ഭരണഘടനയ്ക്കും മതേതര ജനാധിപത്യത്തിനും വേണ്ടി വാദിച്ച യെച്ചൂരി; പ്രത്യയശാസ്ത്ര ദൃഢതയുടെ പ്രായോഗിക ആൾരൂപം

മതേതര ജനാധിപത്യം, സാമ്പത്തിക പരമാധികാരം, സാമൂഹ്യനീതി, ഫെഡറിലിസം എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയെന്നായിരുന്നു സീതാറാം യെച്ചൂരി വ്യക്തമാക്കിയത്

ഭരണഘടനയ്ക്കും മതേതര ജനാധിപത്യത്തിനും വേണ്ടി വാദിച്ച യെച്ചൂരി; പ്രത്യയശാസ്ത്ര ദൃഢതയുടെ പ്രായോഗിക ആൾരൂപം
dot image

2024ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് നിർണ്ണായകമാണെന്ന് 2024 മാ‍ർച്ച് അവസാനം പിടിഐയ്ക്ക് കൊടുത്ത ഒരു അഭിമുഖത്തിൽ അന്നത്തെ സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ നാല് അടിസ്ഥാന ശിലകളെക്കുറിച്ചും ആ അഭിമുഖത്തിൽ യെച്ചൂരി ചൂണ്ടിക്കാണിച്ചിരുന്നു. മതേതര ജനാധിപത്യം, സാമ്പത്തിക പരമാധികാരം, സാമൂഹ്യനീതി, ഫെഡറിലിസം എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയെന്നായിരുന്നു സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. ഇവ നാലും ഭീഷണി നേരിടുകയാണെന്നും അതിനാൽ 2024ലെ പൊതുതെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമാണെന്നായിരുന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ മതേതര ജനാധിപത്യത്തെ സംരക്ഷിക്കാൻ നമ്മൾ തയ്യാറാകുന്നോ അതോ നിലവിലെ രീതി തുടരാൻ അനുവദിക്കുന്നോ എന്ന രണ്ട് ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പിൽ ഉയരുന്നതെന്നായിരുന്നു സീതാറാം യെച്ചൂരി അന്ന് പറഞ്ഞ് വെച്ചത്.

400 സീറ്റിൽ കൂടുതൽ നേടി അധികാരത്തുട‍ർച്ചയുണ്ടാകുമെന്ന് പ്രചരിച്ച ബിജെപിക്ക് പക്ഷെ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം നേടാൻ ആയില്ല. എന്നാൽ സഖ്യകക്ഷികളുടെ പിന്തുണയിൽ നരേന്ദ്ര മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തി. സീതാറാം യെച്ചൂരി അടക്കം മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പിലെ പരാജയം പ്രതിപക്ഷ സഖ്യത്തെ സംബന്ധിച്ച് കനത്ത ആഘാതമായിരുന്നു. പ്രതികൂലമായ സാഹചര്യത്തിലും ബിജെപിയെ വിറയ്ക്കപ്പിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ പക്ഷെ പ്രതിപക്ഷ സഖ്യത്തിന് സാധിച്ചിരുന്നു. എന്നാൽ 2024ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ വോട്ട്ചോരിയാണ് എന്ന ആരോപണം ഉയർത്തി രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷ സഖ്യം. വോട്ടർപട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് സുതാര്യമായ മറുപടി പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷനും സാധിച്ചിട്ടില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പ് എന്ത് കൊണ്ട് നിർണ്ണായകമാകുന്നു എന്ന സീതാറാം യെച്ചൂരിയുടെ നിലപാടുകൾ കൂടുതൽ പ്രസക്തമാകുന്ന കാലത്താണ് ഇപ്പോൾ കോൺ​ഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷം ബിജെപിക്കെതിരെ പ്രത്യയശാസ്ത്ര പോരാട്ടമാണ് നടത്തേണ്ടതെന്ന നിലപാടുമായി രം​ഗത്ത് വരുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വതന്ത്ര സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വോട്ട്ചോരി ആരോപണത്തിൻ്റെ പൊരുൾ.

