'അച്ഛന്‍ കാരണം അക്കാദമിയില്‍ നിന്ന് കോച്ച് എന്നെ പുറത്താക്കിയിരുന്നു'; മനസ് തുറന്ന് ശുഭ്മന്‍ ഗില്‍

'ആ ഘട്ടം ചെറുതായി വെല്ലുവിളി നിറഞ്ഞതായിരുന്നു'

'അച്ഛന്‍ കാരണം അക്കാദമിയില്‍ നിന്ന് കോച്ച് എന്നെ പുറത്താക്കിയിരുന്നു'; മനസ് തുറന്ന് ശുഭ്മന്‍ ഗില്‍
dot image

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന യുവതാരമാണ് ശുഭ്മന്‍ ഗില്‍. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനും ടി20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനുമാണ് 26കാരനായ ഗില്‍. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ച് ഗില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്.

ആപ്പിള്‍ മ്യൂസിക്കിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു താരം ക്രിക്കറ്റിലെ തുടക്കകാലത്തെ അനുഭവങ്ങള്‍ ഗില്‍ തുറന്നുപറഞ്ഞത്. കുട്ടിക്കാലത്ത് ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ഗില്ലിനെ പുറത്തായ സംഭവവും ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. അച്ഛന്‍ കാരണം അക്കാദമിയില്‍ നിന്ന് കോച്ച് തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്നാണ് ഗില്‍ പറയുന്നത്.

'ക്രിക്കറ്റില്‍ എന്റെ തുടക്കകാലങ്ങളില്‍ ഞാന്‍ ചേര്‍ന്ന അക്കാദമിയില്‍ നിന്ന് എന്നെ ഇറക്കിവിട്ടിട്ടുണ്ട്. അക്കാദമിയിലെ പരിശീലകനുമായി എന്റെ അച്ഛന്‍ നല്ല ബന്ധത്തിലായിരുന്നില്ല. ആ കോച്ച് എന്നെ അക്കാദമിയില്‍ നിന്ന് പുറത്താക്കി. അത് ഒരു സ്വകാര്യ അക്കാദമിയായിരുന്നില്ല. പൊതു അക്കാദമി ആയിരുന്നു', ഗില്‍ പറഞ്ഞു.

'കോച്ചിന് രാവിലെ ആറ് മുതല്‍ പത്ത് മണി വരെയും പിന്നീട് വൈകുന്നേരം നാല് മുതല്‍ ആറ് വരെയും സെഷനുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ അച്ഛന്‍ എന്നെ രാവിലെ മൂന്ന് മണിക്ക് എഴുന്നേല്‍പ്പിക്കുമായിരുന്നു. കോച്ച് വരുന്നതിന് മുന്‍പ് രാവിലെ മൂന്ന് മുതല്‍ ആറ് വരെ അച്ഛന്‍ പരീശീലിപ്പിക്കും. എന്നിട്ട് സ്‌കൂളില്‍ പോവും. സ്‌കൂളില്‍ പകുതി ദിവസം മാത്രമേ ഇരിക്കൂ', ഗില്‍ പറഞ്ഞു.

'കോച്ച് 11 മണിക്ക് പരിശീലനം നിര്‍ത്തിയാല്‍ ഞാന്‍ തിരിച്ച് വീട്ടിലെത്തും. 11 മുതല്‍ മൂന്ന് മണി വരെ വീണ്ടും പരിശീലിക്കും. രണ്ട് വര്‍ഷത്തോളം ഞാനിങ്ങനെ ചെയ്തിരുന്നു. എനിക്ക് മോശം ഓര്‍മകളില്ലെങ്കിലും ആ ഘട്ടം ചെറുതായി വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു കുട്ടിയായിരിക്കുമ്പോള്‍ രാവിലെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കുകയെന്നത് ബുദ്ധിമുട്ടാണല്ലോ? പക്ഷേ എന്റെ അച്ഛന്‍ അന്ന് എന്നോട് അങ്ങനെ ചെയ്തതില്‍ ഞാന്‍ ഇപ്പോള്‍ നന്ദിയുള്ളവനാണ്', ഗില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Shubman Gill was 'kicked out' of academy after his dad had a 'falling out with the coach

dot image
To advertise here,contact us
dot image