'ലക്ഷ്യമിട്ട ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടില്ല'; ദോഹയിലെ ആക്രമണം പരാജയമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍

ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി ഹമാസ് നേതാക്കൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിയോ എന്നത് ഇസ്രയേൽ പരിശോധിക്കും

'ലക്ഷ്യമിട്ട ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടില്ല'; ദോഹയിലെ ആക്രമണം പരാജയമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍
Ben Jack
2 min read|12 Sep 2025, 08:58 am
dot image

തെൽഅവീവ്: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോർട്ട്. ഇസ്രയേൽ ലക്ഷ്യംവെച്ചവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

ഖത്തറിലെ ഓപ്പറേഷനിലൂടെ ഇസ്രയേൽ ലക്ഷ്യംവെച്ച ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 12 വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം ആക്രമണത്തിൽ ഒന്നോ രണ്ടോ പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രയേലെന്നും എന്നാൽ അത് പോലും സംശയാസ്പദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ദോഹയിൽ നടത്തിയ ആക്രമണത്തിൽ വേണ്ടത്ര സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചിരുന്നുവോ എന്നും ഉപയോഗിച്ചവ കൃത്യമായി പ്രവർത്തിച്ചോ എന്നും ഇസ്രയേൽ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി ഹമാസ് നേതാക്കൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിയോ എന്നതും ഇസ്രയേൽ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടിലുണ്ട്.

ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഖത്തർ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭീരുത്വ പൂർണമായ സമീപനമാണ് ഇസ്രയേൽ നടത്തിയതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയതെന്നും ഖത്തർ പറഞ്ഞിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ഖത്തർ.

Content Highlights: Israel Security Establishment said to believe Doha Strike failed to kill targets

dot image
To advertise here,contact us
dot image