Sitaram Yechury is an Indian politician and prominent leader of the Communist Party of India (Marxist), known for his advocacy of leftist policies and social justice. He is recognised for his articulate speeches and writings on economic and political issues, particularly focusing on the challenges faced by the working class and the need for progressive reforms in India.

ഭരണഘടനാ സ്ഥാപനങ്ങളെ ഈ നിലയിൽ സംഘപരിവാ‍ർ വത്കരിക്കുന്നു എന്നത് ചൂണ്ടിക്കാട്ടി തീവ്രഹിന്ദുത്വയുടെ മതരാഷ്ട്ര നിലപാടിനെതിരെ ഏറ്റവും ശക്തമായ പ്രത്യയശാസ്ത്ര നിലപാട് സ്വീകരിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. ഇപ്പോൾ പ്രതിപക്ഷ സഖ്യം സമാനമായ വിഷയം ഉയർത്തി രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടത്തുമ്പോൾ ഇത്തരം വിഷയങ്ങളിൽ തെളിമയുള്ള നിലപാട് പറയുന്ന സീതാറാം യെച്ചൂരിയെപ്പോലെയുള്ള ഒരു നേതാവിൻ്റെ അഭാവം പ്രകടമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം ബിജെപിയുടെ ഹിന്ദുത്വ അജണ്ടകളെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും പ്രത്യശാസ്ത്ര അടിത്തറയിൽ നിന്നുള്ള ആശയസമരവും അനിവാര്യമാണെന്ന് വർഷങ്ങൾക്ക് മുമ്പ് നിലപാട് പറഞ്ഞ നേതാവായിരുന്നു സീതാറാം യെച്ചൂരി. വോട്ട്ചോരി വിവാദം അടക്കമുള്ള വർത്തമാനകാലത്ത് ഉയ‍ർന്ന് വന്നിരിക്കുന്ന വിഷയങ്ങളിൽ ബിജെപിക്കെതിരെ നടത്തേണ്ടത് പ്രത്യയശാസ്ത്ര പോരാട്ടം കൂടിയാണെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷം എത്തിയിരിക്കുകയാണ്. തീവ്രഹിന്ദുത്വയുടെ രാഷ്ട്രീയ ലൈനിനെതിരെ സ്വീകരിക്കണമെന്ന് വ‍ർഷങ്ങൾക്ക് മുമ്പ് യെച്ചൂരി പറഞ്ഞ നിലപാടിലേയ്ക്ക് ഇന്ന് ഇന്ത്യയിലെ പ്രതിപക്ഷ സഖ്യം എത്തിയിരിക്കുകയാണ്. എന്നാൽ അതിന് ആശയപരവും ധിഷണാപരവുമായ നേതൃത്വം നൽകാൻ സീതാറാം യെച്ചൂരി ഇല്ലായെന്നത് ഇന്ത്യയിലെ ജനാധിപത്യ മതേതര വിശ്വാസികളെ സംബന്ധിച്ച് കനത്ത നഷ്ടമാണ്.

ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിട്ടപ്പോഴെല്ലാം പ്രത്യയശാസ്ത്ര ദൃഢതയോടെ പോരാടിയ സീതാറാം യെച്ചൂരിയുടെ ചിത്രം നമുക്ക് മുന്നിലുണ്ട്. അത് അടിയന്തരാവസ്ഥ കാലത്തായാലും പൗരാവകാശങ്ങളെല്ലാം റദ്ദ് ചെയ്ത് കശ്മീരിനെ വീട്ടുതടങ്കലിലാക്കിയപ്പോഴായാലും. ഈ ഘട്ടങ്ങളിൽ യെച്ചൂരിയുടെ ജനാധിപത്യ ബോധ്യം നടത്തിയ ഇടപെടലുകൾ ആർക്കാണ് മറക്കാൻ കഴിയുക. 370-ാം വകുപ്പ് റദ്ദാക്കുകയും കശ്മീരിൽ പൗരാവകാശങ്ങളെല്ലാം റദ്ദ് ചെയ്ത് പൊതുപ്രവർത്തകരെ വീട്ടുതടങ്കലിലാക്കുകയും ചെയ്ത ഘട്ടത്തിൽ നിലപാട് മയിലെണ്ണ തേച്ച് വളയ്ക്കാവുന്ന പച്ച ഈർക്കിലി അല്ലെന്ന് അസന്നിഗ്ധമായി രാജ്യത്തെ ബോധ്യപ്പെടുത്തിയ യെച്ചൂരിയെ നമ്മൾ കണ്ടതാണ്.

സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗമായിരുന്ന മുഹമ്മദ് യൂസഫ് തരി​ഗാമിയെ വീട്ടുതടങ്കലിലാക്കിയതിനെ രാജ്യം ച‍ർച്ച ചെയ്യുന്ന ഒരു രാഷ്ട്രീയ വിഷയമാക്കി മാറ്റാൻ യെച്ചൂരിക്ക് സാധിച്ചത് പ്രത്യയശാസ്ത്രപരമായി അദ്ദേഹത്തിനുണ്ടായിരുന്ന കരുത്തിനെയാണ് വരച്ചിട്ടത്. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന മുഹമ്മദ് യൂസഫ് തരി​ഗാമിയുടെ വിവരങ്ങളിൽ വ്യക്തത തേടി സീതാറാം യെച്ചൂരി സുപ്രീം കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി രാജ്യത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രധാനമാണ്. നിരവധി രാഷ്ട്രീയ പാ‍ർട്ടികളുടെ നേതാക്കൾ ഈ നിലയിൽ കശ്മീരിൽ ആ ഘട്ടത്തിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്നു. എന്നാൽ ഭരണഘടനാ വിരുദ്ധമായ ഒരു സമീപനത്തിൻ്റെ പൊള്ളത്തരങ്ങൾ ഭരണഘടനാപരമായി കൈകാര്യം ചെയ്യാനും അത് രാഷ്ട്രീയചർച്ചയാക്കി മാറ്റാനും ആ ഘട്ടത്തിൽ മുന്നോട്ട് വന്നത് സീതാറാം യെച്ചൂരി മാത്രം ആയിരുന്നു.

CPM leader Mohd Yusuf Tarigami was kept under detention “with no legal charges”, his Z+ security vehicles withdrawn and personnel guarding him were “instructed” not to allow him or his family to move out or allow others entry to his residence, party General Secretary Sitaram Yechury's affidavit in Supreme Court has said.
സീതാറാം യെച്ചൂരിയും മുഹമ്മദ് യൂസഫ് തരിഗാമിയും

