സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി

സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു
dot image

കഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി. സത്യപ്രതിജ്ഞ പൂർത്തിയാക്കി സുശീല കർക്കി നേപ്പാളിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. ഒൻപത് മണിക്കായിരുന്നു സുശീല കർക്കിയുടെ സത്യപ്രതിജ്ഞ.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റത്. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നേപ്പാൾ സൈന്യം നിയന്ത്രണമേറ്റെടുത്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. പിന്നാലെ വീട്ടിനുള്ളിലുണ്ടായിരുന്ന ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ പ്രക്ഷേഭത്തിന് പിന്നിലുണ്ട്. 'You Stole Our Dreams , Youth Against Corruption' എന്നിങ്ങനെയാണ് നേപ്പാളില്‍ നിന്നുയർന്നിരുന്ന മുദ്രാവാക്യങ്ങള്‍.

Content Highlight; Sushila Karki has been appointed as Nepal’s interim Prime Minister

dot image
To advertise here,contact us
dot image