ARM ൻ്റെ ആരാധകർക്ക് ഒരു സർപ്രൈസ്!, മണിയന്റെ സ്പിൻ ഓഫ് സിനിമ വരും; സൂചന നൽകി സംവിധായകൻ

'മണിയൻ എന്ന കഥാപാത്രത്തിൻ്റെ തിരിച്ച് വരവ് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും ഫോൺ കോളുകളും എനിക്ക് പലരിൽ നിന്നായി ലഭിക്കാറുണ്ട്'

ARM ൻ്റെ ആരാധകർക്ക് ഒരു സർപ്രൈസ്!, മണിയന്റെ സ്പിൻ ഓഫ് സിനിമ വരും; സൂചന നൽകി സംവിധായകൻ
dot image

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം). കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ സിനിമ 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. ചിത്രത്തിൽ മൂന്ന് റോളുകളിലായിരുന്നു ടൊവിനോ എത്തിയത്. ഇതിൽ മണിയൻ എന്ന കള്ളന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സ്പിൻ ഓഫ് സിനിമ വരുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ജിതിൻ ലാൽ. അജയന്റെ രണ്ടാം മോഷണം പുറത്തിറങ്ങി ഒരു വർഷമാകുന്നതിന്റെ വേളയിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്.

സിനിമയുടെ തിരക്കഥാകൃത്തായ സുജിത് നമ്പ്യാർ മണിയൻ എന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയുടെ എഴുത്തിലാണെന്നും ചിത്രം ഉടൻ വരുമെന്നും ജിതിൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ARM എന്ന നമ്മുടെ സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് തിയറ്ററിൽ എത്തിയ നമ്മുടെ സിനിമ തിയറ്ററിൽ വലിയ ജന പിന്തുണയോടെ സ്വീകരിക്കപ്പെട്ടു എന്നതിനപ്പുറം ഇപ്പോഴും നമ്മുടെ സിനിമ പല കോണുകളിലും ചർച്ച ചെയ്യപ്പെടുന്നു എന്നത് ഏറെ ആത്മവിശ്വാസം നൽകുന്നു. ടൊവിയുടെ അവിസ്മരണീയമായ പ്രകടനത്തിൻ്റെ വെളിച്ചത്തിൽ വൻ ജനശ്രദ്ധ പിടിച്ചു പറ്റിയ മണിയൻ എന്ന കഥാപാത്രത്തിൻ്റെ തിരിച്ച് വരവ് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും ഫോൺ കോളുകളും എനിക്ക് പലരിൽ നിന്നായി ലഭിക്കാറുണ്ട്. സുജിത്തേട്ടൻ മണിയൻ്റെ തിരിച്ചു വരവിനായുള്ള എഴുത്തിൻ്റെ തയ്യാറെടുപ്പുകളിലാണ്. അതിന് മുമ്പ് നമ്മൾ മറ്റൊരു സിനിമ ചെയ്യാനുള്ള തിരക്ക് പിടിച്ച പണിപ്പുരയിലാണ്.

ഏറെ മുന്നൊരുക്കങ്ങൾ ആവശ്യമായി വരുന്ന ഈ സിനിമയും തികച്ച ജനപ്രിയ ഫോർമാറ്റിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,, ARM എന്ന സിനിമ തന്ന ആത്മവിശ്വാസം മാത്രമാണ് അതിനുള്ള കാരണം. ഈയൊരു വേളയിൽ സിനിമ യാഥാർത്യമാക്കാൻ കൂടെ നിന്ന ഓരോ പ്രിയപ്പെട്ടവരോടും, അഭിനേതാക്കളോടും നമ്മുടെ സിനിമ ഏറ്റെടുത്ത പ്രിയ ജനങ്ങളോടും, പിന്തുണ നൽകിയ ദൃശ്യമാധ്യമങ്ങളോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നുള്ള യാത്രകളിലും ഏവരുടേയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് ആഗ്രഹിച്ച് കൊണ്ട്.
നിഗൂഡതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും ….

എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ്‌. തമിഴിൽ കന, ചിത്ത തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.

Content Highlights: ARM spin off film maniyan film come soon says director

dot image
To advertise here,contact us
dot image