കോർപ്പസ് ഹർജിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ യെച്ചൂരിക്ക് കോടതി അനുവാദം നൽകി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന കോടതി നിലപാടിനെതിരെ ആ ഘട്ടത്തിൽ വിമ‍ർശനം ഉയ‍ർന്നിരുന്നു. എന്നാൽ രണ്ട് വ്യക്തികൾ പരസ്പരം രാഷ്ട്രീയം സംസാരിക്കണമെന്നില്ല ചില വിഷയങ്ങളിലെ രാഷ്ട്രീയം പൊതുസമൂഹം ഏറ്റെടുക്കാൻ എന്ന് കൂടിയാണ് തുട‍ർന്ന് രാജ്യത്തിന് ബോധ്യപ്പെട്ടത്. കോടതിയുടെ ഉത്തരവിൽ തരി​ഗാമിയെ കണ്ടു മടങ്ങാനുള്ള സമയക്ലിപ്തത വ്യക്തമാക്കപ്പെട്ടിരുന്നില്ല. തരി​ഗാമിയെ കണ്ട് ചായ കുടിച്ച് സൗഖ്യം പറഞ്ഞ് യെച്ചൂരി മടങ്ങുമെന്നായിരുന്നിരിക്കണം കോടതിയും പ്രതീക്ഷിച്ചിരിക്കുക. രാഷ്ട്രീയം പറയതുതെന്നും കോടതി വ്യവസ്ഥ വെച്ചിരുന്നു! ചായ കുടിച്ച് തിരിച്ചു പോരുകയല്ല തന്റെ ആഗമന ഉദ്ദേശ്യമെന്ന് ഭരണകൂടത്തെയും രാജ്യത്തെയും ബോധ്യപ്പെടുത്താൻ യെച്ചൂരിക്ക് സാധിച്ചു. തരി​ഗാമിയെ കാണാൻ വന്നത് ഉടനെ മടങ്ങാനല്ല എന്ന യെച്ചൂരിയുടെ നിലപാടിലൂടെ കശ്മീരിലെ പൗരാവകാശ ലംഘനങ്ങൾ ആ മണിക്കൂറുകളിൽ രാജ്യം ചർച്ച ചെയ്തു. യെച്ചൂരിയും തരി​ഗാമിയും ഇരുന്ന മുറിയിലായിരുന്നില്ല അന്ന് രാഷ്ട്രീയം ച‍ർച്ചയായത്, മറിച്ച് കശ്മീ‍ർ മുതൽ കന്യാകുമാരി വരെയുള്ള ജനാധിപത്യ വിശ്വാസികളുടെ ഇടങ്ങളിലായിരുന്നു.

കൂടിക്കാഴ്ചയിൽ തരിഗാമിയോട് വ്യക്തിപരമായ ക്ഷേമകാര്യങ്ങളും, ആരോഗ്യസ്ഥിതിയും മാത്രമേ പറയാവൂ എന്നായിരുന്നു കോടതി നിർദ്ദേശം. രാഷ്ട്രീയ കാര്യങ്ങൾ പറയരുതെന്നാണ് ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. കൂടിക്കാഴ്‌ചയിൽ യെച്ചൂരി തരിഗാമിയോട് രാഷ്ട്രീയം സംസാരിച്ചാൽ കോടതി അലക്ഷ്യമാകുമെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പ്രമുഖരായ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കാശ്മീരിൽ വീട്ടുതടങ്കലിലായിരുന്നു. എന്നാൽ കശ്മീരിലേയ്ക്ക് കോടതി ഉത്തരവോടെ ആണെങ്കിലും പ്രവേശിക്കാനും സഞ്ചരിക്കാനും സാധിച്ച ആദ്യ രാഷ്ട്രീയ നേതാവായി അന്ന് സീതാറാം യെച്ചൂരി മാറി. വീട്ടുതടങ്കലിലായ തരിഗാമിയെ നേരിൽ കാണാനും യെച്ചൂരിക്ക് കഴിഞ്ഞു. യെച്ചൂരി കശ്മീരിൽ ചെന്ന് തരിഗാമിയോട് രാഷ്ട്രീയം പറയാതെ വെറുതെ സൗഖ്യം അന്വേഷിച്ചു മടങ്ങുന്നതിൽ എന്താണ് അപകടം അത് കൊണ്ട് എന്താണ് പ്രയോജനം എന്നെല്ലാം ഒരു കൂട്ടർ ചിന്തിക്കുകയും പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയം എന്നത് പരസ്പരമുള്ള ആശയ വിനിമയ ഭാഷയ്ക്ക് ഉപരിയായ ഒരു നിലപാടിന്റെ കാർക്കശ്യമാണെന്ന് ഇക്കൂട്ടർ മറന്നു. അല്ലെങ്കിൽ അത് തിരിച്ചറിയാനോ ഉൾക്കൊള്ളാനോ ഉള്ള ആശയപരമായ കരുത്ത് ഇക്കൂട്ടരുടെ രാഷ്ട്രീയത്തിന് ഇല്ലാതെ പോയി.

Former Jammu and Kashmir legislator Mohammed Yousuf Tarigami and his family including grand children are under de facto house arrest, said Communist Party of India-Marxist (CPI-M) General Secretary Sitaram Yechury in an affidavit, filed in the Supreme Court on Thursday.

