
കുവൈത്തിൽ അനധികൃത മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. വ്യാജമദ്യം നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്ന മൂന്ന് പ്രവാസികളെകൂടി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രാജ്യ വ്യാപക പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുവൈറ്റിനെ നടുക്കിയ വിഷമദ്യ ദുരന്തത്തിന് പിന്നാലെയാണ് വ്യാജ മദ്യവില്‍പ്പനക്കാര്‍ക്കെതിരായ നടപടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയത്. രാജ്യത്തിടനീളം വ്യാപക പരിശോധനയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. മംഗഫ് മേഖലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അനധികൃത മദ്യ നിര്‍മാണം നടത്തി വന്ന മൂന്ന് പ്രവാസികള്‍ കൂടി പിടിയിലായി.
ഒരു കെട്ടിടത്തിന്റെ ഭൂഗര്‍ഭ നിലയിലായിരുന്നു മദ്യനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വ്യാജ മദ്യത്തിന് പുറമെ വാറ്റിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം ജിലീബ് അല്‍ ഷുയൂഖിലെ വ്യാജ മദ്യശാലയില്‍ ഉല്‍പാദിപ്പിച്ച വിഷമദ്യം കഴിച്ച് മലയാളികള്‍ ഉള്‍പ്പെടെ 23 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വ്യാപക പരിശോധനയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് പിടിയിലായത്. നിരവധി വ്യാജ മദ്യ നിര്‍മാണ കേന്ദ്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. പരിശോധന ശക്തമായി തുടരാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സമ്പൂര്‍ണ മദ്യ നിരോധമുള്ള രാജ്യമാണ് കുവൈത്ത്.
Content Highlights: Ministry of Interior steps up action against illegal liquor manufacturing centers in Kuwait