽ ഇടിക്കുകയും തുടർന്ന് കത്തിപ്പിടിക്കുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഈഡൻ തുറമുഖത്തിന് തെക്കുകിഴക്കായി ഏകദേശം 128 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് കപ്പലിന് തീപിടിച്ചത്. മിസൈല്‍ ആക്രമണമാണ് നടന്നതെന്ന സൂചനകള്‍ ഉണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. തീപിടിച്ചതിന് പിന്നാലെ കപ്പല്‍ ഒഴുകിപ്പോയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കപ്പലിലുണ്ടായിരുന്ന ജീവനക്കാർ റഷ്യ, യുക്രെയ്ൻ, ഫിലിപ്പിനോ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും നേരിയ പരിക്കുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിക്കും വരെ ചെങ്കടലിലെ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികൾ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ ഹൂതി ആക്രമണത്തിൽ രണ്ട് കപ്പലുകൾ തീപിടിച്ച് കടലിൽ മുങ്ങിയിരുന്നു.

Content Highlights: Dutch cargo ship adrift and blaze after Houthis attack in Gulf of Aden

dot image
To advertise here,contact us
dot image