വീട്ടുതടങ്കലിൽ കഴിയുന്ന തരിഗാമിക്കൊപ്പം ഒരു രാത്രി ചിലവിട്ട് പിറ്റേന്നേ മടങ്ങു എന്ന നിലപാട് യെച്ചൂരി സ്വീകരിച്ചു. സന്ദർശനത്തിന് സമയക്ലിപ്തത നിശ്ചയിക്കാത്തതിനാൽ സാങ്കേതികമായി യെച്ചൂരിയെ തടയാനും കഴിയുമായിരുന്നില്ല. ഒന്നോ രണ്ടോ മണിക്കൂറിൽ തീരുമെന്ന് ഭരണകൂടം പ്രതീക്ഷിച്ച ഒരു കൂടിക്കാഴ്ചയെ ഒരു രാവിരുണ്ട് വെളുക്കുന്നത് വരെ നീട്ടിയത് വാചാലമായ രാഷ്ട്രീയ ആശയ വിനിമയത്തേക്കാൾ എത്ര ശക്തമായ രാഷ്ട്രീയ സാധ്യതകളാണ് തുറന്നിട്ടത്. പരസ്പരം രാഷ്ട്രീയം പറയാതെ ഒരു രാവിരുണ്ട് വെളുക്കുന്നത് വരെ യെച്ചൂരിയും തരിഗാമിയും ഒരുമിച്ച് കഴിച്ചുകൂട്ടിയപ്പോൾ അതിന്റെ പേരിൽ ആ സമയമത്രയും ഒരു രാജ്യം ശക്തമായി രാഷ്ട്രീയം പറയുകയായിരുന്നു. ഭാവിയിൽ ശക്തമായി പറയേണ്ട രാഷ്ട്രീയത്തിന്റെ ഊർജ്ജം സംഭരിക്കുകയായിരുന്നു. രാഷ്ട്രീയം പറയരുതെന്ന തിട്ടൂരത്തിന് മുന്നിൽ അതിനെ മാനിച്ചു കൊണ്ട് രാഷ്ട്രീയത്തെ എങ്ങനെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കാമെന്ന നിശ്ചയദാർഢ്യം യെച്ചൂരി പ്രകടമാക്കി. നാവു ബന്ധിക്കുന്ന വിധേയത്വ കാലത്ത് നാവനക്കാതെയും രാഷ്ട്രീയം പ്രതിഫലിപ്പിക്കാമെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുകയായിരുന്നു യെച്ചൂരി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമല്ല തീവ്രഹിന്ദുത്വയുടെ രാഷ്ട്രീയ ആശയത്തെ നേരിടേണ്ടതെന്നും ആശയപരമായി കൂടിയാണ് ആ ദൗത്യം നിർവ്വഹിക്കേണ്ടതെന്നുമുള്ള തൻ്റെ നിലപാടിനെ പ്രായോ​ഗിക ഇടപെടലിലൂടെ വ്യക്തമാക്കുകയായിരുന്നു ഈ കശ്മീ‍‍ർ സന്ദർശനത്തിലൂടെ യെച്ചൂരി ചെയ്തത്.

ജനാധിപത്യത്തിൻ്റെ മേൽ ഏകാധിപത്യത്തിൻ്റെ കറുത്ത നിഴൽ വീണ അടിയന്തരാവസ്ഥാ കാലത്തും ഈ നിലയിൽ പ്രതികരിച്ച ഒരു യെച്ചൂരി നമുക്ക് മുന്നിലുണ്ട്. അടിയന്തരാവസ്ഥാ കാലത്ത് അരങ്ങേറിയ ന​ഗ്നമായ ജനാധിപത്യ ലംഘനങ്ങളുടെ കുറ്റപത്രം ഇന്ദിരാ ​ഗാന്ധിയുടെ മുഖത്ത് നോക്കി വായിച്ച് കേൾപ്പിച്ച സീതാറാം യെച്ചൂരിയെ കാലമെത്ര കഴിഞ്ഞാലും ആ‍ർക്കാണ് മറക്കാനാവുക. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ചാൻസല‍ർ സ്ഥാനത്ത് തുടരുന്ന ഇന്ദിരാ ​ഗാന്ധിക്കെതിരായി ജെഎൻയു വിദ്യാ‍ത്ഥികൾ പ്രതിഷേധ മാ‍ർച്ച് സംഘടിപ്പിച്ചു. ഇന്ദിരാ ​ഗാന്ധിയുടെ വസതിയിലേയ്ക്ക് നടന്ന ആ മാ‍ർച്ചിന് നേതൃത്വം നൽകിയത് സീതാറാം യെച്ചൂരിയായിരുന്നു. അടിയന്തരാവസ്ഥ കാലത്തെ ക്രിമിനലുകൾ എന്ന മുദ്രാവാക്യം മുഴക്കിയെത്തിയ ആ വിദ്യാ‍ർത്ഥി സംഘത്തിന് മുന്നിലേയ്ക്ക് ഇന്ദിരാ ​ഗാന്ധി ഇറങ്ങി വന്നു. ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന ഇന്ദിരയുടെ മുന്നിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന കുറ്റപത്രം സധൈര്യം സീതാറാം യെച്ചൂരി വായിച്ചു. അടിയന്തിരാവസ്ഥ കാലത്ത് അരങ്ങേറിയ ജനാധിപത്യ വിരുദ്ധമായ ക്രൂരതകൾ ഇന്ദിരാ ​ഗാന്ധിയുടെ മുഖത്ത് നോക്കി അക്കമിട്ട് വിളിച്ച് പറഞ്ഞു. ചിരിച്ച് കൊണ്ട് ഇറങ്ങി വന്ന ഇന്ദിരാ ​ഗാന്ധി മ്ലാനവദനയായി മടങ്ങി. അപ്പോഴും ആ മെമ്മോറാണ്ടത്തിൽ എഴുതിയവ പ‍ൂർണ്ണമായി വായിച്ചു കഴിഞ്ഞിരുന്നില്ല. എന്തായാലും പിന്നാലെ ഇന്ദിരാ ​ഗാന്ധി ചാൻസല‍ർ പദവി രാജിവെച്ചത് ചരിത്രം.

ഭരണഘടനാ വിരുദ്ധമായി ഭരണകൂടം മുന്നോട്ട് പോകുമ്പോൾ രണ്ട് കാലങ്ങളിൽ സീതാറാം യെച്ചൂരി പ്രകടിപ്പിച്ച ആശയപരമായ ദൃഢതയോട് കൂടിയ പോരാട്ടവീര്യത്തെ ബോധ്യപ്പെടുത്തുന്ന രണ്ട് സംഭവങ്ങളാണ് മുകളിൽ ചൂണ്ടിക്കാണിച്ചത്. ഇന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്ന് പോകുന്നുവെന്ന് നിരന്തരം ആവർത്തിച്ചിരുന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടനയെയും അതിൻ്റെ മതേതര ജനാധിപത്യ കാഴ്ചപ്പാടിനെയും അട്ടിമറിക്കാനുള്ള ഏത് നീക്കത്തെയും ആശയപരമായി ചെറുക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവായിരുന്നു സീതാറാം യെച്ചൂരി. അതിനാൽ തന്നെ സീതാറാം യെച്ചൂരിയുടെ ആദ്യ ചരമവാർഷികം അദ്ദേഹത്തിൻ്റെ ഊഷ്മളമായ ഓർമ്മകൾ കൊണ്ടും അദ്ദേഹത്തിൻ്റെ നികത്താനാവാത്ത അസാന്നിധ്യം കൊണ്ടും ഒരേ സമയം ഹൃദയഹാരിയും ഹൃദയഭേദകവുമാണ്.

Content Highlights- Sitaram Yechury who advocated for the Constitution and secular democracy

dot image
To advertise here,contact us
dot image